Kerala
നയനയുടെ മരണം: പോലീസ് കസ്റ്റഡിയിലെടുത്ത വസ്തുക്കള്‍ കണ്ടെത്തി
തെളിവ് വസ്തുക്കൾ വീണ്ടെടുത്തത് സാധനങ്ങള്‍ കൂട്ടിയിട്ട സ്ഥലത്ത് നിന്ന്

തിരുവനന്തപുരം | യുവ സംവിധായക നയന സൂര്യയുടെ മരണത്തിന് പിന്നാലെ നയനയുടെ മുറിയില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത വസ്തുക്കള്‍ കണ്ടെത്തി. ബെഡ് ഷീറ്റും തലയണയും വസ്ത്രങ്ങളുമാണ് കണ്ടെത്തിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലെ സാധനങ്ങള്‍ കൂട്ടിയിട്ടിരുന്നിടത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.
ക്രൈംബ്രാഞ്ചിൻ്റെ ആവശ്യപ്രകാരം പോലീസുകാര്‍ നടത്തിയ തിരച്ചിലാണ് വസ്തുക്കള്‍ കണ്ടെത്തിയത്. നേരത്തെ മ്യൂസിയം സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലുകള്‍ കാണാതായത് വിവാദമായിരുന്നു.
2019 ലാണ് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തെളിയിക്കപ്പെടാത്ത കേസായി മ്യൂസിയം പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ ദുരൂഹത കൂടിയത്. പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തില്‍ ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തുകയും ചെയ്തു. പിന്നാലെയാണ് കേസ് ക്രൈബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറിയത്.