Kerala
മദ്റസകള്‍ക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ ഉത്തരവ് പിന്‍വലിക്കണം: ഇസ്‌ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡ്
ബാലാവകാശ കമ്മീഷന്‍ ഉത്തരവ് അത്യന്തം പ്രകോപനപരവും ജനാധിപത്യ അവകാശങ്ങളുടെ ലംഘനവുമാണ്. രാജ്യത്ത് വിഭാഗീയത സൃഷ്ടിച്ച് സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഛിദ്രശക്തികളുടെ ശ്രമങ്ങള്‍ക്ക് ശക്തിപകരാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ.
കോഴിക്കോട് | ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും തുല്യതക്കുമുള്ള അവകാശത്തെ നിഷേധിക്കുന്ന തരത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്ത് പിന്‍വലിക്കണമെന്ന് ഇസ്‌ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡ് സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
കേരളമുള്‍പ്പെടെയുള്ള ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും സര്‍ക്കാറിന്റെ യാതൊരുവിധ സാമ്പത്തിക സഹായവുമില്ലാതെയാണ് ആയിരക്കണക്കിന് മദ്റസകള്‍ മഹല്ല് ജമാഅത്ത് കമ്മിറ്റികള്‍ പൊതുജനങ്ങളില്‍ നിന്ന് പിരിവെടുത്ത് നടത്തിവരുന്നത്. രാജ്യത്തിന്റെ ബഹുസ്വരതയും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനും രാജ്യപുരോഗതിക്ക് വേണ്ടി ഒരുമിച്ചു നില്‍ക്കുന്നതിനുമുള്ള അധ്യാപനങ്ങളും ധാര്‍മ്മിക മൂല്യങ്ങളുമാണ് മദ്റസ സിലബസുകളിലുള്ളത്. മദ്റസകള്‍ ഒരിക്കലും പൊതു വിദ്യാഭ്യാസത്തെ നിഷേധിക്കുകയോ വിദ്യാഭ്യാസ അവകാശ സംരക്ഷണത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല. ചരിത്രപരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നല്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് മതപഠനത്തോടൊപ്പം സ്‌കൂള്‍ വിദ്യാഭ്യാസവും നല്‍കുന്ന സമ്പ്രദായമാണ് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നത്. മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും കേന്ദ്രങ്ങളായ ഇത്തരം മദ്റസകളില്‍ വിവിധ മതവിഭാഗക്കാരും പഠിക്കുന്നുണ്ടെന്നതാണ് വസ്തുത. ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിലടക്കം ഇത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള ബാലാവകാശ കമ്മീഷന്‍ ഉത്തരവ് അത്യന്തം പ്രകോപനപരവും ജനാധിപത്യ അവകാശങ്ങളുടെ ലംഘനവുമാണ്. രാജ്യത്ത് വിഭാഗീയത സൃഷ്ടിച്ച് സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഛിദ്രശക്തികളുടെ ശ്രമങ്ങള്‍ക്ക് ശക്തിപകരാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ. അതിനാല്‍ ബന്ധപ്പെട്ടവര്‍ ഇതില്‍ നിന്ന് പിന്മാറണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം അധ്യക്ഷത വഹിച്ചു. വി പി എം ഫൈസി വില്യാപ്പള്ളി, അബൂ ഹനീഫല്‍ ഫൈസി തെന്നല, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പ്രൊഫ. കെ എം എ റഹീം, അഡ്വ. എ കെ ഇസ്മാഈല്‍ വഫ, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട് സംബന്ധിച്ചു.
സി പി സെയ്തലവി മാസ്റ്റര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.


