Connect with us

Ongoing News

ഐ പി എൽ യു എ ഇയിലേക്കില്ല

ഇന്ത്യയിൽ തന്നെയെന്ന് ബി സി സി ഐ

Published

|

Last Updated

മുംബൈ | ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഐ പി എൽ 17ാം സീസണിന്റെ രണ്ടാം പാദ മത്സരങ്ങൾ യു എ ഇയിൽ നടത്തിയേക്കുമെന്ന റിപോർട്ടുകൾ തള്ളി ബി സി സി ഐ. വിദേശത്തേക്ക് മാറ്റില്ലെന്നും പൂർണമായി ഇന്ത്യയിൽ തന്നെ നടക്കുമെന്നും ബി സി സി ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.

ഐ പി എൽ രണ്ടാം പാദം യു എ ഇയിലേക്ക് മാറ്റുമെന്നും ഇതിന്റെ ഭാഗമായി ദുബൈയിലുള്ള ബി സി സി ഐ സംഘം ചർച്ച നടത്തിവരികയാണെന്നുമായിരുന്നു റിപോർട്ട്. വിസാ ആവശ്യത്തിനായി ചില ഫ്രാഞ്ചൈസികൾ കളിക്കാരോട് പാസ്സ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും റിപോർട്ടുണ്ടായിരുന്നു.

2009ൽ പൊതുതിരഞ്ഞെടുപ്പിനെ തുടർന്ന് ഐ പി എൽ പൂർണമായും ദക്ഷിണാഫ്രിക്കയിലാണ് നടന്നത്. 2014ൽ ഇതേ കാരണത്താൽ ആദ്യ പാദ മത്സരങ്ങൾ യു എ ഇയിലാണ് നടന്നത്. എന്നാൽ, 2019ലെ തിരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയിൽ തന്നെയായിരുന്നു ടൂർണമെന്റ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 ഐ പി എൽ യു എ ഇയിലാണ് നടന്നത്.

ഈ മാസം 22നാണ് ഈ ഐ പി എൽ സീസൺ ആരംഭിക്കുന്നത്. ചെന്നൈയിൽ ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. 21 മത്സരങ്ങൾ ഉൾപ്പെടുന്ന ആദ്യ ഘട്ട മത്സരങ്ങളാണ് ബി സി സി ഐ പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രിൽ 19ന് ആരംഭിച്ച് ജൂൺ ഒന്ന് വരെ ഏഴ് ഘട്ടങ്ങളിലായാണ് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

Latest