Connect with us

Kerala

'ഓപറേഷന്‍ സുതാര്യത': വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സിന്റെ സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന

വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍ ഐ പി എസിന്റെ ഉത്തരവ് പ്രകാരം നടത്തുന്ന മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും പങ്കെടുക്കുന്നുണ്ട്.

Published

|

Last Updated

പത്തനംതിട്ട | ഇ-ഡിസ്ട്രിക്ട് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം വേണ്ടവിധം പ്രവര്‍ത്തിക്കുന്നില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സിന്റെ സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന. അഴിമതി തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യമാക്കുന്നതിനും വില്ലേജ് ഓഫീസുകളില്‍ നേരിട്ട് പോകാതെ തന്നെ പൊതുജനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ക്കും രേഖകള്‍ക്കും വേണ്ടിയുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനുമായുമാണ് സംസ്ഥാന റവന്യു വകുപ്പ് ഇ-ഡിസ്ട്രിക്ട് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം സംവിധാനിച്ചിട്ടുള്ളത്. എന്നാല്‍, പൊതുജനങ്ങള്‍ക്ക് ഏറെ ഉപയോഗപ്രദമായ ആ സംവിധാനം വേണ്ട വിധത്തില്‍ ഉപയോഗിക്കപ്പെടുന്നില്ല എന്ന രഹസ്യ വിവരം വിജിലന്‍സിനു ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ തിരഞ്ഞെടുത്ത വില്ലേജ് ഓഫീസുകളില്‍ ”ഓപ്പറേഷന്‍ സുതാര്യത” എന്ന പേരില്‍ സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന നടത്തുന്നത്.

സംസ്ഥാനത്ത് പല വില്ലേജ് ഓഫീസുകളിലും ഇപ്രകാരം വിവിധ അപേക്ഷകള്‍ അണ്ടര്‍ റീ-വെരിഫിക്കേഷന്‍/ അണ്ടര്‍ എക്‌സ്ട്രാ വെരിഫിക്കേഷന്‍/റിട്ടേണ്‍ഡ് എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി നടപടികള്‍ സ്വീകരിക്കാതെ മാറ്റിവെച്ചിട്ടുള്ളതായി അറിവായിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ 13 വില്ലേജ് ഓഫീസുകളിലും, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ ഏഴ് വീതവും ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ആറ് വീതവും പത്തനംതിട്ട ജില്ലയിലെ അഞ്ച് വീതവും ആലപ്പുഴ, വയനാട് ജില്ലകളില്‍ നാലു വീതവും കാസര്‍കോട് ജില്ലയില്‍ മൂന്ന് വീതവുമായി ആകെ 88 വില്ലേജ് ഓഫീസുകളിലാണ് ഒരേസമയം മിന്നല്‍ പരിശോധന നടത്തി വരുന്നത്.

വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍ ഐ പി എസിന്റെ ഉത്തരവ് പ്രകാരം നടത്തുന്ന മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും പങ്കെടുക്കുന്നുണ്ട്. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്നതിലോ 8592900900 എന്നതിലോ വാട്‌സ് ആപ് നമ്പറായ 9447789100 എന്നതിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ടി കെ വിനോദ് കുമാര്‍ ഐ പി എസ് അഭ്യര്‍ഥിച്ചു.

 

---- facebook comment plugin here -----

Latest