Connect with us

KPCC

പരസ്യ വിമർശം പാടില്ല; കെ മുരളീധരനും എം കെ രാഘവനും താക്കീത്

പാര്‍ട്ടിയില്‍ പരമ്പരാഗത ഗ്രൂപ്പുകള്‍ ദുര്‍ബലമായ സാഹചര്യത്തില്‍ സെമി കേഡര്‍ ആശയം നടപ്പാക്കുക താരതമ്യേന എളുപ്പമാകുമെന്നാണ് കെ പി സി സി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

Published

|

Last Updated

തിരുവനന്തപുരം | പരസ്യമായി പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയ എം പി മാരായ എം കെ രാഘവനെയും കെ മുരളീധരനെയും താക്കീത് ചെയ്ത് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍. പാർട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യപ്രസ്താവനകൾ പാടില്ലെന്ന കർശന നിർദേശമാണ് രാഘവന് നൽകിയത്. പ്രസ്താവനകൾ പാർട്ടിയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ജാഗ്രത പുലർത്തണമെന്നുമാണു മുരളീധരന് അയച്ച കത്തിലുള്ളത്. കത്ത് ലഭിച്ചതായി കെ മുരളീധരൻ സ്ഥിരീകരിച്ചു. പരസ്യപ്രസ്താവന നടത്തരുതെന്ന ജാഗ്രതാ നിർദേശമാണു കത്തിലുള്ളതെന്നും വിശദീകരണം ചോദിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. അതേ സമയം കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എം കെ രാഘവൻ പറഞ്ഞു.

അതേസമയം, എം പിമാര്‍ ഉന്നയിച്ച സമാന വിമര്‍ശം മുതിര്‍ന്ന നേതാക്കളായ രമേശ്‌ ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും നേരത്തേ ഉന്നയിച്ചിരുന്നുവെങ്കിലും ഇരുവരെയും പരാമര്‍ശിക്കാതെയാണ് എം കെ രാഘവനും കെ മുരളീധരനും കെ പി സി സി അധ്യക്ഷന്‍ രേഖാമൂലം താക്കീത് നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയില്‍ പരമ്പരാഗത ഗ്രൂപ്പുകള്‍ ദുര്‍ബലമായ സാഹചര്യത്തില്‍ സെമി കേഡര്‍ ആശയം നടപ്പാക്കുക താരതമ്യേന എളുപ്പമാകുമെന്നാണ് കെ പി സി സി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. നേതൃത്വത്തിനെതിരെ ഉയരുന്ന കൂട്ടായ വിമര്‍ശങ്ങളെ തടയിടാനായില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ബോധ്യത്തിലാണ് കെ പി സി സി നേതൃത്വത്തിന്റെ പുതിയ നീക്കം. എം കെ രാഘവനും കെ മുരളീധരനും അച്ചടക്കം പാലിക്കാന്‍ കത്തയച്ചത് ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഗ്രൂപ്പുകള്‍ ശക്തമല്ലെങ്കിലും ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ നീങ്ങുന്നത് ഗ്രൂപ്പുകളെ വീണ്ടും സജീവമാക്കാന്‍ സഹായിക്കുമെന്നതിനാലാണ് മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയെയും കൊടിക്കുന്നിലിനെയും പരാമര്‍ശിക്കാതെ രാഘവനെയും മുരളീധരനെയും കരുവാക്കി കെ പി സി സി നേതൃത്വം അച്ചടക്ക സാധ്യത ഉപയോഗിക്കുന്നത്.

എ, ഐ ഗ്രൂപ്പുകള്‍ പഴയതുപോലെ ശക്തമല്ലാത്തതിനാല്‍ അച്ചടക്കത്തിന്റെ വടി ഉപയോഗിച്ച് പാര്‍ട്ടിയെ വരുതിയില്‍ നിര്‍ത്താമെന്നാണ് കെ പി സി സി നേതൃത്വം കരുതുന്നത്. വര്‍ക്കിംഗ് കമ്മിറ്റിയിലേക്കുള്ള നാമനിര്‍ദേശം കാത്തുനില്‍ക്കുന്നതിനാല്‍ രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും നേതൃത്വത്തോട് ഉടക്കാന്‍ ഇടയില്ലെന്നതും ഉമ്മൻ ചാണ്ടി ചികിത്സയിലായതിനാല്‍ എ ഗ്രൂപ്പ് തന്നെ നിശ്ചലമാണെന്നതും അനുകൂല ഘടകമായാണ് നേതൃത്വം കാണുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ ഇപ്പോള്‍ കൂടിയാലോചനയില്ലാതെ നേതാക്കള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് കെ സുധാകരനെ ലക്ഷ്യമിട്ട് ആദ്യം പറഞ്ഞത് കൊടിക്കുന്നില്‍ സുരേഷായിരുന്നു. അത് ശരിെവച്ച രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. അതോടൊപ്പം ഈ വിഷയത്തില്‍ അഭിപ്രായം ഉണ്ടെന്നും അത് പാര്‍ട്ടി വേദിയില്‍ പറയുമെന്നും തുറന്നുപറഞ്ഞ പി സി വിഷ്ണുനാഥും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം കെ രാഘവന്‍ നേതൃത്വത്തിനെതിരെ പരസ്യപരാമര്‍ശം നടത്തിയതും കെ മുരളീധരന്‍ അതിനെ പിന്തുണച്ചതും. എന്നാല്‍ വിമര്‍ശത്തില്‍ മുന്‍നിരക്കാരെ ഒഴിവാക്കി അവസാനക്കാരായ രാഘവനും കെ മുരളീധരനുമെതിരെയാണ് ആദ്യം നടപടി സ്വീകരിച്ചത്.

രാഘവനെതിരെ നീങ്ങിയാല്‍ ഗ്രൂപ്പുകളുടെ പ്രതിരോധം ഉണ്ടാകില്ലെന്നും തരൂര്‍ പക്ഷക്കാരനായതിനാല്‍ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാമെന്നും പ്രതീക്ഷിക്കുന്ന കെ പി സി സി നേതൃത്വം തങ്ങള്‍ക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കുന്ന കെ മുരളീധരനെയും കൂട്ടത്തില്‍ പിടിക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. ഇതിന് പിന്നില്‍ കോഴിക്കോട്, വടകര സീറ്റുകള്‍ ലക്ഷ്യമിട്ടുള്ള സ്ഥാനാര്‍ഥി മോഹികളുടെ സാന്നിധ്യവും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. അതേസമയം, എതിര്‍ശബ്ദങ്ങളെ തുടക്കത്തിലേ ഇല്ലാതാക്കിയില്ലെങ്കില്‍ ഒന്നിച്ചു നേരിടേണ്ടിവരുമെന്ന ഭീഷണി മുന്നില്‍ നില്‍ക്കെ കെ പി സി സി നേതൃത്വം കരുതലോടെയുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ആദ്യഘട്ട അച്ചടക്ക നടപടി പാര്‍ട്ടിയില്‍ വലിയ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പുള്ള നേതാക്കള്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്നത്.

ഇതിനിടെ, വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ കെ പി സി സി അംഗങ്ങളുടെ പട്ടിക തയ്യാറാക്കിയതിലെ ഒത്തൊരുമ അച്ചടക്ക നടപടിയിലും ഉറപ്പാക്കാൻ കെ സുധാകരനും വി ഡി സതീശനും അടങ്ങുന്ന നേതൃത്വം ശ്രമിക്കുന്നുണ്ട്. കെ സി വേണുഗോപാലിന്റെ പിന്തുണ ഉറപ്പാക്കുന്നതോടെ കാര്യങ്ങള്‍ പിന്നെയും എളുപ്പമാകുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.

Latest