Connect with us

Kerala

ബാണാസുര മലയിലെ വെടിയൊച്ചക്ക് ഒരാണ്ട്

മാവോയിസ്റ്റ് കീഴടങ്ങലും പുനരധിവാസവും ചർച്ചയാകുന്ന അവസരത്തിലാണ് വെടിവെപ്പിന് ഒരു വർഷം തികയുന്നത്.

Published

|

Last Updated

കൽപ്പറ്റ | വയനാട്ടിലെ പടിഞ്ഞാറത്തറക്കടുത്ത് ബാണാസുരമലയിൽ മാവോയിസ്റ്റ്- പോലീസ് ഏറ്റുമുട്ടലിൽ തമിഴ്‌നാട് തമിഴ്നാട് തേനി പെരിയകുളം സ്വദേശി വേൽമുരുകൻ (32) കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരാണ്ട്. മാവോയിസ്റ്റ് കീഴടങ്ങലും പുനരധിവാസവും ചർച്ചയാകുന്ന അവസരത്തിലാണ് വെടിവെപ്പിന് ഒരു വർഷം തികയുന്നത്. 2020 നവംബർ മൂന്നിന് രാവിലെയാണ് വയനാട് പടിഞ്ഞാറയിലെ ബാണാസുര വനമേഖലയിൽ മാവോയിസ്റ്റുകൾക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ കബനീ ദളത്തിലെ പ്രവർത്തകനായിരുന്ന വേൽമുരുകൻ കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടൽ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ആരോപണം ബലപ്പെടുത്തുന്ന തരത്തിൽ വേൽമുരുകന്റെ ശരീരത്തിൽ 44 മുറിവുകളുണ്ടെന്നും മരിച്ചതിന് ശേഷമാണ് തുടയെല്ല് പൊട്ടിയതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഭവ സ്ഥലത്തേക്ക് തിരിച്ച മാധ്യമ പ്രവർത്തകരെ പോലും മൂന്ന് കിലോമീറ്റർ ദൂരെയായി അന്ന് പോലീസ് തടഞ്ഞിരുന്നു. മാവോയിസ്റ്റുകളാണ് പോലീസിന് നേരെ ആദ്യം അക്രമം അഴിച്ചുവിട്ടതെന്നാണ് അന്നത്തെ വയനാട് എസ് പി ആയിരുന്ന ജി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞത്. മാനന്തവാടി എസ് ഐ ബിജു ആന്റണിയുടെ നേതൃത്വത്തിൽ തണ്ടർബോൾട്ട് സംഘം പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെയാണ് മാവോയിസ്റ്റുകൾ പോലീസിന് നേരെ വെടിയുതിർത്തതെന്നാണ് വിശദീകരണം. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് വയനാട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയും മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ, അന്വേഷണം നീളുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സാക്ഷികൾ, ബന്ധുക്കൾ, പൊതുജനങ്ങൾ എന്നിവർക്ക് തെളിവുകൾ ഹാജരാക്കാൻ അവസരം നൽകിയിരുന്നു.

മജിസ്റ്റീരിയൽ അന്വേഷണം പ്രഹസനം മാത്രമാണെന്നാണ് പോരാട്ടം കൺവീനർ ഷാന്റോ ലാൽ വ്യക്തമാക്കുന്നത്. കേസിൽ ശരിയായ അന്വേഷണം നടത്തി വസ്തുതകൾ പുറത്ത് കൊണ്ടുവരണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഏറ്റുമുട്ടലിലൂടെ എട്ട് മാവോയിസ്റ്റുകളാണ് ഈയിടെയായി കേരളത്തിൽ കൊല്ലപ്പെട്ടത്. 2016 നവംബർ 24ന് മലപ്പുറം ജില്ലയിലെ കരുളായി വനത്തിൽ നടന്ന ഏറ്റുമുട്ടലാണ് മാവോവാദികളുമായി കേരളത്തിലെ നടന്ന ആദ്യ ഏറ്റുമുട്ടൽ. തമിഴ്നാട് സ്വദേശികളായ സി പി ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗം കുപ്പു ദേവരാജും അജിതയും കരുളായിയിൽ കൊല്ലപ്പെട്ടിരുന്നു.

2019 മാർച്ച് ആറിന് ലക്കിടി ഉപവൻ റിസോർട്ടിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവായ സി പി ജലീൽ കൊല്ലപ്പെട്ടു. 2019ൽ തന്നെ, ഒക്ടോബർ 28, 29 തീയതികളിൽ പാലക്കാട് അട്ടപ്പാടിക്കടുത്ത് മഞ്ചിക്കണ്ടിയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. 28ന് നടന്ന വെടിവെപ്പിൽ തമിഴ്‌നാട് സ്വദേശികളായ രമ, കാർത്തി, കർണാടക സ്വദേശിയായ സുരേഷ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പരുക്കേറ്റവർക്കായി നടത്തിയ തിരച്ചിലിനിടെ വീണ്ടും വെടിവെപ്പ് ഉണ്ടാവുകയും തമിഴ്‌നാട് സ്വദേശിയായ മണിവാസകം കൊല്ലപ്പെടുകയും ചെയ്തു.

silpacsukumaran@gmail.com

Latest