National
സമയം ലാഭിക്കാൻ എടുത്ത 'കുറുക്കുവഴി' മരണക്കെണിയായി; ഒരു കുടുംബത്തിലെ 9 പേർക്ക് ദാരുണാന്ത്യം
40 അടിയോളം വെള്ളമുണ്ടായിരുന്ന ആഴമേറിയ കിണറ്റിലേക്കാണ് കാർ വീണത്.
മുംബൈ | മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് മുതിർന്നവരും ആറ് കുട്ടികളുമാണ് മരിച്ചത്. യാത്ര സുഗമമാക്കാൻ തിരഞ്ഞെടുത്ത കുറുക്കുവഴിയാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്.
വെള്ളിയാഴ്ച ദിൻഡോരിയിലെ ഒരു കോച്ചിംഗ് സെന്റർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ദർഗുഡെ കുടുംബാംഗങ്ങൾ. സുനിൽ ദർഗുഡെ (32), ഭാര്യ രേഷ്മ (27), മകൾ ഗുൺവന്തി (11), സുനിലിന്റെ സഹോദരഭാര്യ ആശ (32), ഇവരുടെ മക്കളായ ശ്രേയസ് (11), ശ്രാവണി (11), ശ്രദ്ധ (13), സൃഷ്ടി (14), ബന്ധുവായ സമൃദ്ധി (7) എന്നിവരാണ് മരിച്ചത്.
പരിപാടി കഴിഞ്ഞ് പത്ത് കിലോമീറ്റർ അകലെയുള്ള സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സമയം ലാഭിക്കാൻ ഡ്രൈവർ സുനിൽ തിരഞ്ഞെടുത്ത എളുപ്പവഴി മരണക്കെണിയായി മാറുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന മാരുതി സുസുക്കി XL6 കാർ നിയന്ത്രണം വിട്ട് റോഡരികിലെ കിണറിന്റെ മതിലിലിടിക്കുകയും താഴേക്ക് പതിക്കുകയുമായിരുന്നു. 40 അടിയോളം വെള്ളമുണ്ടായിരുന്ന ആഴമേറിയ കിണറ്റിലേക്കാണ് കാർ വീണത്.

ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ അഗ്നിശമന സേനയെ വിവരമറിയിച്ചു. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വെളിച്ചക്കുറവും കിണറിന്റെ ആഴവും തടസ്സമായി. പിന്നീട് ഫയർഫോഴ്സ് എത്തി വെളിച്ചം സജ്ജമാക്കി ഡൈവർമാരുടെ സഹായത്തോടെ കാർ പുറത്തെടുത്തു. എന്നാൽ അപ്പോഴേക്കും എല്ലാവരും മരണപ്പെട്ടിരുന്നു. ഒരു കുട്ടിയുടെ മൃതദേഹം കാറിന് പുറത്തായ നിലയിലായിരുന്നു.
അപകടത്തെത്തുടർന്ന് അശ്രദ്ധമായി വാഹനമോടിച്ചതിന് മരിച്ച സുനിൽ ദർഗുഡെയ്ക്കെതിരെയും, കിണർ സുരക്ഷിതമായി മൂടാത്തതിന് ഉടമ രാജേന്ദ്ര രാജെയ്ക്കെതിരെയും പോലീസ് കേസെടുത്തു. ഏതാനും വർഷങ്ങൾക്ക് മുമ്പ് കിണറിനോട് ചേർന്ന് റോഡ് നിർമ്മിച്ചെങ്കിലും കിണർ മൂടാൻ അധികൃതർ തയ്യാറായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് കിണറുടമയും നഗരസഭാ അധികൃതരും തമ്മിൽ തർക്കം നിലനിന്നിരുന്നതായാണ് റിപ്പോർട്ട്.
സംഭവത്തിന് പിന്നാലെ മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജൻ സ്ഥലം സന്ദർശിച്ചു. അപകടത്തെത്തുടർന്ന് പ്രാദേശിക ഭരണകൂടം കിണർ മൂടാനുള്ള നടപടികൾ ആരംഭിച്ചു. റോഡിന് ഇത്രയടുത്ത് കിണർ നിലനിർത്താൻ അധികൃതർ അനുവാദം നൽകിയത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ച് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
Summary
Nine members of a family, including six children, were killed when their car plunged into a 40-foot deep well in Maharashtra’s Nashik district. The accident occurred on Friday evening while the family was returning from an event and attempted to take a shortcut. Authorities have launched an investigation into the negligence regarding the open well located dangerously close to the road.



