Connect with us

child abuse Kerala

നെടുമങ്ങാട്ട് ഒന്നര വയസ്സുകാരന്റെ കൊല; നേരത്തെ ലഭിച്ച പരാതി അധികൃതര്‍ അവഗണിച്ചു

മരിച്ച അര്‍ഷിദ് ക്രൂര പീഡനം നേരിടുന്നുവെന്ന് മരിക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പ് കുട്ടിയുടെ മുത്തശ്ശി റീന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ലൈനില്‍ വിളിച്ച് അറിയിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു

Published

|

Last Updated

തിരുവനന്തപുരം | നെടുമങ്ങാട്ട് അമ്മയുടെ സുഹൃത്തിന്റെ മര്‍ദനത്തില്‍ ഒന്നര വയസ്സുകാരന്‍ കൊല്ലപ്പെടുന്നതിനു മുമ്പ് കുട്ടി പീഡിപ്പിക്കപ്പെടുന്ന വിവരം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ലൈനില്‍ വിളിച്ച് അറിയിച്ചിരുന്നതായി വെളിപ്പെടുത്തല്‍.

മരിച്ച അര്‍ഷിദ് ക്രൂര പീഡനം നേരിടുന്നുവെന്ന് മരിക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പ് കുട്ടിയുടെ മുത്തശ്ശി റീന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ലൈനില്‍ വിളിച്ച് അറിയിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. കുട്ടി മരിക്കുന്നതിന് 26 ദിവസം മുമ്പുള്ള ശബ്ദരേഖയില്‍ കുഞ്ഞിന്റെ രണ്ട് കൈകള്‍ക്കും ഒരേസമയം പൊട്ടലേറ്റതിന്റെ ഫോട്ടോകള്‍ സഹിതം സംശയങ്ങള്‍ ഉന്നയിച്ചിട്ടും തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് (ഡി സി പി യു) ഇത് കാര്യമായി എടുത്തില്ല.

സംഭവത്തില്‍ അധികൃതരുടെ കടുത്ത അനാസ്ഥയാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്.
കുഞ്ഞിന്റെ രണ്ട് കൈയും ഒടിഞ്ഞതിന് പിന്നാലെ മേയ് മൂന്നിനാണ് അഖിലയുടെ അമ്മ റീന ഹെല്‍പ് ലൈനിലേക്ക് വിളിച്ചത്. എന്നാല്‍ അവരുടെ ആശങ്കകള്‍ ‘തോന്നലുകള്‍’ മാത്രമാണെന്നും ദേഷ്യം കാരണം അങ്ങനെ പറയുന്നതാകാമെന്നും പറഞ്ഞ് ഉദ്യോഗസ്ഥന്‍ നിസ്സാരവല്‍ക്കരിച്ചു. അഷ്‌കര്‍ കുട്ടിയെ ഉപദ്രവിച്ചിരിക്കാമെന്ന സംശയവും അവര്‍ ഉദ്യോഗസ്ഥനോട് പങ്കുവെച്ചിരുന്നു. കുഞ്ഞിനെ നേരില്‍ കാണാനോ പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കാനോ ഡി സി പി യു തയ്യാറായില്ല.

അര്‍ഷിദിന്റെ സുരക്ഷയെക്കുറിച്ച് തനിക്ക് കടുത്ത ആശങ്കയുണ്ടെന്നും അഷ്‌കര്‍ മുമ്പ് കുട്ടിയെക്കുറിച്ച് ഭീഷണിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചിരുന്നുവെന്നും റീന ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നു. എന്നാല്‍ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമേ നടപടി സ്വീകരിക്കാനാകൂ എന്നായിരുന്നു അവര്‍ പറഞ്ഞത്.

കുഞ്ഞിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും വട്ടപ്പാറ എസ് യു ടി ആശുപത്രിയിലും ചികിത്സിച്ചിരുന്നു. ഗുരുതര പരിക്കുകളുള്ള കാര്യം ഡോക്ടര്‍മാര്‍ പോലീസിനെയോ ശിശുസംരക്ഷണ സമിതിയിലോ അറിയിച്ചില്ല.കുട്ടിക്കെതിരായ അതിക്രമങ്ങള്‍ സംശയിക്കേണ്ട സാഹചര്യമുണ്ടായിട്ടും മെഡിക്കോ-ലീഗല്‍ കേസ് എടുക്കാന്‍ വിസമ്മതിച്ചത് അധികൃതരുടെ വലിയ അനാസ്ഥയാണ്.

മെയ് 29-നാണ് അര്‍ഷിദ് മരിച്ചത്. ഓഡിയോ പുറത്തുവന്നതിന് പിന്നാലെ, ഫോണ്‍ സംഭാഷണത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും വിഷയം അന്വേഷിക്കുമെന്നും തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ് ജെ സുജ പ്രതികരിച്ചു. വിഷയത്തില്‍ വനിതാ-ശിശു വികസന വകുപ്പിന്റെ ഡയറക്ടറുടെ നിര്‍ദേശപ്രകാരം തുടര്‍നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

ഒന്നരവയസ്സുകാരന്‍ നേരിട്ടത് അതിക്രൂരമര്‍ദ്ദനമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ നൂറോളം മുറിവുകളുണ്ടെന്ന് കണ്ടെത്തി. കുഞ്ഞിന്റെ അമ്മയുടെ പങ്കാളി അഷ്‌കര്‍, അമ്മ അഖില എന്നിവരാണ് കേസിലെ പ്രതികള്‍. അഷ്‌കര്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് മരണമെന്നാണ് പോലീസ് പറയുന്നത്. ഒന്നവയസ്സുകാരന്‍ അര്‍ഷിദ് അമ്മയില്‍ നിന്നും അമ്മയുടെ പങ്കാളിയില്‍ നിന്ന് മാസങ്ങളോളം നേരിട്ടത് അതിക്രൂരമായ മര്‍ദ്ദനമാണ്. അങ്ങനെയുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവുമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഡോക്ടറില്‍ നിന്നും പോലീസിന് ലഭിച്ച വിവരം.
.

Latest