Connect with us

Articles

ദേശീയ സ്വാതന്ത്ര്യവും സന്ദിഗ്ധതകളും

നിയമവാഴ്ചയും നീതിന്യായവുമെല്ലാം നിരന്തരം ഭരണഘടനാ തത്വങ്ങളോട് ഏറ്റുമുട്ടുകയും പൗരന്മാരുടെ വിയോജനങ്ങളെ രാജ്യദ്രോഹമായി വിലയിരുത്തുകയും ചെയ്യുന്ന സമീപനം ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തി വെക്കുന്ന സ്ഥിതിയിലേക്കെത്തിയിട്ടുണ്ട്. തടവിൽ കൊല്ലപ്പെട്ട ഫാദർ സ്റ്റാൻ സ്വാമിയും മൃതപ്രായനായ മഅ്ദനിയും ജയിൽ പീഡനമനുഭവിച്ചു കൊണ്ടിരിക്കുന്ന മറ്റു ജനാധിപത്യ പോരാളികളും ഈ സാഹചര്യത്തിന്റെ തീഷ്ണത നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

Published

|

Last Updated

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിമത്തത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തിയഞ്ചാം വാർഷികം രാജ്യമൊട്ടുക്കും ആഘോഷിക്കുന്ന ഈ വേളയിൽ സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ രണ ഭൂമിയിൽ ജീവൻ ബലിയർപ്പിക്കുകയും ജീവിതം ഹോമിക്കുകയും ചെയ്ത പ്രശസ്തരും അപ്രശസ്തരുമായ അസംഖ്യം പോരാളികളുടെ ധീര സ്മരണകൾ അണയാതെ കാത്തു സൂക്ഷിക്കുക എന്ന ചരിത്ര ദൗത്യമാണ് നാമോരോരുത്തരും നിർവഹിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഒന്നര നൂറ്റാണ്ട് കാലത്തെ സമര പോരാട്ടങ്ങൾക്ക് വിജയസമാപ്തി കുറിച്ചു കൊണ്ട് 1947 ആഗസ്റ്റ് 15ന് നടന്ന അധികാര കൈമാറ്റവും സ്വാതന്ത്ര്യ പ്രഖ്യാപനവും തുടർന്നുള്ള സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്ര പുനർ നിർമാണ പ്രക്രിയയും ഈ പോരാട്ടങ്ങളുടെ അന്തസ്സത്തയോട് തത്വത്തിലും പ്രയോഗങ്ങളിലും എത്രത്തോളം നീതി പുലർത്തിയെന്ന് പരിശോധിക്കാനുള്ള ഒരു സന്ദർഭം കൂടിയാണ് സ്വാതന്ത്ര്യലബ്ധിയുടെ സ്മരണ പുതുക്കുന്ന സ്വാതന്ത്ര്യദിനാചരണ ചടങ്ങുകൾ.

സാമ്രാജ്യത്വ ഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുകയും പൗരാവകാശങ്ങൾ ധ്വംസിക്കപ്പെടുകയും ഭരണഘടനാദത്തമായ മനുഷ്യാവകാശങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു ഭരണ രീതി സ്വാതന്ത്ര്യ സമരത്തിന്റെ വിഭാവനകൾക്കെല്ലാം ആഘാതമേൽപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു സാഹചര്യം സർവേന്ത്യാതലത്തിൽ തന്നെ പ്രത്യക്ഷമായിട്ടുണ്ടെന്നതാണ് അതിന്റെ പ്രധാന കാരണം. തടവിൽ കൊല്ലപ്പെട്ട ഫാദർ സ്റ്റാൻ സ്വാമിയും മൃതപ്രായനായ മഅ്ദനിയും ജയിൽ പീഡനമനുഭവിച്ചു കൊണ്ടിരിക്കുന്ന മറ്റു ജനാധിപത്യ പോരാളികളും ഈ സാഹചര്യത്തിന്റെ തീഷ്ണത നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

നിയമവാഴ്ചയും നീതിന്യായവുമെല്ലാം നിരന്തരം ഭരണഘടനാ തത്വങ്ങളോടേറ്റുമുട്ടുകയും പൗരന്മാരുടെ വിയോജനങ്ങളെ രാജ്യദ്രോഹമായി വിലയിരുത്തുകയും ചെയ്യുന്ന സമീപനം ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തി വെക്കുന്ന സ്ഥിതിയിലേക്കെത്തിയിട്ടുണ്ട്. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കർഷകരുടെ ഭൂമി കവർന്നെടുക്കാനും തൊഴിലാളികളുടെ അവകാശ സമരങ്ങൾക്ക് നിരോധനമേർപ്പെടുത്താനും പര്യാപ്തമായ വിധത്തിൽ നിയമ നിർമാണങ്ങൾ നടത്തുന്ന ഭരണ സമ്പ്രദായം പൂർണമായും മൂലധന ശക്തികളുടെ നിക്ഷിപ്ത താത്പര്യങ്ങക്ക് പാദസേവ ചെയ്യുകയാണെന്ന് അടിക്കടി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണ കാലത്ത് പോലും സാധ്യമാകാത്തവിധത്തിൽ ജനങ്ങളെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്തു കൊണ്ട് മതേതര, ജനാധിപത്യ ഭരണത്തിന്റെ സ്ഥാനത്ത് അടക്കി ഭരണത്തിന്റെയും ആഭ്യന്തരമായ അധിനിവേശ പ്രവണതകളുടെയും ആക്രമണോത്സുകതയാണ് രാജ്യമെമ്പാടും അഴിഞ്ഞാടുന്നത്. ഇത് ജനങ്ങളെ മാത്രമല്ല, ജനാധിപത്യ സംവിധാനത്തെയും സ്ഥാപനങ്ങളെയും ഉന്നം വെച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നത്.

മതന്യൂനപക്ഷങ്ങളെയും ദളിത് ആദിവാസി ജനവിഭാഗങ്ങളെയും സ്ത്രീകളെയും തുല്യാവകാശമില്ലാത്തവരായി കണക്കാക്കുകയും അവർക്കെതിരെ അരങ്ങേറുന്ന അക്രമങ്ങളെ അപ്രധാനമായി കാണുകയും ചെയ്യുന്ന സമീപനം ഭരിക്കുന്ന ആശയമെന്നോണം ആധിപത്യം സ്ഥാപിക്കുന്നതിന്റെ അനുഭവ സാക്ഷ്യങ്ങൾ സ്വാതന്ത്ര്യമെന്ന സങ്കൽപ്പത്തെ തന്നെയാണിപ്പോൾ വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യത്തെ സവർണ സമ്പന്നരുടെ ജാത്യാവകാശമെന്നതിലേക്ക് വെട്ടിച്ചുരുക്കിയിരിക്കുന്നു. മതേതര ജനാധിപത്യം, അവസര സമത്വം, വ്യക്തി സ്വാതന്ത്ര്യം, തുല്യത എന്നീ മഹനീയ തത്വങ്ങളുടെ അടിസ്ഥാനത്തിൽ രൂപ കൽപ്പന ചെയ്യപ്പെട്ട രാഷ്ട്ര പുനർനിർമാണ പ്രക്രിയ, എഴുപത്തിനാല് വർഷങ്ങൾ പിന്നിടുമ്പോൾ ഇത്രത്തോളം ആഴത്തിലുള്ള ഒരു പ്രതിസന്ധിയിലകപ്പെട്ടതെങ്ങനെയെന്നത് സംബന്ധിച്ച ഒരു വീണ്ടു വിചാരം അനിവാര്യമാണെന്നാണ് ഈ സ്വാതന്ത്ര്യദിനം നമ്മെ ഓർമപ്പെടുത്തുന്നത്.
നവലിബറൽ മുതലാളിത്തം, ദേശീയ ഗവൺമെന്റുകളെ സ്വന്തം മൂലധന സമാഹരണ താത്പര്യങ്ങളുടെ ചട്ടുകങ്ങളായി ഉപയോഗപ്പെടുത്തുന്നുവെന്നുള്ളത് ഇന്നൊരു സാർവ ലൗകിക യാഥാർഥ്യമാണ്. ദേശീയ ഭരണവർഗങ്ങളെ സഖ്യ ശക്തികളാക്കി സമ്പദ്‌വ്യവസ്ഥകളെ കൊടിയ ചൂഷണത്തിനിരയാക്കുകയും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാറുകളുടെ നയപരിപാടികൾ അവർക്ക് അനുസൃതമായി മാറ്റി മറിക്കുകയും ചെയ്യുന്നതാണതിന്റെ പ്രവർത്തന രീതി. എന്നാൽ ഇതു മാത്രമാണ് ഇന്ത്യൻ ജനാധിപത്യം ഇന്നഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമെന്ന് വിലയിരുത്തുന്നത് വസ്തുനിഷ്ഠമായിരിക്കില്ല. സ്വാതന്ത്ര്യാനന്തരം നിലവിൽ വന്ന ഭരണ വ്യവസ്ഥയുടെയും രാഷ്ട്രീയ വ്യവസ്ഥയുടെയും ആന്തരിക ദൗർബല്യങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ മതേതര ജനാധിപത്യ രാഷ്ട്രീയത്തിന് സംഭവിച്ച പാളിച്ചകളും ഇതിൽ നിർണായക ഘടകമാണ്. നവ ലിബറൽ മുതലാളിത്തത്തിന്റെ രാഷ്ട്രീയ കവചമായി ഇന്ത്യയിൽ സംഘ് പരിവാർ ശക്തികൾക്ക് ജന പിന്തുണയാർജിക്കാനും ഭരണാധികാരം കൈക്കലാക്കുവാനും സാധിച്ചത് മതേതര ജനാധിപത്യ രാഷ്ട്രീയത്തിന്റെ പാളിച്ചകളുടെയും ബലഹീനതകളുടെയും പരിണിതഫലമാണ്.

സ്വതന്ത്ര ഇന്ത്യയിലെ ഭരണവ്യവസ്ഥയും രാഷ്ട്രീയ വ്യവസ്ഥയും പ്രധാനമായും കൊളോണിയൽ ഭരണ പാരമ്പര്യം, സ്വാതന്ത്ര്യ സമരത്തിലൂടെ ആർജിച്ചെടുത്ത മതേതര രാഷ്ട്രീയ പാരമ്പര്യം, ബ്രിട്ടീഷ് അധികാരികൾ നിർമിച്ചെടുത്ത സവർണ സാംസ്‌കാരിക പാരമ്പര്യം എന്നീ മൂന്ന് വ്യത്യസ്ത ചരിത്ര ശക്തികളുടെ സംഘാതത്തിലൂടെയാണ് രൂപവത്കരിക്കപ്പെട്ടത്. ബ്യൂറോക്രസിയെയും പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ചുകൊണ്ട് കേന്ദ്രീകൃത രാഷ്ട്രീയാധികാരത്തെ ഊട്ടിയുറപ്പിക്കുകയും ദേശീയ ഭരണ വർഗങ്ങളുടെ അധികാര വാഞ്്ഛയെ പാർലിമെന്ററി ജനാധിപത്യത്തിന്റെ കൊളോണിയൽ ചട്ടക്കൂടിനുള്ളിൽ വളച്ചു കെട്ടുകയും ചെയ്തു കൊണ്ടാണ് ബ്രിട്ടീഷ് ഭരണം 1947 വരെ ഇന്ത്യൻ ജനതയുടെ വിമോചന പ്രക്ഷോഭങ്ങളെ എതിരിട്ടത്. ഇന്ത്യൻ ഭരണ വർഗങ്ങളുമായി വിശിഷ്യാ, ജാതിമേൽക്കോയ്മ യുടെ സഖ്യം സ്ഥാപിച്ചെടുത്തതിന്റെ സമുന്നത രൂപമായിരുന്നു ബ്രിട്ടീഷ് ഭരണകാലത്തെ ബ്യൂറോക്രസി. ഈ ഘടനയെ അതേപടി നിലനിർത്തിക്കൊണ്ടാണ് സ്വതന്ത്ര ഇന്ത്യയുടെ ഭരണവ്യവസ്ഥ പ്രവർത്തന സജ്ജമായത്. പാർലിമെന്ററി സമ്പ്രദായം പരിഷ്‌കരിക്കപ്പെട്ടെങ്കിലും നിയമവാഴ്ചയുടെ അടിസ്ഥാന പ്രമാണങ്ങൾ ഇപ്പോഴും 1860 ലെ പോലീസ് നിയമവും 1871 ലെ തെളിവുനിയമവുമാണ്. അതിന്റെ ദുരന്തമാണിപ്പോൾ രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂട വിമർശകരെ ‘രാജാവിനെതിരെ യുദ്ധം ചെയ്യുന്നവർ’ എന്ന ബ്രിട്ടീഷ് കാഴ്ചപ്പാടോടെ ജയിലിലിട്ട് കൊല്ലാക്കൊല ചെയ്യുന്ന സാഹചര്യം ഈ കൊളോണിയൽ ഘടനയുടെ സൃഷ്ടിയാണ്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും മഹത്തരമായ ഉത്പന്നമാണ് മതേതര രാഷ്ട്രീയ വ്യവസ്ഥ എന്നതിൽ തർക്കമില്ല. പക്ഷേ, സ്വാതന്ത്ര്യസമരകാലം മുതൽ തന്നെ മതേതര രാഷ്ട്രീയത്തെ ചൂഴ്ന്ന് നിന്നിരുന്ന ഭീഷണികളെ സ്വാതന്ത്ര്യാനന്തര ഭരണകൂടം അപ്രധാനമായി കരുതി. കോൺഗ്രസ്സിന്റെയും ഗാന്ധിജിയുടെയും നേതൃത്വത്തിൽ നടന്ന ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ നേതൃത്വം പിടിച്ചെടുക്കാൻ ജാതിമേൽക്കോയ്മാ ശക്തികൾ കിണഞ്ഞുപരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. കോൺഗ്രസ്സിന്റെ പിന്നിൽ അണിനിരന്ന സാമ്രാജ്യത്വവിരുദ്ധരായ മുതലാളി വർഗവും ഹിന്ദു- മുസ്‌ലിം മധ്യവർഗവും അതിനെ ചെറുത്ത് തോൽപ്പിക്കുകയാണുണ്ടായത്. ഇന്ത്യൻ മുതലാളി വർഗവുമായുള്ള അധികാര കിടമത്സരത്തിൽ ജാതിമേൽക്കോയ്മാ ശക്തികൾക്ക് ജനപിന്തുണയാർജിക്കുവാൻ സാധിച്ചില്ല. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ചേരിയുടെ നേതൃത്വത്തിൽ സമാന്തരമായി ഉയർന്നുവന്ന വർഗ ബഹുജന പ്രസ്ഥാനങ്ങളുടെ സാന്നിധ്യം ശക്തമായിരുന്നതിനാൽ സവർണ മധ്യവർഗത്തിൽ നിന്ന് താഴോട്ടിറങ്ങാൻ ജാതിമേൽക്കോയ്മാ ശക്തികൾക്ക് സാധ്യമായില്ല. എന്നാൽ ജാതിമേൽക്കോയ്മയുമായി സാംസ്‌കാരികമായി സന്ധിയും രാഷ്ട്രീയമായി സമരവും എന്ന ദ്വന്ദസമീപനമാണ് ഗാന്ധിയും കോൺഗ്രസ്സും സ്വീകരിച്ചത്.

സ്വാതന്ത്ര്യലബ്ധിയോടെ ഇത് ജാതിമേൽക്കോയ്മയുമായി സാംസ്‌കാരികമായും രാഷ്ട്രീയമായും സന്ധിചെയ്യുന്ന ഒരു തരത്തിലെത്തിച്ചേർന്നു. മാത്രമല്ല ഭരണഘടനയുടെ അധികാര നിർമാണത്തിലൂടെ മുഴുവൻ ജനവിഭാഗങ്ങളെയും വിവേചനരഹിതമായ രീതിയിൽ അധികാരത്തിന്റെ ഗുണഭോക്താക്കളാക്കാമെന്നതായിരുന്നു വിഭാവനയെങ്കിലും പ്രയോഗത്തിൽ അത് മതന്യൂനപക്ഷങ്ങളെയും അവർണ ജനവിഭാഗങ്ങളെയും അധികാരപങ്കാളിത്തത്തിനുള്ള അവകാശത്തിന്റെ പടിക്കുപുറത്തു നിർത്തുകയാണുണ്ടായത്. ഉദ്യോഗസ്ഥ സംവരണ ആനുകൂല്യത്തിനപ്പുറത്തേക്ക് അവർക്ക് പ്രവേശനം നിഷിദ്ധമാക്കി. മതേതര രാഷ്ട്രീയത്തിന്റെ അധികാരഘടനയിൽ നിന്ന് ഇപ്രകാരം ബഹിഷ്‌കൃതരാക്കപ്പെട്ട ജനവിഭാഗങ്ങളുടെ അധികാരമില്ലായ്മയെയാണ് ഇന്ത്യയിലെ സംഘ്പരിവാർ രാഷ്ട്രീയം അതിന്റെ രാഷ്ട്രീയവളർച്ചക്ക് മുതൽക്കൂട്ടാക്കിമാറ്റിയത്. ഭരണഘടനാതത്വങ്ങൾ സ്വയം പ്രവർത്തനസജ്ജമാവുമെന്ന അബദ്ധധാരണയിൽ അഭിരമിച്ചുകൊണ്ടും സ്വാതന്ത്ര്യാനന്തര വർഷങ്ങളിൽ മതന്യൂനപക്ഷങ്ങൾക്കും അവർണ ജനവിഭാഗങ്ങൾക്കും നേരെ നടന്ന അക്രമങ്ങളെയെല്ലാം വ്യവസ്ഥയുടെ പ്രവർത്തന തകരാറാണെന്ന മട്ടിൽ വിലയിരുത്തുകയും അതിനുള്ളിലടങ്ങിയ രാഷ്ട്രീയ പ്രശ്‌നത്തെ തമസ്‌കരിക്കുകയും ചെയ്താണ് സംഘ്പരിവാറിന്റെ അനുക്രമമുള്ള രാഷ്ട്രീയ വളർച്ചയുടെ അടിസ്ഥാന കാരണം. ഈ തെറ്റുതിരുത്തിക്കൊണ്ട് തത്വത്തിലും പ്രയോഗത്തിലും ഫലപ്രദമായ ചെറുത്തുനിൽപ്പ് സംഘടിപ്പിച്ചുകൊണ്ട് മുന്നേറ്റം സാധ്യമാകണമെങ്കിൽ മതേതരരാഷ്ട്രീയത്തെ സംബന്ധിച്ചുള്ള കുടുസ്സായ നിർവചനങ്ങളിൽ നിന്ന് മതേതര ചേരി പുറത്തുകടക്കേണ്ടതുണ്ട്. മതേതര രാഷ്ട്രീയത്തിന്റെ അകം തുരക്കുന്ന ജാതിമേൽക്കോയ്മയുടെ സാംസ്‌കാരിക ഘടകങ്ങൾക്കെതിരെയും സമരസജ്ജരാകേണ്ടതുണ്ട്. ഇന്ത്യൻ ഭരണവ്യവസ്ഥയുടെ കൊളോണിയൽ അടിത്തറയെ പ്രശ്‌നവത്കരിക്കേണ്ടതുമുണ്ട്.

Latest