Connect with us

editorial

ഇസ്‌റാഈല്‍ പ്രതീക്ഷ നല്‍കുന്നുണ്ടോ?

ഒരു മുന്‍ സൈനിക മേധാവി എന്ന നിലയില്‍ ഇസ്‌റാഈലിന്റെ അക്രമാസക്ത നയങ്ങള്‍ അപ്പടി മാറ്റാന്‍ ഐസന്‍കോട്ട് തയ്യാറാകില്ലെങ്കിലും, ബെന്‍-ഗിവിര്‍, സ്‌മോട്രിച്ച് എന്നിവരുടെ വിദ്വേഷ രാഷ്ട്രീയത്തില്‍ നിന്നുള്ള മോചനം വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം.

Published

|

Last Updated

യുദ്ധോത്സുകതക്കും വംശീയതക്കുമെതിരെ ലോകത്താകെയുയരുന്ന ജനകീയ വികാരത്തിന്റെ പ്രതിഫലനമായാണ് യു എസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പാര്‍ട്ടി നേരിട്ട തിരിച്ചടിയും ഇസ്‌റാഈലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ വിധിയെഴുത്തും വിലയിരുത്തപ്പെടുന്നത്. ഇറാനെതിരെ ഏകപക്ഷീയ ആക്രമണമഴിച്ചുവിട്ട് മധ്യപൗരസ്ത്യ ദേശത്ത് മാത്രമല്ല ലോകത്താകെ പ്രതിസന്ധി വിതച്ചതിന് ഉത്തരവാദികളായ രണ്ട് നേതാക്കളും ജനകീയ വിചാരണ നേരിട്ടിരിക്കുകയാണ്. ഇസ്‌റാഈലില്‍ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനുള്ള അംഗബലം നേടാന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്കും തീവ്രവലതുപക്ഷ സഖ്യശക്തികള്‍ക്കും സാധിച്ചില്ല. യു എസിലാകട്ടെ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ജനപ്രതിനിധിസഭയിലും സെനറ്റിലും മേല്‍ക്കൈ നഷ്ടപ്പെട്ടു. ഇസ്‌റാഈലിലെയും യു എസിലെയും ജനാധിപത്യ തിരുത്തലുകള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമാധാന സ്‌നേഹികള്‍.

ഇസ്‌റാഈലില്‍ പ്രതിപക്ഷ സഖ്യത്തിന്റെ നേതാവ് ഗാഡി ഐസന്‍കോട്ടിനെ പുതിയ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചിരിക്കുകയാണ് പ്രസിഡന്റ് ഐസക് ഹെര്‍സോഗ്. നെതന്യാഹുവിനെ മറികടന്ന് ഐസന്‍കോട്ടിനെ ഈ ദൗത്യമേല്‍പ്പിച്ച പ്രസിഡന്റിന്റെ തീരുമാനം ഇസ്‌റാഈലിന്റെ ഭാവി രാഷ്ട്രീയദിശ മാറ്റിമറിക്കാന്‍ പോന്ന ഒന്നാണ്. അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള നെതന്യാഹുവിന്റെ നീക്കത്തിന് പ്രസിഡന്റ് തടയിടുകയായിരുന്നു.

പാര്‍ലിമെന്റിലെ നിര്‍ണായക ശക്തിയായി ഉയര്‍ന്നുവന്ന അറബ് പാര്‍ട്ടികളുടെ പിന്തുണ ഐസന്‍കോട്ടിനാണ്. മൊത്തം 67 ജനപ്രതിനിധികള്‍ ഐസന്‍കോട്ടിനെ പ്രധാനമന്ത്രിപദത്തിലേക്ക് ശിപാര്‍ശ ചെയ്തപ്പോള്‍ 46 പേര്‍ മാത്രമാണ് നെതന്യാഹുവിനെ പിന്തുണക്കാനുള്ളത്.

ഇസ്‌റാഈല്‍ ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന അറബ് ജനവിഭാഗം നേരിടുന്ന കടുത്ത വിവേചനങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ഈ രാഷ്ട്രീയ നീക്കത്തെ വിലയിരുത്താന്‍. പ്രത്യേകിച്ച്, 2018ല്‍ നെതന്യാഹു സര്‍ക്കാര്‍ പാസ്സാക്കിയ “നേഷന്‍ സ്റ്റേറ്റ് നിയമം’ ഇസ്‌റാഈലിലെ അറബ് സമൂഹത്തെ സ്വന്തം നാട്ടില്‍ രണ്ടാംതരം പൗരന്മാരാക്കി മാറ്റുകയും അവരെ പൂര്‍ണമായി അന്യവത്കരിക്കുകയും ചെയ്തിരുന്നു. ജൂത ജനവിഭാഗത്തിന് മാത്രം സ്വയംനിര്‍ണയാവകാശം നല്‍കുകയും അറബി ഭാഷയുടെ ഔദ്യോഗിക പദവി എടുത്തുകളയുകയും ചെയ്ത ഈ നിയമം വിവേചനങ്ങള്‍ക്ക് ഭരണഘടനാസാധുത നല്‍കുകയായിരുന്നു. ഈ അന്യവത്കരണത്തിനെതിരെയുള്ള അറബ് സമൂഹത്തിന്റെ ശക്തമായ രാഷ്ട്രീയ പ്രതികരണമാണ് ഇത്തവണ അവര്‍ നേടിയ 19 സീറ്റിന്റെ വിജയവും അറബ് മേഖലയിലുണ്ടായ റെക്കോര്‍ഡ് പോളിംഗും.

മുന്‍ സൈനിക മേധാവിയായ ഗാഡി ഐസന്‍കോട്ടില്‍ നിന്ന് എത്രമാത്രം നീതിയുക്തമായ ഇടപെടല്‍ പ്രതീക്ഷിക്കാമെന്ന ചോദ്യം ഇത്തരുണത്തില്‍ പ്രസക്തമാണ്. 2015 മുതല്‍ 2019 വരെ ഇസ്‌റാഈല്‍ പ്രതിരോധ സേനയുടെ തലവനായിരുന്നു അദ്ദേഹം. കൂടാതെ, 2023 ഒക്ടോബറില്‍ ആരംഭിച്ച ഗസ്സാ വംശഹത്യയുടെ ആദ്യ എട്ട് മാസങ്ങളില്‍ നെതന്യാഹുവിന്റെ യുദ്ധ ക്യാബിനറ്റില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ഇസ്‌റാഈല്‍ സൈന്യത്തെ നേരിടുന്ന സിവിലിയന്‍മാരെ പോലും ക്രൂരമായി അടിച്ചമര്‍ത്താന്‍ അധികാരം നല്‍കുന്ന ദഹിയേഹ് ഡോക്ട്രിന്റെ ഉപജ്ഞാതാവുമാണ് അദ്ദേഹം. അതുകൊണ്ടുതന്നെ, അറബ് സമൂഹത്തെ സംബന്ധിച്ചിടത്തോളം ഐസന്‍കോട്ട് “സ്വപ്‌ന നേതാവോ’ സമാധാനവാദിയോ അല്ല. എങ്കിലും, ഫാസിസ്റ്റ്, വംശീയ ഭരണത്തിന് നേതൃത്വം നല്‍കുന്ന നെതന്യാഹുവിനെയും സഖ്യത്തെ യും പുറത്താക്കുകയെന്ന തന്ത്രപരമായ ലക്ഷ്യമാണ് അവരെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.

പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നാല്‍, വര്‍ഷങ്ങളായി തുടരുന്ന ഗസ്സയിലെ മാനുഷിക ദുരിതത്തിനും ഫലസ്തീന്‍ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ എത്രത്തോളം സാധിക്കുമെന്നത് ഏറെ നിര്‍ണായകമാണ്. ഒരു മുന്‍ സൈനിക മേധാവി എന്ന നിലയില്‍ ഇസ്‌റാഈലിന്റെ അക്രമാസക്ത നയങ്ങള്‍ അപ്പടി മാറ്റാന്‍ ഐസന്‍കോട്ട് തയ്യാറാകില്ലെങ്കിലും നെതന്യാഹുവിന്റെ തീവ്രസയണിസ്റ്റ് കൂട്ടാളികളായ ബെൻ‍-ഗിവിര്‍, സ്‌മോട്രിച്ച് എന്നിവരുടെ വിദ്വേഷ രാഷ്ട്രീയത്തില്‍ നിന്നുള്ള മോചനം വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം. ഗസ്സയില്‍ ശാശ്വതമായ വെടിനിര്‍ത്തല്‍ നടപ്പാക്കാനും തടസ്സമില്ലാതെ മാനുഷിക സഹായങ്ങള്‍ എത്തിക്കാനും പുതിയ സര്‍ക്കാറിന് മുന്‍കൈയെടുക്കാന്‍ സാധിക്കും. വെസ്റ്റ് ബാങ്കിലെ അനധികൃത ജൂത കുടിയേറ്റങ്ങള്‍ക്കും അവിടെ ഫലസ്തീനികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും കടിഞ്ഞാണിടാന്‍ തീവ്ര വലതുപക്ഷമില്ലാത്ത ഒരു സര്‍ക്കാറിന് സാധിക്കും. അന്താരാഷ്ട്ര സമൂഹവുമായും അറബ് രാജ്യങ്ങളുമായും ചേര്‍ന്ന് സമാധാന ചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ വീണ്ടും തുറക്കാന്‍ പുതിയ ഭരണകൂടത്തിന് കഴിയും. അറബ് പാര്‍ട്ടികളുടെ പുറത്തുനിന്നുള്ള പിന്തുണ നിലനിര്‍ത്തണമെങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍ കുറയ്ക്കാന്‍ ഐസന്‍കോട്ട് നിര്‍ബന്ധിതനാകും.

ഭരണഘടന പ്രകാരം സഖ്യസര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഐസന്‍കോട്ടിന് 28 ദിവസത്തെ സമയമാണുള്ളത്. അറബ് പാര്‍ട്ടികളുമായി നേരിട്ട് സഖ്യമുണ്ടാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയ സാഹചര്യത്തില്‍, അള്‍ട്രാ- ഓര്‍ത്തഡോക്‌സ് പാര്‍ട്ടികളെ ഒപ്പം കൂട്ടുകയോ, അല്ലെങ്കില്‍ അറബ് പാര്‍ട്ടികളുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ഒരു ന്യൂനപക്ഷ സര്‍ക്കാര്‍ രൂപവത്കരിക്കുകയോ ചെയ്യേണ്ടി വരും. ആഭ്യന്തര പ്രതിസന്ധികളും അന്താരാഷ്ട്ര സമ്മര്‍ദങ്ങളും മറികടന്ന്, ഗസ്സയിലെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താനും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാറിന് സാധിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.

Content Highlights: Israeli President Isaac Herzog invited opposition leader Gadi Eisenkot to form the new government, bypassing Benjamin Netanyahu following election setbacks. Republican party losses in the US midterms also signal a shift. Global observers wait to see if this transition brings peace to Gaza.

Latest