Connect with us

National

ലഹരി മരുന്ന് വാങ്ങാന്‍ പണമില്ല; കുഞ്ഞുങ്ങളെ 74,000 രൂപയ്ക്ക് വില്‍പ്പന നടത്തി ദമ്പതികള്‍

സംഭവത്തില്‍ ദമ്പതികളെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

Published

|

Last Updated

മുംബൈ| ലഹരി മരുന്നു വാങ്ങാന്‍ പണമില്ലാത്തതിനാല്‍ രണ്ട് കുഞ്ഞുങ്ങളെ വില്‍പ്പന നടത്തി ദമ്പതികള്‍. സംഭവത്തില്‍ ദമ്പതികളെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഷാബിര്‍, ഭാര്യ സനിയ ഖാന്‍, ഷാക്കീല്‍, ഏജന്റ് ഉഷ റാത്തോഡ് എന്നിവരെയാണ് മുംബൈ ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.

രണ്ടുവയസ് പ്രായമുള്ള ആണ്‍കുട്ടിയെയും ഒരുമാസം പ്രായമുള്ള പെണ്‍കുട്ടിയെയുമാണ് ദമ്പതികള്‍ ഏജന്റ് മുഖേന വില്‍പ്പന നടത്തിയത്. ഇതില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയിട്ടുണ്ട്. ആണ്‍കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അന്ധേരിയില്‍ താമസിക്കുന്ന ഷാബിറും സനിയ ഖാനും ലഹരിമരുന്നിന് അടിമയാണ്. ലഹരി വസ്തു വാങ്ങാന്‍ പണമില്ലാതെ വന്നപ്പോഴാണ് കുട്ടികളെ വില്‍ക്കാന്‍ ഇവര്‍ തീരുമാനിച്ചത്. ഇതിനായി ഷാക്കീല്‍ വഴിയാണ് ഏജന്റായ ഉഷയെ സമീപിച്ചത്. ആണ്‍കുട്ടിയെ 60,000 രൂപയ്ക്കും പെണ്‍കുഞ്ഞിനെ 14,000 രൂപയ്ക്കുമാണ് ഇരുവരും വില്‍പ്പന നടത്തിയതെന്ന് മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വില്‍പ്പന വിവരം അറിഞ്ഞ ഷാബിറിന്റെ സഹോദരി റുബീന പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ലഹരിമരുന്ന് വാങ്ങാന്‍ സ്വന്തം കുഞ്ഞുങ്ങളെ ഷാബിര്‍ വിറ്റെന്ന വിവരം ഞെട്ടലോടെയാണ് കേട്ടതെന്നും ഉടന്‍ തന്ന ഡിഎന്‍ നഗര്‍ പോലീസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നെന്നും റുബീന പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത ഡിഎന്‍ നഗര്‍ പോലീസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.