Kerala
കേരളത്തില്‍ വി ഡി സതീശന്‍ ഭരിക്കുന്നത് ബി ജെ പിക്കു വേണ്ടി: എം വി ഗോവിന്ദന്‍
നരേന്ദ്ര മോദി സര്‍ക്കാരിന്റെയും വി ഡി സതീശന്‍ സര്‍ക്കാരിന്റെയും നയങ്ങള്‍ ഒന്നുതന്നെ
തിരുവനന്തപുരം | സംസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ആലപിക്കാന്‍ ഉത്തരവിറക്കിയ വി ഡി സതീശന്‍ സര്‍ക്കാര്‍ ബി ജെ പിക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെയും വി ഡി സതീശന്‍ സര്‍ക്കാരിന്റെയും നയങ്ങള്‍ ഒന്നുതന്നെയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ‘കോണ്‍ഗ്രസും പശുവും ചേര്‍ന്നാല്‍ ബി ജെ പി ആയി’ എന്ന മുന്‍ ബി ജെ പി നേതാവും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന അരുണ്‍ ഷൂരിയുടെ പ്രയോഗം ഓര്‍മിപ്പിച്ചു.
മതനിരപേക്ഷത തകര്‍ക്കുന്ന മൃദു ഹിന്ദുത്വ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വന്ദേമാതരത്തിന്റെ ആദ്യ ഭാഗങ്ങള്‍ ദേശഭക്തി ഉള്‍ക്കൊള്ളുന്നതാണെങ്കിലും പിന്നീടുള്ള ഭാഗങ്ങള്‍ ഹിന്ദുത്വ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതും ആര്‍ എസ് എസ് അജണ്ടയുടെ ഭാഗവുമാണ്. മതനിരപേക്ഷ ഉള്ളടക്കത്തിന് യോജിക്കാത്തതിനാലാണ് സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്‌റുവും ഉള്‍പ്പെടെയുള്ളവര്‍ ഇതിലെ ബാക്കി ഭാഗങ്ങള്‍ പാടേണ്ടതില്ല എന്ന് തീരുമാനിച്ചത്. എന്നാല്‍, ചരിത്രം മറന്നുകൊണ്ട് ഇപ്പോള്‍ സംസ്ഥാനത്ത് വന്ദേമാതരം മുഴുവനായും ആലപിക്കാനാണ് കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം ലീഗ് മന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പിന് കീഴിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ഇത് നടപ്പിലാക്കാന്‍ സര്‍ക്കുലര്‍ നല്‍കിക്കഴിഞ്ഞു. വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍ പാടിയതിനെക്കുറിച്ച് അന്ന് ചോദിച്ചപ്പോള്‍, തനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കുട്ടികള്‍ക്കായി തയ്യാറാക്കിയ ക്വിസ് മത്സരത്തിലും കൃത്യമായ ആര്‍ എസ് എസ് അജണ്ടയാണ് നടപ്പിലാക്കുന്നതെന്ന് എം വി ഗോവിന്ദന്‍ ആരോപിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന നേതാവ് ആരാണ് എന്ന ചോദ്യത്തിന് ‘വി ഡി സവര്‍ക്കര്‍’ എന്നാണ് സര്‍ക്കാരിന്റെ ചോദ്യാവലിയിലുള്ള ഉത്തരം. ഇത് കേവലം അബദ്ധമല്ലെന്നും ബോധപൂര്‍വ്വമുള്ള അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. ആന്‍ഡമാനില്‍ ജയിലില്‍ കിടക്കുമ്പോള്‍ ആറ് തവണ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കി ദേശീയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത വ്യക്തിയാണ് സവര്‍ക്കര്‍.
ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു ശബ്ദവും പുറപ്പെടുവിക്കില്ലെന്ന് രേഖാമൂലം എഴുതിനല്‍കിയ സവര്‍ക്കറെ മഹത്വവല്‍ക്കരിക്കുന്നത് ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേന്ദ്ര ഗവണ്‍മെന്റും കേരളത്തിലെ യു ഡി എഫ് ഗവണ്‍മെന്റും ഒരേ സാമ്പത്തിക നയമാണ് പിന്തുടരുന്നത്. കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന സാമ്പത്തിക നിലപാടാണ് ഇരു സര്‍ക്കാരുകള്‍ക്കും ഉള്ളത്. നിലവില്‍ ബിജെപി ഭരണം കേരളത്തില്‍ ഇല്ലെങ്കിലും അവര്‍ക്ക് വേണ്ടി ഭരിക്കുന്ന സര്‍ക്കാരായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറിയെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
Content Highlights:
CPM State Secretary MV Govindan accused the VD Satheesan-led UDF government of implementing an RSS agenda in Kerala. He criticized the order to fully recite Vande Mataram and inclusion of Savarkar in quiz questions. Govindan alleged that UDF policies closely align with the BJP government.





