Connect with us

Kerala

വധ ഗൂഢാലോചന കേസില്‍ ദിലീപിന് തിരിച്ചടി; അന്വേഷണവുമായി പോലീസിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവും കോടതി തള്ളി

Published

|

Last Updated

കൊച്ചി  | നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. കേസിലെ അന്വേഷണവുമായി കേരളാ പോലീസിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഈ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. കേസ് വ്യാജമാണെന്നും, ഒരു വീട്ടിലിരുന്ന് സംസാരിച്ചാല്‍ അത് വധഗൂഢാലോചനയാകില്ലെന്നും തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നുമായിരുന്നു ദിലീപിന്റെ വാദം.

എന്നാല്‍ കേസിന്റെ മെറിറ്റിലേക്ക് കടക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി, കേസിലെ എഫ്‌ഐആര്‍ റദ്ദാക്കില്ലെന്നും വ്യക്തമാക്കി. ദിലീപും സഹോദരന്‍ അനൂപും അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. ജസ്റ്റിസ് സിയാദ് റഹ്‌മാന്റേതാണ് വിധി.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ‘പദ്മസരോവരം’ എന്ന വീട്ടിലിരുന്ന് ഗൂഢാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.

സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ഇത്തരത്തില്‍ ഒരു ഗൂഢാലോചന നടന്നുവെന്ന് നാല് വര്‍ഷത്തിന് ശേഷം ഒരു മാധ്യമത്തിലൂടെ തുറന്നുപറഞ്ഞത്. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചെങ്കിലും ഇതും കോടതി തള്ളി

 

Latest