Connect with us

Kerala

ഓപ്പറേഷന്‍ ആഗ്: സംസ്ഥാന വ്യാപക റെയ്ഡില്‍ 2,507 സാമൂഹിക വിരുദ്ധര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് മാത്രം പിടിയിലായത് 333 പേര്‍. 3501 പരിശോധന, 1673 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Published

|

Last Updated

തിരുവനന്തപുരം| വിവിധയിടങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന ഗുണ്ടാ- ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായി ‘ഓപ്പറേഷന്‍ ആഗ്’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഗുണ്ടകളും ക്വട്ടേഷന്‍ അംഗങ്ങളുമുള്‍പ്പെടെ 2,507 സാമൂഹിക വിരുദ്ധരെ പോലീസ് അറസ്റ്റ് ചെയ്തു.

പരിശോധനയില്‍ തലസ്ഥാന ജില്ലയില്‍ നിന്ന് മാത്രം 333 ക്രിമിനലുകളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നഗര പരിധിയില്‍ നിന്ന് 63 പേരും തിരുവനന്തപുരം റൂറലില്‍ 270 പേരുമാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംസ്ഥാന വ്യാപകമായി വിവിധയിടങ്ങളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് രണ്ടായിരത്തി അഞ്ഞൂറിലധികം ക്രിമിനലുകളെ പോലീസ് പിടികൂടിയത്.

ഗുണ്ടാ നിയമപ്രകാരം നടപടിയെടുക്കാന്‍ ഉത്തരവുണ്ടായിട്ടും ഒളിവില്‍ കഴിഞ്ഞിരുന്ന അനൂപ് ആൻ്റണി, അന്തര്‍ സംസ്ഥാന മോഷ്ടാവ് ജാഫര്‍ എന്നിവരുള്‍പ്പെടെയാണ് തിരുവനന്തപുരത്ത് പിടിയിലായിത്.  കോഴിക്കോട് ജില്ലയില്‍ നിന്ന് 272 പേരെ അറസ്റ്റ് ചെയ്തു.  അറസ്റ്റിലായവരില്‍ എട്ട് പേര്‍ സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുളളികളുമാണ്. പരിശോധനക്കിടെ മാറാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഒരു ക്വട്ടേഷന്‍ സംഘത്തെയും പോലീസ് പിടികൂടിയിരുന്നു.

പിടിയിലായവരുടെ വിശദമായ വിവരശേഖരണം നടത്തിയ ശേഷമായിരിക്കും ഇവര്‍ക്കെതിരായ തുടര്‍ നടപടികള്‍ സംബന്ധിച്ച കാര്യങ്ങളില്‍  തീരുമാനമെടുക്കുക.

കോഴിക്കോട് റൂറല്‍ പരിധിയില്‍ 143 പേര്‍ കരുതല്‍ തടങ്കലിലാണ്. ഇവരില്‍ 26 പേര്‍ വാറണ്ട് പ്രതികകളും 13 പേര്‍ പിടികിട്ടാപുള്ളികളുമാണ്. ഒപ്പം സാമൂഹിക വിരുദ്ധരും ലഹരികേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. കോട്ടയത്ത് നേരത്തെ കാപ്പാ ചുമത്തി നാടുകടത്തപ്പെട്ട അഞ്ച് ഗുണ്ടകള്‍  ഉള്‍പ്പെടെ 154 ക്രിമിനലുകളെ കരുതല്‍ തടങ്കലിലാക്കി. തൃശ്ശൂര്‍ റൂറലില്‍ 92 പേരെ കരുതല്‍ തടങ്കലിലാക്കി. വാറണ്ട് പ്രതികളില്‍ 37 പേരെ കസ്റ്റഡിയിലെടുത്തു.

അതേസമയം, മിന്നല്‍ പരിശോധനക്ക് പുറമെ പാലക്കാട് ജില്ലയില്‍ നടന്ന സ്‌പെഷ്യല്‍ ഡ്രൈവിൻ്റെ ഭാഗമായി 165ഓളം വീടുകളില്‍ പോലീസ് സംഘം പ്രത്യേക പരിശോധന നടത്തി. 137 പേരെ കസ്റ്റഡിയിലെടുത്തു. ഇവിടെ 130 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പാലക്കാട്ട് പ്രത്യേക യോഗം ചേര്‍ന്ന് ജില്ലയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക പരിശോധന നടത്തിയത്.

പത്തനംതിട്ടയില്‍ 32 പേരെയാണ് അറസ്റ്റ് ചെയതത്. പിടിയിലായവരുടെ നിലവിലെ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ വിശദമായി രേഖപ്പെടുത്തുകയും മൊബൈല്‍ ഫോണ്‍ അടക്കം വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചിലരെ വിട്ടയച്ചിട്ടുണ്ട്.

വിശദവിവരങ്ങള്‍: ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുളള അറസ്റ്റ് എന്ന ക്രമത്തില്‍.

തിരുവനന്തപുരം (സിറ്റി) 22, 63

തിരുവനന്തപുരം (റൂറല്‍)   217 270

കൊല്ലം (സിറ്റി) 30 51

കൊല്ലം (റൂറല്‍)  104 110

പത്തനംതിട്ട  0 32

ആലപ്പുഴ  64 134

കോട്ടയം 9 133

ഇടുക്കി  0 99

എറണാകുളം (സിറ്റി)  49 105

എറണാകുളം (റൂറല്‍ ) 37 107

തൃശൂര്‍ (സിറ്റി)  122 151

തൃശൂര്‍ (റൂറല്‍)  92 150

പാലക്കാട്  130 168

മലപ്പുറം  53 168

കോഴിക്കോട് (സിറ്റി)    69 90

കോഴിക്കോട് (റൂറല്‍) 143 182

വയനാട്  109 112

കണ്ണൂര്‍ (സിറ്റി)  130 136

കണ്ണൂര്‍ (റൂറല്‍) 127 135

കാസര്‍കോട്  85 111