Connect with us

Ongoing News

സഊദിയിൽ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം ജൂലൈ 8 വെള്ളിയാഴ്ച

ബലിപെരുന്നാൾ ജൂലൈ 9 ശനിയാഴ്ച

Published

|

Last Updated

മക്ക | ഈ വർഷത്തെ ദുൽഹിജ്ജ മാസപ്പിറവി സഊദി അറേബ്യയിൽ ദൃശ്യമായതോടെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി തീർത്ഥാടകരുടെ ഒഴുക്ക് തുടങ്ങി. ഹജ്ജിന്റെ പുണ്യ കർമ്മങ്ങളിലൊന്നായ അറഫാ ദിനം (ദുൽഹിജ്ജ ഒൻപത്) ജൂലൈ 8 വെള്ളിയാഴ്ചയും ബലിപെരുന്നാൾ ശനിയാഴ്ചയുമായിരിക്കും. ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി ഹാജിമാർ ദുല്‍ഹിജ്ജ ഏഴിന് വൈകീട്ടോടെ മക്കയില്‍ നിന്നും തമ്പുകളുടെ നഗരിയായ മിനാ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. ദുല്‍ ഹിജ്ജ 13 നാണ് ഈ വർഷത്തെ ഹജ്ജിന്റെ ചടങ്ങുകള്‍ അവസാനിക്കുക

ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ വിശ്വാസി കളോടും സഊദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു. റിയാദ് പ്രവിശ്യയിലെ ഹോത്ത സുദൈറിൽ ബുധനാഴ്ച വൈകുന്നേരം ദുൽഹിജ്ജ മാസപ്പിറവി ദര്‍ശിക്കുന്നതിനായി ഈ വർഷം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. മുഖ്യ ജ്യോതിശാസ്ത്രജ്ഞൻ അബ്ദുല്ല ഖുദൈരിയുടെ നേതൃത്വത്തിലായിരുന്നു ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷണം നടന്നത്.

നിരീക്ഷണ കേന്ദ്രം കിംഗ് ഖാലിദ് റോഡിലെ ഹോത്ത സുദൈറിൽ ഹിജ്റ 1436-ലാണ് സ്ഥാപിതമായത്. സമുദ്രനിരപ്പിൽ നിന്ന് 930 മീറ്റർ വരെ ഉയരത്തിലും, വ്യാവസായിക, പരിസ്ഥിതി മലിനീകരണ മേഖലകളിൽ നിന്നും അകലെയും പാറക്കെട്ടുകളുള്ള പർവതപ്രദേശത്തുമാണ് നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

 

സിറാജ് പ്രതിനിധി, ദമാം

Latest