Connect with us

First Gear

പുതിയ റെനോ ഡസ്റ്റര്‍ ഇന്ത്യയിലേക്ക്

എസ് യുവിയുടെ ഓള്‍-ഇലക്ട്രിക് പതിപ്പും തിരഞ്ഞെടുത്ത വിപണികളില്‍ അവതരിപ്പിക്കും

Published

|

Last Updated

ന്യൂഡല്‍ഹി| ഫ്രഞ്ച് വാഹന നിര്‍മ്മാണ കമ്പനി റെനോ ഇന്ത്യ ഇപ്പോള്‍ വലിയ എസ് യുവികളും ഇലക്ട്രിക് വാഹനങ്ങളും രാജ്യത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. പങ്കാളിയായ നിസാനുമായി ചേര്‍ന്ന് എസ് യുവിയും ഇവിയും ഉള്‍പ്പെടെയുള്ള സി സെഗ്മെന്റ് ഉല്‍പ്പന്നങ്ങളുടെ സാധ്യതകള്‍ കമ്പനി നിലവില്‍ വിലയിരുത്തുകയാണെന്നാണ് വിവരം. പുതിയ തലമുറ റെനോ ഡസ്റ്റര്‍ രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. അവതരണം എന്നായിരിക്കുമെന്ന് വ്യക്തമല്ല.

റെനോ നിലവില്‍ ഇന്ത്യയില്‍ ഒന്നാം തലമുറ ഡസ്റ്റര്‍ വില്‍ക്കുന്നുണ്ട്. അതേസമയം അന്താരാഷ്ട്ര വിപണികളില്‍ 2018 മുതല്‍ രണ്ടാം തലമുറ മോഡല്‍ ഉണ്ട്. കമ്പനി മൂന്നാം തലമുറ ഡസ്റ്റര്‍ എസ് യുവിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 2023-24 ഓടെ ഇത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മോഡല്‍ ഇന്ത്യന്‍ വിപണിയിലും എത്തും.

റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അടുത്ത തലമുറ ഡസ്റ്റര്‍ വളരെ മികച്ച വിലയും ഫീച്ചറുകളും നല്‍കുമെന്നും ഓഫ്-റോഡില്‍ പോകാന്‍ കഴിയുന്ന ഒരു ലളിതമായ കാര്‍ തിരയുന്ന ഉപഭോക്താക്കളെ അഭിസംബോധന ചെയ്യുമെന്നുമാണ്. മൂന്നാം തലമുറ റെനോ ഡസ്റ്റര്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നത് റെനോ-നിസ്സാന്‍-മിത്സുബിഷി അലയന്‍സിന്റെ സിഎംഎഫ്ബി പ്ലാറ്റ്ഫോമിലാണ്.

എസ് യുവിയുടെ ഓള്‍-ഇലക്ട്രിക് പതിപ്പും തിരഞ്ഞെടുത്ത വിപണികളില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമുള്ള ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാണ് ഇന്ത്യ-സ്‌പെക്ക് മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡലും നമ്മുടെ വിപണിയില്‍ അവതരിപ്പിക്കാം. 2025-ഓടെ പുറത്തിറക്കാന്‍ സാധ്യതയുള്ള ബിഗ്സ്റ്റര്‍ എസ് യുവിയുടെ പ്രൊഡക്ഷന്‍ പതിപ്പിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.

ഡസ്റ്റര്‍, ക്വിഡ്, ട്രൈബര്‍, കിഗര്‍ എന്നീ നാല് മോഡലുകളാണ് റെനോ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്. ഘട്ടം ഘട്ടമായി ആണ് റെനോ വാഹനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുന്നത്. ഡസ്റ്റര്‍ ആദ്യം എത്തിച്ചു. പിന്നാലെ ക്വിഡ്, ട്രൈബര്‍, ഇപ്പോള്‍ കിഗര്‍ എന്നിങ്ങനെയാണ് വാഹനങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്.