Connect with us

Eduline

കീം മാർക്കിന് പുതിയ സമവാക്യം

തമിഴ്നാട് പിന്തുടരുന്ന ഫോർമുലക്ക് സമാനമായ നോർമലൈസേഷൻ ഫോർമുല നടപ്പാക്കാനാണ് തീരുമാനം

Published

|

Last Updated

കീം 2026 എൻജിനീയറിംഗ് പ്രവേശന പരീക്ഷയുടെ മാർക്ക് സമീകരണത്തിന് ഇനി പുതിയ സമവാക്യം. എൻജിനീയറിംഗ് കോഴ്സുകളിലെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള സ്റ്റാൻഡേർഡൈസേഷൻ പ്രക്രിയ പഠിക്കുന്നതിന് നിയോഗിച്ച സമിതി സമർപ്പിച്ച റിപോർട്ടിന് അംഗീകാരം ലഭിച്ചു. എൻജിനീയറിംഗ് പ്രവേശന പരീക്ഷകളിലെ സ്റ്റാൻഡേർഡൈസേഷൻ നയവും എൻട്രൻസ് സ്‌കോർ നോർമലൈസേഷൻ പ്രക്രിയയും വിദ്യാർഥികൾക്കുണ്ടാക്കുന്ന മാർക്ക് നഷ്ടം നീതികരിക്കാനാകില്ലെന്ന വിലയിരുത്തലിലാണ് പുതിയ മാർക്ക് സമീകരണ സമവാക്യം രൂപവത്കരിച്ചത്.

5:3:2

മുൻവർഷങ്ങളിലെ കീം റാങ്ക് ലിസ്റ്റിനെതിരെ നിരവധി ആക്ഷേപങ്ങളാണ് ഉയർന്നത്. ഇതിനെതിരെ വിദ്യാർഥികൾ കോടതിയെ സമീപിച്ചിരുന്നു. ഇത്തവണ പിഴവുകൾ ഒഴിവാക്കുകയാണ് ലക്ഷ്യം. തമിഴ്നാട് പിന്തുടരുന്ന ഫോർമുലക്ക് സമാനമായ നോർമലൈസേഷൻ ഫോർമുല നടപ്പാക്കാനാണ് തീരുമാനം. കണക്ക്: ഫിസിക്സ്: കെമിസ്ട്രി എന്നിവയുടെ അനുപാതം 5:3:2 എന്ന രീതിയിൽ നിജപ്പെടുത്തും.

എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ ലഭിച്ച നോർമലൈസ്ഡ് സ്‌കോറിനും യോഗ്യതാ പരീക്ഷയുടെ അവസാന വർഷത്തിലെ (പ്ലസ്ടു മാത്രം) മാർക്കിനും തുല്യ വെയിറ്റേജ് (50:50) നൽകിയാകും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതിൽ പ്ലസ്ടു മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളാകും പരിഗണിക്കുന്നത്. 5:3:2 എന്ന അനുപാതത്തിൽ വെയിറ്റേജ് നൽകും.

കെമിസ്ട്രി പഠിച്ചിട്ടില്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിലെ മാർക്ക് പരിഗണിക്കും. കെമിസ്ട്രിയും, കമ്പ്യൂട്ടർ സയൻസും പഠിച്ചിട്ടില്ലെങ്കിൽ, ബയോടെക്‌നോളജിയിൽ ലഭിച്ച മാർക്ക് പരിഗണിക്കും. കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ബയോടെക്‌നോളജി എന്നിവ പഠിച്ചിട്ടില്ലെങ്കിൽ, ബയോളജിയിൽ ലഭിച്ച മാർക്കായിരിക്കും പരിഗണിക്കുന്നത്.

ഓരോ ബോർഡിലെയും ഉയർന്ന മാർക്കെടുത്ത് അത് 100 മാർക്കായി പരിഗണിക്കും. ഉദാഹരണത്തിന്, ഒരു ബോർഡ് പരീക്ഷയിൽ ഒരു വിദ്യാർഥിക്ക് കെമിസ്ട്രിയിൽ നൽകിയിട്ടുള്ള പരമാവധി മാർക്ക് 90 ആണെന്ന് കരുതുക. ആ കുട്ടിക്ക് 90ൽ 85 മാർക്ക് കിട്ടിയെന്ന് വിചാരിക്കുക. അങ്ങനെയെങ്കിൽ 90ൽ 85 കിട്ടിയെങ്കിൽ അത് 100ൽ എത്ര വരുമെന്ന് കണ്ടെത്തും. 85*100/90=94.44. ഓരോ വിഷയങ്ങളുടെയും മാർക്ക് ഈ രീതിയിൽ സമീകരിക്കും.

സമീകരണത്തിന് ശേഷം കിട്ടുന്ന മാർക്കാണ് 5:3:2 എന്ന ആനുപാതത്തിൽ റാങ്ക് ലിസ്റ്റിൽ പരിഗണിക്കുന്നത്.നോർമലൈസേഷന് ശേഷം പ്ലസ്ടുവിലെ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ മാർക്കുകൾ 150, 90, 60 എന്നീ ബേസുകളിൽ പരിഗണിക്കും. അതായത്, മൂന്ന് വിഷയങ്ങളുടെയും ആകെ മാർക്ക് 300 ആകും. കീമിലെ മാർക്കും സമീകരണത്തിലൂടെ 300 ആക്കും. ഇത് രണ്ടും കൂടി പരിഗണിച്ച് ആകെ 600 മാർക്കിലെ സ്‌കോർ പരിഗണിച്ച് റാങ്ക് നിശ്ചയിക്കും. കീം 2026 പരീക്ഷയുടെ പ്രോസ്പക്ടസിൽ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളുണ്ടാകും.

---- facebook comment plugin here -----

Latest