Connect with us

oommen chandy

ആരോഗ്യനിലയെ കുറിച്ച് വസ്തുതാവിരുദ്ധ വാർത്തകളെന്ന് ഉമ്മൻ ചാണ്ടി

ലോകത്തിലെ മികച്ച വൈദ്യശാസ്ത്രത്തിന്റെ നിർദേശാനുസരണമാണ് ചികിത്സ മുന്നോട്ട് പോകുന്നത്.

Published

|

Last Updated

തിരുവനന്തപുരം | ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളിൽ നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ഏറെ ഖേദം ഉണ്ടെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായ ഉമ്മൻ ചാണ്ടി. ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് കുടുംബവും പാർട്ടിയും ചികിത്സയുമായി മുന്നോട്ട് പോകുന്നത്. എന്റെ രോഗവും ചികിത്സയും സംബന്ധിച്ച് എനിക്കും കുടുംബത്തിനും വ്യക്തമായ ബോധ്യമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതുകൊണ്ട്, ഒരാൾക്കെതിരെയും നടത്താൻ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. ഇപ്പോൾ നടക്കുന്ന ദുഷ്പ്രചാരണം എനിക്കും കുടുംബാംഗങ്ങൾക്കും വലിയ മാനസിക പ്രയാസമാണ് സൃഷ്ടിക്കുന്നത്. താനിപ്പോഴും കർമ്മമണ്ഡലത്തിൽ തന്നെ സജീവമായി ഉണ്ട്. മരുന്ന് കഴിക്കുന്നതിന്റെ ക്ഷീണം ശരീരത്തെ അലട്ടുന്നുണ്ട്. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണ്.

ലോകത്തിലെ മികച്ച വൈദ്യശാസ്ത്രത്തിന്റെ നിർദേശാനുസരണമാണ് ചികിത്സ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ഇതിന് പിന്നിൽ അറിഞ്ഞോ അറിയാതെയോ ഇടപെട്ടിട്ടുള്ളവർ ഇനിയെങ്കിലും ഇത്തരം പ്രചരണങ്ങളിൽ നിന്നും പിന്തിരിയണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

പിതാവിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നതെന്ന് മകൻ ചാണ്ടി ഉമ്മനും പറഞ്ഞു. ജർമനിയിലെ ലേസർ സർജറിക്ക് ശേഷം ബെംഗളൂരുവിൽ ഡോ.വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്. അദ്ദേഹം നിർദേശിച്ച മരുന്നുകളാണ് ഇപ്പോഴും നൽകിക്കൊണ്ടിരിക്കുന്നത്. മരുന്നും ഭക്ഷണ ക്രമവും ഫിസിയോതെറാപ്പിയും സ്പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സ രീതിയാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്.

നവംബർ 22 മുതൽ ചികിത്സയിൽ തന്നെയാണ്. ഡിസംബർ 26നും ജനുവരി 18നും ബാംഗ്ലൂരിൽ എത്തുകയും കൃത്യമായ റിവ്യൂ നടക്കുകയും ചെയ്തിരുന്നു. അടുത്ത റിവ്യൂന് സമയമായിട്ടുണ്ട്. വീട്ടിൽ കാര്യങ്ങൾ കൂടി ആലോചിച്ച് അടിയന്തരമായി ബെംഗളൂരുവിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Latest