Connect with us

Career Notification

നിഫ്റ്റിലേക്ക് അപേക്ഷിക്കൂ; ഫാഷൻ ലോകത്തേക്കൊരു സ്വപ്നയാത്ര

ഈ മാസം 16 വരെ അപേക്ഷിക്കാം.

Published

|

Last Updated

സർഗാത്മകതയെ കരിയറാക്കി മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമൊരുക്കി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻ ഐ എഫ് ടി) നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വസ്ത്രങ്ങളുടെ നിറങ്ങളിലും രൂപങ്ങളിലും സൗന്ദര്യം കണ്ടെത്തുന്നവരുണ്ടാകും. ഒരു സാധാരണ തുണിയിൽ നിന്ന് അസാധാരണമായൊരു സൃഷ്ടി രൂപപ്പെടുത്താൻ സ്വപ്നം കാണുന്നവരുമുണ്ടാകും. ഭാവനക്ക് ചിറകുനൽകി പുതിയ ഫാഷൻ ട്രെൻഡുകൾ സൃഷ്ടിക്കാനും ഡിസൈനിലൂടെ സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്താനും ആഗ്രഹിക്കുന്നവർക്ക് എൻ ഐ എഫ് ടിയിൽ പ്രവേശനം നേടാം. ഈ മാസം 16 വരെ അപേക്ഷിക്കാം. എൻട്രൻസ് പരീക്ഷ ജനുവരി പത്തിന് നടക്കും. കേരളത്തിൽ കണ്ണൂരിലേതടക്കം എൻ ഐ എഫ് ടിക്ക് 20 ക്യാമ്പസുകളുണ്ട്.
കോഴ്സുകൾ

ബി ഡിസ് (B.Des)

ഫാഷൻ ഡിസൈനിംഗ് എന്നത് വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുക മാത്രമല്ല; കലയും സാങ്കേതികവിദ്യയും വിപണിയും സംസ്കാരവും ഒത്തുചേരുന്ന വിശാലമായൊരു തൊഴിൽമേഖലയാണ്. ഫാഷൻ ഡിസൈൻ, ആക്സസറി ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ, ലതർ ഡിസൈൻ, നൈറ്റ് വിയർ ഡിസൈൻ, ഫാഷൻ ഇന്റീരിയൽസ്, ഫാഷൻ കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങളിൽ നാല് വർഷ ബി ഡിസ് കോഴ്സുകൾ ലഭ്യമാണ്. പ്ലസ് ടു ഏത് സ്ട്രീമിൽ വിജയിച്ചവർക്കും അപേക്ഷിക്കാം.

ബി എഫ് ടെക്

ബി എഫ് ടെക് അപ്പാരൽ പ്രൊഡക്‌ഷനിൽ നാല് വർഷ കോഴ്സിലേക്ക് പ്രവേശനം നേടാൻ പ്ലസ് ടുവിനു മാത്‌സ് സ്ട്രീമിൽ വിജയിക്കണം. എൻജിനീയറിംഗ് ഡിപ്ലോമ വിജയിച്ചവർക്കും അപേക്ഷിക്കാം.

മാസ്റ്റർ ഓഫ് ഡിസൈൻ (എം ഡിസ്)

ഡിഗ്രി യോഗ്യത ഉള്ളവർക്കും എൻ ഐ ഡി, എൻ ഐ എഫ് ടി മൂന്ന് വർഷ ഡിപ്ലോമ നേടിയവർക്കും അപേക്ഷിക്കാം. എം ഡിസ് കോഴ്സിന്റെ ദൈർഘ്യം രണ്ട് വർഷമാണ്.

മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മന്റ്

(എം എഫ് എം)

ഡിഗ്രി യോഗ്യത ഉള്ളവർക്കും എൻ ഐ ഡി, എൻ ഐ എഫ് ടി മൂന്ന് വർഷ ഡിപ്ലോമ നേടിയവർക്കും അപേക്ഷിക്കാം. രണ്ട് വർഷമാണ് കോഴ്സിന്റെ ദൈർഘ്യം.

മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി

(എം എഫ് ടെക്)

രണ്ട് വർഷം ദൈർഘ്യമുള്ള ഈ കോഴ്സിലേക്ക് ബി എഫ് ടെക് /ബി ടെക് യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. പിഎച്ച് ഡി പ്രോഗ്രാമുകളും ലഭ്യമാണ്.

പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, വിഷയബന്ധിത നിബന്ധനകൾ എന്നിവ കോഴ്സുകൾക്കും വിഭാഗങ്ങൾക്കും അനുസരിച്ച് വ്യത്യാസപ്പെടും. അതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ പ്രോസ്പെക്ടസ് വായിക്കുക.

എൻട്രൻസ് പരീക്ഷ

ബി ഡിസ് പ്രവേശനത്തിന് കമ്പ്യൂട്ടർ അധിഷ്ഠിത ജി എ ടി, പേപ്പർ അധിഷ്ഠിത ക്യാറ്റ് എന്നീ പരീക്ഷാ ഘടകങ്ങളാണ് ഉൾപ്പെടുന്നത്. സിറ്റുവേഷൻ ടെസ്റ്റ് കൂടി വിജയിക്കണം. ബി എഫ് ടെക് പ്രവേശനത്തിന് ജനറൽ എബിലിറ്റി ടെസ്റ്റ് മാത്രം എഴുതിയാൽ മതി. എം ഡിസ് പ്രവേശനത്തിന് ജനറൽ എബിലിറ്റി ടെസ്റ്റ്, ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ്, പേഴ്സനൽ ഇന്റർവ്യൂ എന്നിവ ഉണ്ടാകും. എം എഫ് ടെക്, എം എഫ് എം എന്നീ പ്രോഗ്രാമുകൾക്ക് ജനറൽ എബിലിറ്റി ടെസ്റ്റ്, പേഴ്സനൽ ഇന്റർവ്യൂ എന്നിവ അഭിമുഖീകരിക്കണം. പിഎച്ച് ഡി പ്രവേശനത്തിന് എഴുത്ത് പരീക്ഷ, പ്രൊപോസൽ പ്രസന്റേഷൻ, ഇന്റർവ്യൂ എന്നിവ ഉണ്ടാകും.

അപേക്ഷ

അപേക്ഷകൾ exams.nta.ac.in/niftee എന്ന വെബ്സൈറ്റിൽ ഓൺലൈനായി മാത്രമാണ് സമർപ്പിക്കേണ്ടത്. ഫോട്ടോ, ഒപ്പ്, ആവശ്യമായ സർട്ടിഫിക്കറ്റുകൾ എന്നിവ നിർദേശിച്ച ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുകയും അപേക്ഷയുടെ കൺഫർമേഷൻ പേജ് സൂക്ഷിക്കുകയും വേണം. 2,000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് 500 രൂപ മതിയാകും. വിവിധ കോഴ്സുകൾക്ക് ഒരുമിച്ച് അപേക്ഷിക്കാൻ 3,000 രൂപ അടയ്ക്കണം.

പട്ടിക വിഭാഗത്തിൽപ്പെട്ടവരും ഭിന്നശേഷി വിഭാഗത്തിലുള്ളവരും 750 രൂപ ഫീസ് ആയി അടയ്ക്കണം. എറണാകുളം, ആലപ്പുഴ, കൊച്ചി, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കൊല്ലം, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ അടക്കം 100 കേന്ദ്രങ്ങളിൽ പരീക്ഷ ഉണ്ടാകും. സ്വപ്നങ്ങൾ വെറുതെ കാണുകയല്ല, അവക്ക് നിറവും രൂപവും നൽകി ജീവിതമാക്കുകയാണ് വേണ്ടത്. ഫാഷൻ ലോകത്തേക്ക് ചുവടുവെക്കാൻ ആഗ്രഹിക്കുന്നവർ എൻ ഐ എഫ് ടി പ്രവേശനം പ്രയോജനപ്പെടുത്തുക. വിവരങ്ങൾ അറിയാൻ 01140759000 എന്ന ഫോൺ നമ്പറിലോ nift@nta.ac.in എന്ന ഇമെയിൽ ഐ ഡിയിലോ ബന്ധപ്പെടാവുന്നതാണ്.

Content Highlights: NIFT has opened applications for various undergraduate, postgraduate, and PhD programs including BDes and MDes, with the entrance exam scheduled for January 10. Candidates can apply online through the official NIFT admissions portal by November 16. The institute offers diverse courses across 20 campuses, including Kannur in Kerala.

Latest