Connect with us

Kerala

ഓപ്പറേഷന്‍ തൂഫാന്‍: ജയിലുകളില്‍ പരിശോധന; തിരുവനന്തപുരത്ത് കഞ്ചാവും കണ്ണൂരില്‍ ഹാഷിഷ് ഓയിലും പിടികൂടി

തിരുവനന്തപുരം, കണ്ണൂര്‍, വിയ്യൂര്‍, തവനൂര്‍ ജയിലുകളില്‍ ആണ് പരിശോധന നടത്തിയത്.

Published

|

Last Updated

തിരുവനന്തപുരം |  ഓപ്പറേഷന്‍ തുഫാന്റെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളില്‍ പോലീസ് പരിശോധന. തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലര്‍ച്ചെ അവസാനിച്ചു. പൂജപ്പുര ജയിലില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പൊതികള്‍ കണ്ടെത്തി. ഇതിന് പുറമെ കത്തിയും സിഗരറ്റുകളും കണ്ടെത്തി. തിരുവനന്തപുരം, കണ്ണൂര്‍, വിയ്യൂര്‍, തവനൂര്‍ ജയിലുകളില്‍ ആണ് പരിശോധന നടത്തിയത്.

ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന നടന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും കഞ്ചാവ് പിടികൂടി. ഹാഷിഷ് ഓയിലും, മൊബൈല്‍ ചാര്‍ജറും കണ്ടെത്തി. ആറാം ബ്ലോക്കില്‍ നിന്നാണ് പിടികൂടിയത്. ഒന്നാം ബ്ലോക്കില്‍ നിന്ന് ബീഡികളും കണ്ടെത്തി. ജയില്‍ സൂപ്രണ്ട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇന്നലെ 58 കേസുകളിലായി 62 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8215 ആയി ഉയര്‍ന്നു. ആകെ 8835 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 6675 ഗ്രാം എം ഡി എം എയും 754 കി.ഗ്രാം കഞ്ചാവും 295.057 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.

Content Highlights: Police conducted extensive raids across major Kerala jails under Operation Thoofan, seizing ganja, knives, and hashish oil from Poojappura and Kannur facilities. Total arrests under the state-wide drive have reached 8,835 across 8,215 registered cases, yielding major contraband seizures.