Connect with us

From the print

വീണ്ടും നിപ്പാ? പഠനത്തിന് സര്‍ക്കാര്‍

കൂടുതല്‍ ഇളവില്‍ തീരുമാനം വെള്ളിയാഴ്ച • രണ്ടാം തരംഗ സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ നിപ്പാ പ്രതിരോധത്തിനായി സര്‍ക്കാര്‍ ഫലപ്രദമായ കാര്യങ്ങള്‍ ചെയ്തുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ്പായെ നേരിടാന്‍ കേരളം എല്ലാ രീതിയിലും സജ്ജമാണ്. എന്നാല്‍ രോഗ ഭീഷണി ഒഴിഞ്ഞുപോയതായി പറയാനാവില്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമ്പര്‍ക്കപട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. രണ്ടാം തരംഗത്തിനുള്ള സാധ്യത വളരെ കുറവാണെങ്കിലും പൂര്‍ണമായും തള്ളിക്കളയാനാവില്ലെന്നാണ് ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലെ വിലയിരുത്തല്‍. കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നിട്ടില്ല എന്നത് ആശ്വാസകരമാണ്. തുടക്കത്തില്‍തന്നെ കണ്ടെത്താനായതുകൊണ്ടാണ് കൂടുതല്‍ അപകടകരമായ സാഹചര്യം ഒഴിവായത്. വ്യാപനം തടയുന്നതിനും രോഗബാധിതരായവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനും ഫലപ്രദമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

കോഴിക്കോട് ജില്ലയിലും സമീപത്തെ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലും നിപ്പാ വ്യാപനം തടയാന്‍ ശാസ്ത്രീയമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി നേരിട്ടാണ് നിപ്പാ പ്രതിരോധത്തിന് നേതൃത്വം നല്‍കിയത്. ആംബുലന്‍സുകളുടെയും മരുന്നുകളുടെയും, നിപ്പാ പ്രതിരോധ സാമഗ്രികളുടെയും ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. 1,286 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. അവരില്‍ 276 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരാണ്. ഇതില്‍ 122 പേര്‍ രോഗികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ്. 118 ആരോഗ്യ പ്രവര്‍ത്തകരാണ് സമ്പര്‍ക്കപട്ടികയിലുള്ളത്. 994 പേര്‍ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണമുള്ള 304 പേരുടെ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. ഇതില്‍ 267 പേരുടെ പരിശോധനാ ഫലമാണ് വന്നത്. ആറ് പേരുടെ ഫലമാണ് ഇതില്‍ പോസിറ്റീവ് ആയിട്ടുള്ളത്.

നിപ്പാ എന്തുകൊണ്ട് വീണ്ടും കോഴിക്കോട് എന്നതിന് വ്യക്തമായ ഉത്തരം ഐ സി എം ആറും നല്‍കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം സീറോ സര്‍വയലന്‍സ് പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. വവ്വാലുകളെ സംബന്ധിച്ച് ഐ സി എം ആര്‍ നടത്തിയ പഠനത്തിന്റെ വിവരങ്ങളും ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ തന്നെ സാമ്പിള്‍ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നടപ്പാക്കും. ഐ സി എം ആര്‍ വൈറസ് സീക്വന്‍സി നടത്തിയപ്പോള്‍ 2018നും 2019നും സമാനമായ കാര്യങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 36 വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. കൂടുതല്‍ വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. പോലീസ് സഹായത്തോടെ ആദ്യകേസിന്റെ റൂട്ട് മാപ്പ് എടുത്തിരുന്നു. അദ്ദേഹം സഞ്ചരിച്ച സ്ഥലങ്ങളിലെ വവ്വാലുകളുടെ സാമ്പിളുകള്‍ എടുത്ത് പരിശോധനക്ക് വിധേയമാക്കും. വിദഗ്ധ പാനലിന്റെ നിര്‍ദേശപ്രകാരം ആദ്യഘട്ടം നിപ്പാ കണ്ടെത്തിയ വടകര താലൂക്കിലെ കണ്ടെയ്ന്‍മെന്റ് സോണിലെ കടകള്‍ തുറക്കുന്നത് വൈകിട്ട് അഞ്ച് എന്നത് എട്ട് വരെയാക്കിയിട്ടുണ്ട്. കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം 22ന് ശേഷം അന്നത്തെ സാഹചര്യം നോക്കി തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest