Business
ഓൺലൈനിൽ മഹാവിൽപ്പന മേള; പണികിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...
മഹാവിൽപ്പന മേളകളിൽ കണ്ണുംപൂട്ടി എന്തെങ്കിലും ഓർഡർ ചെയ്യുമ്പോൾ അത് വിൽക്കുന്ന സെല്ലറുടെ സ്വഭാവം കൂടി ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ആമസോണും ഫ്ലിപ്കാർട്ടുമൊന്നും നേരിട്ടല്ല സാധനങ്ങൾ വിൽക്കുന്നത്. വിവിധ സെല്ലർമാർ വഴിയാണ് വിൽപ്പന. വ്യാപാരികൾക്ക് സാധനങ്ങൾ വിൽക്കാനുള്ള പ്ലാറ്റ്‌ഫോം മാത്രമാണ് ഓൺലൈൻ സൈറ്റുകൾ.
		
      																					
              
              
            ഇ കൊമേഴ്‌സ് സൈറ്റുകളിൽ മഹാവിൽപ്പന മേളകൾ പൊടിപൊടിക്കുകയാണ്. ഫ്ലിപ്പ്‌കാർട്ടിൽ ഗ്രേറ്റസ്‌റ്റ് ഓഫ് ഓൾ ടൈം, മിൻത്രയിൽ സൂപ്പർ സേവർ സെയിൽ, ആമസോണിൽ പ്രൈം ഡേ സെയിൽ എന്നിങ്ങനെ ഓഫർ സെയിലുകളുടെ കാലമാണ്. 40 ശതമാനം മുതൽ 80 ശതമാനം വരെ വിലക്കിഴിൽ ഉൽപ്പന്നങ്ങൾ ലഭിക്കുമ്പോൾ ഇഷ്‌ടപ്പെട്ടവ വാങ്ങാൻ കാത്തിരിക്കുന്നവർ ഏറെ. പ്രധാനമായും സ്മാർട്ട്ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാനാണ് ആളുകൾ ഇത്തരം ഓൺലൈൻ വിൽപനമേളകൾ ഉപയോഗപ്പെടുത്തുന്നത്.
എന്നാൽ, ഇത്തരം ഓഫർ സെയിലുകളിൽ സാധനങ്ങൾ വാങ്ങുന്നതിന് മുമ്പായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വിൽപ്പനക്കാരനെ ശ്രദ്ധിക്കാം
മഹാവിൽപ്പന മേളകളിൽ കണ്ണുംപൂട്ടി എന്തെങ്കിലും ഓർഡർ ചെയ്യുമ്പോൾ അത് വിൽക്കുന്ന സെല്ലറുടെ സ്വഭാവം കൂടി ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ആമസോണും ഫ്ലിപ്കാർട്ടുമൊന്നും നേരിട്ടല്ല സാധനങ്ങൾ വിൽക്കുന്നത്. വിവിധ സെല്ലർമാർ വഴിയാണ് വിൽപ്പന. വ്യാപാരികൾക്ക് സാധനങ്ങൾ വിൽക്കാനുള്ള പ്ലാറ്റ്‌ഫോം മാത്രമാണ് ഓൺലൈൻ സൈറ്റുകൾ. അതിനാൽ ഏതൊരു സാധനവും ഓർഡർ ചെയ്യുമ്പോൾ അത് വിൽക്കുന്ന സെല്ലർക്ക് ലഭിച്ച റേറ്റിങ്ങും കൂടി പരിശോധിക്കുക. കുറഞ്ഞത് മൂന്ന് സ്റ്റാറെങ്കിലും ഉള്ള സെല്ലറിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങുക.
ഇഷ്ടിക കഷ്ണം കിട്ടാതെ നോക്കാം
‘ഐഫോൺ ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് ഇഷ്ടിക’ – ഇതുപോലുള്ള വാർത്തകൾ നമ്മൾ പലപ്പോഴായി കേട്ടിട്ടുണ്ട്. ഇതൊഴിവാക്കാനാണ് ഫ്ലിപ്കാർട്ട് ഡെലിവറി ചെയ്യുന്ന സമയത്ത് തന്നെ അൺബോക്സ് ചെയ്യുന്ന സംവിധാനം കൊണ്ടുവന്നത്. എന്നാൽ, ചിലർ അതിന് മുതിരാറില്ല. പരമാവധി സാധനം കിട്ടിയ ഉടനെ, ഡെലിവറി ചെയ്ത ആളുടെ മുന്നിൽ വെച്ച് തുറന്നു നോക്കാൻ ശ്രദ്ധിക്കുക, അല്ലെങ്കിൽ, അൺബോക്സ് ചെയ്യുമ്പോൾ തുടക്കം മുതൽ ഒടുക്കം വരെ വീഡിയോ പകർത്തുക.
പരിശോധന മസ്റ്റ്
ഓഫർ സെയിലുകൾ ഉപയോഗിച്ച് സ്റ്റോക് തീർക്കാൻ നോക്കുന്ന വിരുതൻമാരും കാണും. അതുകൊണ്ട് തന്നെ മുമ്പ് ഫ്ലിപ്കാർട്ടിൽ ഓർഡർ ചെയ്ത്, പ്രശ്നങ്ങൾ കാരണം റിട്ടേൺ ചെയ്ത ഫോണുകളും മറ്റും വീണ്ടും തിരിച്ചുവരാൻ സാധ്യതയുണ്ട്. സാധനം എന്തുമായിക്കോട്ടെ, കൈയ്യിലെത്തിയാൽ നിർബന്ധമായും അടിമുടി പരിശോധിക്കുക.
വേണ്ടത് മാത്രം വാങ്ങാം
ഓൺലൈൻ ഷോപ്പിങ്ങിന് കയറിയാൽ എത്തിച്ചേരുന്നത് അന്വേഷിച്ച സാധനത്തിലായിരിക്കില്ല. 70ഉം 80ഉം ശതമാനം ഓഫർ കണ്ടാൽ അത് വാങ്ങിയാലോ എന്നാകും ചിന്ത. എന്നാൽ പിന്നീട് വീടിന്റെ മൂലയിലാകും. എന്തുമായിക്കോട്ടെ, ആവശ്യമുണ്ടെങ്കിൽ മാത്രം വാങ്ങുന്ന ശീലം വളർത്തിയെടുക്കുക.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
