Connect with us

Editorial

ശൂന്യമായ ക്ലാസ്സ് മുറികള്‍; ശൂന്യമാകുന്ന ഭാവി

സമൂഹത്തിന്റെ കാഴ്ചപ്പാടിലും സമീപനത്തിലും മാറ്റം ആവശ്യമാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ ദരിദ്രരുടെ അഭയകേന്ദ്രമാണെന്ന ധാരണ തിരുത്തുകയും അത് സമൂഹത്തിന്റെ പൊതുസമ്പത്താണെന്ന ബോധം ഉള്‍ക്കൊളളുകയും വേണം.

Published

|

Last Updated

ന്ത്യന്‍ വിദ്യാഭ്യാസ മേഖലയുടെ പരിതാപകരമായ അവസ്ഥയും ഗുരുതര പ്രതിസന്ധികളും തുറന്നുകാട്ടുന്നതാണ് നിതി ആയോഗ് അടുത്തിടെ പ്രസിദ്ധീകരിച്ച റിപോര്‍ട്ട്. രാജ്യത്തെ 7,993 സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ഥി പോലും പഠിക്കാനില്ലത്രെ. പശ്ചിമ ബംഗാളിലും തെലങ്കാനയിലുമാണ് വിദ്യാര്‍ഥിരഹിത സ്‌കൂളുകള്‍ കൂടുതലുള്ളത്. റെക്കാര്‍ഡുകളില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല സ്ഥാപനങ്ങളിലും ശമ്പളം പറ്റുന്ന അധ്യാപകരുമുണ്ട്. അവിടെ പക്ഷേ വിദ്യാഭ്യാസത്തിന്റെ ആത്മാവായ വിദ്യാര്‍ഥികള്‍ പഠനത്തിനെത്തുന്നില്ലെ ങ്കില്‍ പിന്നെന്തര്‍ഥം? പൊതുവിദ്യാഭ്യാസ മേഖലയുടെ ക്ഷയവും ഭരണകൂടത്തിന്റെ അനാസ്ഥയും സാമൂഹിക അസമത്വത്തിലെ വര്‍ധനയുമാണ് ഇത് തുറന്നു കാട്ടുന്നത്. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളരുന്നുവെന്ന്് അവകാശപ്പെടുന്ന രാജ്യം, അതിന്റെ ഭാവി രൂപപ്പെടുത്തേണ്ട പ്രാഥമിക വിദ്യാഭ്യാസ മേഖലയെ ഇത്രമേല്‍ അവഗണിക്കുന്നുവെന്ന് വരുന്നത് വിരോധാഭാസമാണ്.

പല സ്‌കൂളുകളിലും അടിസ്ഥാന സൗകര്യങ്ങളില്ല. കുടിവെള്ളം, ശൗചാലയം, വൈദ്യുതി, ഡിജിറ്റല്‍ സൗകര്യം തുടങ്ങിവയെല്ലാം അപര്യാപ്തം. പതിനായിരക്കണക്കിന് സ്‌കൂളുകളില്‍ വൈദ്യതി സൗകര്യമില്ലാത്ത രാജ്യത്താണ് അധികൃതര്‍ ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് വാചാലരാകുന്നത്. നിതി ആയോഗ് റിപോര്‍ട്ടനുസരിച്ച് ഉപയോഗയോഗ്യമായ ശുചിമുറികളില്ലാത്ത സ്‌കൂളുകളുടെ എണ്ണം 60,000വും കുടിവെള്ളമില്ലാത്തവയുടെ എണ്ണം 14,000വും വരും. അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളുടെ എണ്ണക്കുറവിനു പ്രധാന കാരണം. പാവപ്പെട്ട കുടുംബങ്ങള്‍ പോലും വലിയ സാമ്പത്തിക ബാധ്യത വഹിച്ച് കുട്ടികളെ സ്വകാര്യ സ്‌കൂളില്‍ അയക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ പൊതുവിദ്യാലയങ്ങള്‍ പോരെന്ന ചിന്ത രക്ഷിതാക്കളില്‍ രൂഢമൂലമാണ്.

ഒരു ലക്ഷത്തിലധികം സ്‌കൂളുകള്‍ ഒറ്റ അധ്യാപകരെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. അഞ്ചോ ആറോ ക്ലാസ്സുകളിലെ കുട്ടികളെ ഒരേ മുറിയിലിരുത്തി ഒരധ്യാപകന്‍ പഠിപ്പിക്കേണ്ടി വരുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസമെന്ന ലക്ഷ്യത്തെ തകര്‍ക്കുന്നു. ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ തൊഴിലില്ലാത്ത ലക്ഷക്കണക്കിന് ബിരുദധാരികള്‍ തെരുവില്‍ അലയുകയാണെന്ന വസ്തുത ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. വര്‍ഷങ്ങളായി തുടരുന്ന നിയമന വിലക്ക്, താത്കാലിക അധ്യാപകരെ ആശ്രയിക്കല്‍, ഗ്രാമീണ മേഖലകളിലെ വിദ്യാലയങ്ങളെ അവഗണിക്കല്‍ തുടങ്ങിയവയും പൊതുവിദ്യാഭ്യാസത്തെ ദുര്‍ബലമാക്കുന്നു.

വിദ്യാഭ്യാസം ഭരണഘടന അടിസ്ഥാന അവകാശമായി പ്രഖ്യപിച്ചിട്ടും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഇന്നും സമ്പന്നരുടെയും ചില ജാതിക്കാരുടെയും പ്രത്യേക അവകാശമായി തുടരുന്നത് ഖേദകരമാണ്. ദരിദ്രകുട്ടികളും പിന്നാക്ക വിഭാഗക്കാരും പഠിക്കുന്ന സ്‌കൂളുകള്‍ പിന്നാക്കാവസ്ഥയിലാകുകയും സമ്പന്നരും മേല്‍ജാതിക്കാരും പഠിക്കുന്ന സ്വകാര്യ വിദ്യാലയങ്ങള്‍ ആധുനിക സൗകര്യങ്ങളോടെ മുന്നേറുകയും ചെയ്യുന്ന പ്രവണത ജനാധിപത്യത്തിന്റെ പരാജയമാണ്. വിദ്യാഭ്യാസത്തിലെ അസമത്വം പിന്നീട് തൊഴില്‍, വരുമാനം, ഭരണമേഖല, സാമൂഹിക പദവികള്‍ എന്നിവയിലേക്കും ബാധിക്കും. കേവലം ഒരു വിദ്യാഭ്യാസ പ്രശ്‌നമല്ല, സാമൂഹിക നീതിയുടെ കൂടി പ്രശ്‌നമാണ് വിദ്യാര്‍ഥികളില്ലാത്ത, ആവശ്യത്തിന് അധ്യാപകരില്ലാത്ത, അടിസ്ഥാന സൗകര്യമില്ലാത്ത സ്‌കൂളുകള്‍. വിദ്യാഭ്യാസ മേഖലയുടെ മുരടിപ്പ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പോലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കും.

സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, മതിയായ അധ്യാപകരെ നിയമിക്കുക, പഠന നിലവാരം മെച്ചപ്പെടുത്താന്‍ അധ്യാപകര്‍ക്ക് സ്ഥിരമായ പരിശീലനം നല്‍കുക തുടങ്ങിയവയാണ് പ്രശ്‌നത്തിനു ള്ള പരിഹാരം. ഇതോടൊപ്പം സമൂഹത്തിന്റെ കാഴ്ചപ്പാടിലും സമീപനത്തിലും മാറ്റം ആവശ്യമാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ ദരിദ്രരുടെ അഭയകേന്ദ്രമാണെന്ന ധാരണ തിരുത്തുകയും അത് സമൂഹത്തിന്റെ പൊതുസമ്പത്താണെന്ന ബോധം ഉള്‍ക്കൊള്ളുകയും വേണം. രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന സാഹചര്യം രൂപപ്പെടുകയും വേണം. ജി ഡി പിയുടെ നിശ്ചിത ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവെക്കണമെന്ന നിര്‍ദേശം നടപ്പാക്കുകയും സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രാദേശിക ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ കൃത്യമായി വിലയിരുത്തുകയും വേണം.

ഈ രംഗത്ത് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ സ്വീകരിച്ച നയങ്ങള്‍ മാതൃകയാക്കാകുന്നതാണ്. പൊതുവിദ്യാഭ്യാസ യജ്ഞം പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ ജനവിശ്വാസം വീണ്ടെടുക്കാന്‍ ഒരു പരിധിവരെ സഹായിച്ചു. അടിസ്ഥാന സൗകര്യ വികസനം, ഹൈടെക് ക്ലാസ്സുകള്‍, അക്കാദമിക് നിലവാരം മെച്ചപ്പെടുത്തല്‍, സമൂഹത്തിന്റെ പങ്കാളിത്തം തുടങ്ങിയവയിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ച അനുഭവം കേരളത്തിനുണ്ട്. കുട്ടികളില്ലാത്ത സ്‌കൂളുകളെ അടുത്തുള്ള വലിയ സ്‌കൂളുകളുമായി ബന്ധിപ്പിക്കുകയാണ് പ്രശ്‌നത്തിന് നിതി ആയോഗ് നിര്‍ദേശിക്കുന്ന ഒരു പരിഹാരം. ഇതിനു ചില പ്രായോഗിക പ്രയാസങ്ങളുണ്ട്. ഉള്‍നാടന്‍ ഗ്രാമങ്ങളിലെ സ്‌കൂളുകള്‍ പൂട്ടുന്നത് ആ പ്രദേശത്തെ പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കും. ദൂരെ പോകാന്‍ വാഹന സൗകര്യമില്ലാത്ത കുട്ടികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഇടയാകും. ഓരോ കുട്ടിക്കും അവരുടെ വീടിനടുത്തുള്ള സ്‌കൂളുകളില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കിയെങ്കില്‍ മാത്രമേ സാര്‍വത്രിക വിദ്യാഭ്യസമെന്ന ലക്ഷ്യം കൈവരിക്കാനാകുകയുള്ളൂ. ഇത് സര്‍ക്കാറിന്റെ അനിവാര്യ ബാധ്യതയാണ്.

Content Highlights:
A recent Niti Aayog report highlights a grim reality where 7,993 schools in India, particularly in West Bengal and Telangana, have zero student enrollment despite having staff on payroll. The report points to a severe lack of basic infrastructure, including usable toilets and clean drinking water, which forces even poor families toward expensive private schools. Additionally, over one lakh schools operate with only a single teacher, undermining the goal of quality education and deepening social inequality across the nation.

Latest