Connect with us

Kerala

വാഴക്കുലയിൽ എം ഡി എം എ കടത്ത്; മികച്ച കർഷകനുള്ള അവാർഡ് തിരിച്ചെടുക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്

റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Published

|

Last Updated

തൃശൂർ| വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് എം ഡി എം എ കടത്തിയ കേസിൽ അറസ്റ്റിലായ ധനേഷ് എസ് നായർക്ക് ലഭിച്ച മികച്ച കർഷകനുള്ള അവാർഡ് തിരിച്ചെടുക്കുന്നത് സർക്കാർ പരിശോധിക്കുമെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്. സംഭവം അറിഞ്ഞ ഉടൻ കൃഷി വകുപ്പ് ഡയറക്ടറുമായി സംസാരിച്ചിരുന്നു. കർഷകന്റെ പശ്ചാത്തലം ഉൾപ്പെടെ പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അവാർഡ് നിർണയത്തിൽ ഉൾപ്പെടെ മാറ്റങ്ങൾ കൊണ്ടുവരും. താൻ ചുമതലയേറ്റശേഷം ചില അവാർഡുകൾ പുനഃക്രമീകരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം, വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ കേസിൽ പിടിയിലായ ധനേഷ് എസ് നായർക്ക് കേരളത്തിൽ വിപുലമായ ലഹരിക്കടത്ത് ശൃംഖലയുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മധ്യകേരളത്തിലെ വിവിധ ജില്ലകളിൽ ഇയാൾക്ക് ഏജന്റുമാരുണ്ട്. എറണാകുളം ജില്ലയിൽ നിന്നുള്ള രണ്ട് ഏജന്റുമാരെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തു.

ലഹരിക്കടത്തിനായി പ്രധാനമായും ഇൻസ്റ്റഗ്രാം വഴിയാണ് ധനേഷ് ആശയവിനിമയം നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. കൊച്ചിയിലായിരുന്നു ഇയാളുടെ സ്ഥിരതാമസമെന്നും പോലീസ് അറിയിച്ചു.

2022ൽ ആലപ്പുഴയിലെ ചെറുതനയിൽ തണ്ണിമത്തൻ കൃഷി നടത്തിയിരുന്ന ധനേഷിന് ചെറുതന പഞ്ചായത്ത് യുവകർഷക അവാർഡ് നൽകിയിരുന്നു. നാട്ടിൽ ഇയാൾക്കെതിരെ മറ്റ് കേസുകളൊന്നും നിലവിലില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. അതേസമയം, ധനേഷിന് സംസ്ഥാനതലത്തിലുള്ള മികച്ച കർഷക അവാർഡ് ലഭിച്ചിട്ടില്ലെന്ന് കർഷക സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.

Content Highlights: Govt will check revoking best farmer award of MDMA smuggling accused Dhanesh S Nair, says Minister T Siddique. Police found he operated a wide drug network in Central Kerala using Instagram. Ernakulam police arrested two agents, while locals note he won Cheruthana panchayat award in 2022.

Latest