Connect with us

siraj editorial

വേണ്ട, ഇനിയൊരു ശീതയുദ്ധം

ലോക മേധാവിത്വത്തിന്റെ സാങ്കല്‍പ്പിക കസേര ചൈന കീഴടക്കുമോയെന്ന ഭയം യു എസിനെ പിടികൂടിയിട്ട് കുറച്ചു കാലമായി. മയപ്പെടാന്‍ ചൈന ഒരുക്കവുമല്ല. വിവിധ വിഷയങ്ങളില്‍ ഈ രാജ്യങ്ങള്‍ ഇടപെടുന്നത് ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകും. ഏറ്റവും ഒടുവില്‍ അമേരിക്ക ഇടപെട്ട് യു കെയുമായും ആസ്‌ത്രേലിയയുമായും ഉണ്ടാക്കിയ കരാറിലുമുണ്ട് ശീതസമരത്തിന്റെ കാലൊച്ച.

Published

|

Last Updated

‘അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയില്ലെങ്കില്‍ വീണ്ടുമൊരു ശീതയുദ്ധം ഉണ്ടായേക്കാം. അത് മുമ്പത്തേക്കാള്‍ അപകടകരവുമായേക്കാം. ആ കെടുതികള്‍ തടയാനുള്ള ഉത്തരവാദിത്വം ലോകത്തിനുണ്ട്. ലോകത്തെ ഏറ്റവും വലിയ രണ്ട് ശക്തികള്‍ എന്ന നിലക്ക് ചൈനയും അമേരിക്കയും ചര്‍ച്ചകള്‍ നടത്തി അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കണം. കലാവസ്ഥാ വിഷയങ്ങളിലും ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, ഓണ്‍ലൈന്‍ സുരക്ഷാ മേഖലകളിലുമെല്ലാം ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണമുണ്ടാകണം. എന്നാല്‍, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇപ്പോള്‍ ഏറ്റുമുട്ടല്‍ മാത്രമേയുള്ളൂ’- യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ വാക്കുകളാണിത്. ലോകത്തിന്റെ സര്‍വ മേഖലയിലും കിടമത്സരം ഉണ്ടാക്കുകയും രാജ്യങ്ങളെ രണ്ടായി പിളര്‍ക്കുകയും ചെയ്ത അമേരിക്ക-സോവിയറ്റ് യൂനിയന്‍ ശീതസമരത്തെ ഓര്‍മിച്ചു കൊണ്ടാണ് രണ്ടാം ശീതസമരത്തെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്. ആ അധികാര വടംവലി ശാസ്ത്ര, സാങ്കേതിക രംഗത്ത് ഗുണഫലമുണ്ടാക്കി എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ലോകത്തെ ആയുധ കൂമ്പാരമാക്കിയതും രാജ്യങ്ങള്‍ തമ്മിലുള്ള നിസ്സാര തര്‍ക്കങ്ങളെ ഊതിപ്പെരുപ്പിച്ച് ദീര്‍ഘകാലം നിലനിന്ന ശത്രുതയാക്കി മാറ്റിയതും ഈ മൂപ്പിളമ പോരായിരുന്നു. മഹാമാരിയടക്കമുള്ള പ്രതിസന്ധികളിലൂടെ ലോകം കടന്നു പോകുമ്പോള്‍ എല്ലാ തലങ്ങളിലും സഹകരണമാണ് വേണ്ടത്, വിഭജനമല്ല. യു എസാണോ സോവിയറ്റ് യൂനിയനാണോ കേമമെന്നായിരുന്നു അന്ന് ചോദ്യമെങ്കില്‍ ഇന്ന് അത് ചൈനയാണോ യു എസാണോ എന്നായിരിക്കുന്നു. അപ്പോഴും ഒരു ഭാഗത്ത് യു എസുണ്ട്. ലോക മേധാവിത്വത്തിന്റെ സാങ്കല്‍പ്പിക കസേര ചൈന കീഴടക്കുമോയെന്ന ഭയം യു എസിനെ പിടികൂടിയിട്ട് കുറച്ചു കാലമായി. ഒട്ടും മയപ്പെടാന്‍ ചൈന ഒരുക്കവുമല്ല. വിവിധ വിഷയങ്ങളില്‍ ഈ വീറ്റോ രാജ്യങ്ങള്‍ ഇടപെടുന്നത് ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകും. ഏറ്റവും ഒടുവില്‍ അമേരിക്ക ഇടപെട്ട് യു കെയുമായും ആസ്‌ത്രേലിയയുമായും ഉണ്ടാക്കിയ പ്രതിരോധ കരാറിലുമുണ്ട് ശീതസമരത്തിന്റെ കാലൊച്ച.

ഓകസ് (എ യു കെ യു എസ്) ഉടമ്പടിയെന്നാണ് ഈ കരാറിന്റെ ചുരുക്കപ്പേര്. പസഫിക് മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനെന്ന പേരിലാണ് ആസ്‌ത്രേലിയ, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചത്. കരാറിന്റെ ഭാഗമായി കൂടുതല്‍ ആണവ അന്തര്‍വാഹിനികള്‍ ആസ്‌ത്രേലിയക്ക് നല്‍കാനാണ് ധാരണ. മൂന്ന് രാജ്യങ്ങളുടെയും അടുത്ത കാലത്തെ ഏറ്റവും വലിയ പ്രതിരോധ കരാറാണ് ഒപ്പുവെച്ചത്. ബ്രിട്ടീഷ്, ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്‍സണ്‍, സ്‌കോട്ട് മോറിസണ്‍, യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരാണ് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ കരാര്‍ പ്രഖ്യാപനം നടത്തിയത്. അന്തര്‍വാഹിനികള്‍ നല്‍കുന്നതിന് പുറമേ ആഴക്കടല്‍ സാങ്കേതിക വിദ്യയും സൈബര്‍ സുരക്ഷയും ഉറപ്പുവരുത്തുന്ന നിരവധി വിഷയങ്ങളിലും ത്രിരാഷ്ട്ര മേധാവികള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്.

ഈ കളിയില്‍ ചൈനയില്ലെന്ന് ഓകസ് സഖ്യം പറയുന്നുണ്ട്. പക്ഷേ, ഉന്നം ചൈനയാണെന്ന് ആര്‍ക്കും മനസ്സിലാകും. ഏഷ്യ പസഫിക് മേഖലയില്‍ ശക്തമായ സ്വാധീനം ചെലുത്തുകയും ദക്ഷിണ ചൈനാ കടലുമായി ബന്ധപ്പെട്ട് അയല്‍ രാജ്യങ്ങളെ ഭയപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ചൈനക്ക് മറുപടി നല്‍കുകയെന്ന ലക്ഷ്യം ഈ ത്രിരാഷ്ട്ര സഹകരണത്തിന് ഉണ്ട്. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളവയല്ലെന്ന് മൂന്ന് രാജ്യങ്ങളും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ആണവോര്‍ജ അന്തര്‍വാഹിനിയെന്ന പ്രയോഗം തന്നെ ചൈനയെ ലക്ഷ്യംവെച്ചുള്ളതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഏഷ്യ പസഫിക്കില്‍ ചൈനയെ പ്രതിരോധിക്കാനുള്ള പുതിയ സഖ്യമായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഓകസ് കരാറിനെ കാണുന്നത്.

തുടക്കത്തില്‍ ഈ വിലയിരുത്തല്‍ തള്ളിക്കളഞ്ഞ ബ്രിട്ടന്‍ തന്നെ പിന്നീട് അത് അംഗീകരിച്ചു. കരാറുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബെന്‍ വാലെയ്‌സ് ചൈനീസ്‌വിരുദ്ധ അജന്‍ഡ തുറന്നു പറഞ്ഞു. സൈന്യത്തിന് വേണ്ടി കഴിഞ്ഞ കാലങ്ങളില്‍ ചൈന ഒരുപാട് ചെലവാക്കി കഴിഞ്ഞെന്നും അവരുടെ നാവിക, വ്യോമ സംവിധാനങ്ങള്‍ വന്‍തോതില്‍ വളര്‍ന്നുവെന്നും ബെന്‍ പറഞ്ഞു. ഈ വളര്‍ച്ച ഏഷ്യന്‍ മേഖലയില്‍ സംഘര്‍ഷാവസ്ഥക്ക് കാരണമായിട്ടുണ്ടെന്നും അവിടുത്തെ തങ്ങളുടെ സഖ്യ രാജ്യങ്ങളെ പ്രതിരോധ സജ്ജമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രം വ്യക്തമാണ്. ചൈനയെ നിലക്ക് നിര്‍ത്തുക തന്നെയാണ് ലക്ഷ്യം. ഈ ദൗത്യത്തില്‍ ആരൊക്കെ ഇറങ്ങുമെന്ന് മാത്രമാണ് നോക്കേണ്ടത്. ജപ്പാനുണ്ടാകുമോ? ദ. കൊറിയയുടെ നിലപാട് എന്തായിരിക്കും? ഇന്ത്യ എവിടെ നില്‍ക്കും? ഇറാന്‍ ചൈനക്കൊപ്പം നില്‍ക്കുമോ? ഉത്തര കൊറിയ അവരുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു.

അതിനിടക്ക്, ഫ്രാന്‍സും ആസ്‌ത്രേലിയയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നത്തിന് ഹേതുവായി ഈ ഉടമ്പടി മാറിയിരിക്കുന്നു. 12 അന്തര്‍വാഹിനി നിര്‍മിക്കാന്‍ ഫ്രാന്‍സുമായുണ്ടാക്കിയ കരാറില്‍ നിന്ന് പിന്മാറിയാണ് ആസ്‌ത്രേലിയ അമേരിക്കക്കും ബ്രിട്ടനുമൊപ്പം ചേരുന്നത്. ഇതാണ് ഫ്രാന്‍സിനെ ചൊടിപ്പിച്ചിരിക്കുന്നത്. ആസ്‌ത്രേലിയയിലെ നയതന്ത്ര പ്രതിനിധികളെ ഫ്രാന്‍സ് പിന്‍വലിച്ചു. ബന്ധ വിച്ഛേദനത്തിലേക്ക് പോകാന്‍ മാത്രം ഒന്നുമുണ്ടായിട്ടില്ലെന്ന നിലപാടില്‍ ആസ്‌ത്രേലിയ ഉറച്ച് നില്‍ക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള അകലം കൂടുകയാണ്.

മധ്യപൗരസ്ത്യ ദേശത്തെയും അഫ്ഗാനിലെയും ആക്രമണ, ഭൗമ രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് പിന്‍വാങ്ങി സാമ്പത്തിക യുദ്ധത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന നയം ബരാക് ഒബാമയുടെ കാലത്ത് തന്നെ യു എസ് തുടങ്ങി വെച്ചിരുന്നു. ട്രംപ് വന്നപ്പോള്‍ താരിഫ് യുദ്ധമായും കറന്‍സി വടംവലിയായും അത് വളര്‍ന്നു. ചൈനയുമായുള്ള ഏറ്റുമുട്ടല്‍ സര്‍വ തലങ്ങളിലേക്കും വ്യാപിച്ചു. ട്രംപില്‍ നിന്ന് ഒന്നും പകര്‍ത്തില്ലെന്ന് പ്രഖ്യാപിച്ച പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ പക്ഷേ, ചൈനയോടുള്ള ശത്രുതയുടെ കാര്യത്തില്‍ ട്രംപിനേക്കാള്‍ മുന്നിലാണ്. ഈ ശത്രുത ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നമായി നില്‍ക്കുന്നില്ല. പരസ്യമായും രഹസ്യമായും സഖ്യങ്ങള്‍ രൂപപ്പെടും. ഇന്ത്യയുള്‍പ്പെട്ട ക്വാഡ് സഖ്യത്തെയും യു എസ് ആ നിലക്കാണ് കാണുന്നത്. ഇങ്ങനെ പിളര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളുടെ പക്കല്‍ ആണവ ആയുധങ്ങള്‍ ഉള്‍പ്പെടെ മാനവരാശിയെ മുച്ചൂടും മുടിക്കാന്‍ പോന്ന ആയുധ ശേഖരം ഉണ്ടെന്നോര്‍ക്കണം. അതുകൊണ്ട് ചൈനയുടെ കൗശല രാഷ്ട്രീയത്തെ തള്ളിപ്പറയുമ്പോള്‍ തന്നെ അതിനോടുള്ള പ്രതികരണം നവ ശീതയുദ്ധമാകരുതെന്ന് പറയേണ്ടിവരും.

Latest