Connect with us

articles

മുംബൈ / എസ് എസ് എഫ് ദേശീയ സമ്മേളനം: വീണ്ടെടുപ്പിനുള്ള ആരവങ്ങള്‍

എസ് എസ് എഫ് സാധിച്ച വിപ്ലവങ്ങളുടെ വിളംബരമാണ് ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോപോളിറ്റന്‍ സിറ്റിയായ മുംബൈയുടെ വിരിമാറില്‍ ഇന്നാരംഭിക്കുന്ന സമ്മേളനം. വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട വിപുലമായ സമ്മേളനങ്ങള്‍ക്കും 25 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച സംവിധാന്‍ യാത്രക്കും ശേഷമാണ് ദേശീയ സമ്മേളനം നടക്കുന്നത്.

Published

|

Last Updated

മുംബൈ സെന്‍ട്രല്‍ റെയിൽവേ സ്റ്റേഷനില്‍ നിന്ന് ഏതാണ്ട് ഇരുപത് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗോവണ്ടി നഗരം. നിര്‍ണായകമായ നിരവധി സമ്മേളനങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഇവിടുത്തെ ദേവ്‌നാര്‍ മൈതാനത്ത് ഇന്ന് വ്യത്യസ്തമായ മറ്റൊരു മഹാസംഗമത്തിന് ആരംഭം കുറിക്കുകയാണ്. അമ്പതാണ്ടിന്റെ നിറവില്‍ പ്രോജ്വലിച്ചു നില്‍ക്കുന്ന ധാര്‍മിക വിപ്ലവ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ദേശീയ സമ്മേളനം, ഗോള്‍ഡന്‍ ഫിഫ്റ്റി നാഷനല്‍ കോണ്‍ഫറന്‍സ്. മുംബൈ നഗരം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത, ന്യൂനപക്ഷ മുസ്‌ലിം സമൂഹത്തിന്റെ നവജാഗരണം വിളംബരം ചെയ്യുന്ന ജനസാഗരമായി അത് മാറുമെന്ന് ഉറപ്പിച്ചു പറയാം.
ചിശ്തി ഖാദിരി സൂഫീവര്യന്മാരും മുസ്‌ലിം ഭരണാധികാരികളും ഇസ്‌ലാമിക ചൈതന്യത്തിന്റെ പ്രഭ ചൊരിഞ്ഞ നാഗരിക ദേശമാണ് മുംബൈ. എന്നാല്‍, വിഭജനം തീര്‍ത്ത മുറിവുകളും കലാപത്തിന്റെ കനലെരിയുന്ന ഓര്‍മകളും നിറഞ്ഞതാണ് നഗരത്തിലെ മുസ്‌ലിംകള്‍ക്ക് സ്വാതന്ത്ര്യാനന്തര ജീവിതം. മുംബൈയിലെയോ മഹാരാഷ്ട്രയിലെയോ മാത്രം കഥയല്ല ഇത്. മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും നഗരങ്ങളിലെയും ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ സമാന സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെല്ലാം അവര്‍ വളരെയധികം പിന്നിലാണ്. സച്ചാര്‍ കമ്മീഷന്റേത് ഉള്‍പ്പെടെയുള്ള പഠനങ്ങളെല്ലാം അക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഈയൊരു യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാണ് എസ് എസ് എഫ് അതിന്റെ പ്രവര്‍ത്തന മേഖല കേരളേതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. രൂപവത്കരണം കഴിഞ്ഞ് ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ സംഘടനയുടെ അഖിലേന്ത്യാ ഘടകം നിലവില്‍ വന്നിരുന്നു. ഗ്രാമങ്ങളിലും ക്യാമ്പസുകളിലും അതിന്റെ അനുരനങ്ങള്‍ ദൃശ്യമായി. കശ്മീര്‍ ഗിരിനിരകള്‍ മുതല്‍ കന്യാകുമാരി കടല്‍ തീരം വരെയും ഗുജറാത്ത് കടലിടുക്ക് മുതല്‍ വടക്ക് കിഴക്കന്‍ കുന്നുകള്‍ വരെയും എസ് എസ് എഫിന്റെ ത്രിവര്‍ണ പതാക പാറിപ്പറന്നു. നിലവില്‍ 22 സംസ്ഥാനങ്ങളില്‍ ധാര്‍മിക വിപ്ലവ വിദ്യാര്‍ഥി പ്രസ്ഥാനം ഊര്‍ജസ്വലമായി കര്‍മഗോദയിലുണ്ട്.
ഹിന്ദ് സഫര്‍, സംവിധാന്‍ യാത്ര എന്നീ പേരുകളില്‍ എസ് എസ് എഫ് നാഷനല്‍ കമ്മിറ്റിക്കു കീഴില്‍ രണ്ട് തവണ ദേശീയ യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ സാമൂഹിക അന്തരീക്ഷത്തിന്റെ നേര്‍ക്കാഴ്ചകളിലേക്കെന്ന പോലെ എസ് എസ് എഫെന്ന വിദ്യാര്‍ഥി പ്രസ്ഥാനം രാജ്യത്ത് കൈവരിച്ച വളര്‍ച്ചയിലേക്കുള്ള എത്തിനോട്ടം കൂടിയായിരുന്നു ആ പ്രയാണങ്ങള്‍. മത, ജാതി ഭേദമന്യേ പാതയോരങ്ങളില്‍ ഞങ്ങളെ സ്വീകരിക്കാനെത്തിയവരുടെ ആവേശം കണ്ടപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞു. നമ്മള്‍ ഇന്ത്യന്‍ ജനത എത്രത്തോളം ബഹുസ്വരതയും സാഹോദര്യവും കാത്തുസൂക്ഷിക്കുന്നവരാണെന്ന് ഓരോ സ്വീകരണ കേന്ദ്രങ്ങളും ഞങ്ങളെ ബോധ്യപ്പെടുത്തി.

രാജ്യത്തെ പ്രധാന ക്യാമ്പസുകളിലെല്ലാം എസ് എസ് എഫിന് നല്ല സ്വാധീനമുണ്ട്. മത, ഭൗതിക വിദ്യാര്‍ഥി സമന്വയമായിരുന്നുവല്ലോ സംഘടനയുടെ സ്ഥാപിത ലക്ഷ്യങ്ങളിലൊന്ന്. ആ സ്വപ്‌നം പൂവണിഞ്ഞുവെന്ന് മാത്രമല്ല അത് മുഖേന വലിയ സാമൂഹിക പരിവര്‍ത്തനം സാധ്യമാകുകയും ചെയ്തു. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ സമീപത്ത് പ്രവര്‍ത്തകര്‍ നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഉദാഹരണം. അവിടെ വിശ്രുതമായ ഒരു സര്‍വകലാശാല സ്ഥാപിതമായിട്ടും ദരിദ്രരായ പ്രദേശവാസികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. തെരുവു കച്ചവടവും യാചനയുമായിരുന്നു പ്രദേശത്തെ കൗമാരക്കാരുടെ ദിനചര്യകള്‍. എന്നാലവരെ അറിവിന്‍ തീരത്തേക്ക് കൈപിടിച്ചാനയിച്ചത് എസ് എസ് എഫാണ്. ഇതൊരു സര്‍വകലാശാലയുടെ മാത്രം കഥയല്ല. ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, ഹൈദരാബാദ് യൂനിവേഴ്‌സിറ്റി, പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി തുടങ്ങി രാജ്യത്തെ മുന്‍നിര ക്യാമ്പസുകളിലെല്ലാം വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ സമാനമായ വിദ്യാഭ്യാസ, ജീവ കാരുണ്യ സേവനങ്ങള്‍ നടന്നുവരുന്നുണ്ട്.
സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ കീഴില്‍ നടക്കുന്ന സംരംഭങ്ങള്‍ വേറെയുമുണ്ട്. കശ്മീരിലും ബംഗാളിലും ബിഹാറിലും ഉത്തര്‍ പ്രദേശിലും ഹരിയാനയിലും അസാമിലുമെല്ലാം അതിന്റെ അനുരണനങ്ങള്‍ നാം കണ്ടതാണ്. നൂറുകണക്കിന് സ്ഥാപനങ്ങള്‍, പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍, ആശ്രിതരായ അനേകം കുടുംബങ്ങള്‍. എസ് എസ് എഫ് എന്ന ആശയം പതിതരായ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷയാകുന്ന ദൃശ്യങ്ങള്‍ എത്ര ആനന്ദദായകമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന അനുഗൃഹീത പ്രസ്ഥാനത്തിന്റെ തണലില്‍, സമുന്നതരായ നമ്മുടെ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ധാര്‍മിക വിപ്ലവ വിദ്യാര്‍ഥി പ്രസ്ഥാനം ചുവടുവെച്ചപ്പോള്‍ എല്ലാ പ്രതിസന്ധികളും വെല്ലുവിളികളും നിഷ്പ്രഭമായതിന്റെ നേര്‍ചിത്രങ്ങളാണിവയെല്ലാം.

ഗ്രാമങ്ങളിലേക്ക് കടന്നുചെല്ലുമ്പോള്‍

ഇന്ത്യ കൂടുതല്‍ അത്ഭുതങ്ങള്‍ നിറച്ചുവെച്ചിരിക്കുന്നുണ്ട്. ഒരു ഗ്രാമവും മറ്റൊരു ഗ്രാമത്തിന് തുല്യമല്ല. വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ഓരോ ഇടവും. ഒരു സംസ്ഥാനത്തിനകത്ത് തന്നെ അനേകം വൈവിധ്യങ്ങള്‍. പലമകളും ബഹുലതകളും നിറഞ്ഞ രാഷ്ട്രമാണ് ഇന്ത്യയെന്ന് എളുപ്പം മനസ്സിലാക്കാനാകും. ഒരു ദിവസം, സംവിധാന്‍ യാത്രക്കിടെ വഴിതെന്നി ഏതോ ഉള്‍ഗ്രാമത്തിലെത്തി. അഞ്ച് വയസ്സ് പ്രായം വരുന്ന രണ്ട് കുട്ടികള്‍ പോത്തുവണ്ടി തെളിക്കുന്ന കാഴ്ചയിലേക്കാണ് ഞങ്ങള്‍ എത്തിപ്പെട്ടത്. അവരെ കണ്ട മാത്രയില്‍ ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി അവരുടെ അടുത്തുചെന്നു. മിഠായിപ്പൊതികള്‍ കൈമാറി, അവരോട് സ്നേഹവും സന്തോഷവും പങ്കുവെച്ചു. അപ്പോഴേക്കും ഗ്രാമവാസികളും അവിടെ ഒരുമിച്ചുകൂടി. അത്യുത്സാഹത്തോടെയാണ് അവര്‍ ഞങ്ങളെ സ്വീകരിച്ചതും ആനയിച്ചതും. ഹിന്ദുവിശ്വാസികള്‍ തിങ്ങിത്താമസിക്കുന്ന ഒരിടത്തെ അനുഭവമാണിത്. വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും ഭാഷയല്ല ഗ്രാമങ്ങളുടേത്. അവരുടെ അടിസ്ഥാനാവശ്യങ്ങളുടെ പൂര്‍ത്തീകരണമാണവര്‍ക്ക് പ്രധാനം.
ജനങ്ങളോടൊപ്പം ചേര്‍ന്ന് അത്തരം ആവശ്യങ്ങള്‍ നിറവേറ്റാനുള്ള തീവ്ര യജ്ഞത്തിലായിരുന്നു എസ് എസ് എഫ്. ഗുജറാത്തില്‍ നടന്ന ദേശീയ സാഹിത്യോത്സവിന് അതിഥിയായെത്തിയ കവി പറഞ്ഞ ഒരു വാക്കുണ്ട്. ഞാന്‍ ആദ്യമായാണ് ഒരു മുസ്‌ലിം വേദിയിലേക്ക് ക്ഷണിക്കപ്പെടുന്നത്, നിങ്ങള്‍ എനിക്ക് തന്ന ഈ ഉപഹാരം ഞാന്‍ പൂജാമുറിയില്‍ സൂക്ഷിക്കുമെന്നായിരുന്നു കവിയുടെ വാക്കുകള്‍. മനുഷ്യ മനസ്സുകളെ വിളക്കിച്ചേര്‍ക്കുന്നതില്‍ എസ് എസ് എഫിന്റെ പങ്കാളിത്തം ഈ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാം.

എസ് എസ് എഫ് സാധിച്ച അത്തരം വിപ്ലവങ്ങളുടെ വിളംബരമാണ് ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോപോളിറ്റന്‍ സിറ്റിയായ മുംബൈയുടെ വിരിമാറില്‍ ഇന്നാരംഭിക്കുന്ന സമ്മേളനം. ഭാഷ, തൊഴില്‍, സാംസ്‌കാരിക വൈവിധ്യങ്ങള്‍, വിദ്യാഭ്യാസം എന്നിങ്ങനെ രാജ്യത്തിന്റെ ബഹുസ്വരത വിളിച്ചോതുന്ന വിവിധ തീമുകളിലുള്ള ഏഴ് വേദികളിലാണ് സമ്മേളനം നടക്കുക. ആത്മസംസ്‌കരണം, നൈപുണി വികസനം, പ്രൊഫഷനല്‍ എത്തിക്‌സ്, നോളജ് ഇക്കണോമി, പീസ് പൊളിറ്റിക്‌സ്, എജ്യു വളണ്ടിയറിംഗ്, സോഷ്യല്‍ ആക്ടിവിസം തുടങ്ങി വിവിധ മേഖലകളില്‍ ഗഹനമായ സംവാദങ്ങള്‍ നടക്കുന്ന പ്രതിനിധി സംഗമത്തോടെയാണ് സമ്മേളനം ആരംഭിക്കുക. എജ്യുസൈന്‍, ബുക് ഫെയര്‍ തുടങ്ങിയവയും സമ്മേളനത്തോടനുബന്ധിച്ച് നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട വിപുലമായ സമ്മേളനങ്ങള്‍ക്കും 25 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച സംവിധാന്‍ യാത്രക്കും ശേഷമാണ് ദേശീയ സമ്മേളനം നടക്കുന്നത്.
ആഗോള പ്രശസ്ത പണ്ഡിത പ്രതിഭകള്‍ സംബന്ധിക്കുന്ന സമാപന പൊതുസമ്മേളനമാണ് ഗോള്‍ഡന്‍ ഫിഫ്റ്റി നാഷനല്‍ കോണ്‍ഫറന്‍സിന്റെ പ്രധാന ആകര്‍ഷണം. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്്മദ്, സയ്യിദ് അഫീഫുദ്ദീന്‍ ജീലാനി ബഗ്ദാദ്, സയ്യിദ് അലി ബാഫഖി തങ്ങള്‍, ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി, സയ്യിദ് ഫസൽ കോയമ്മ തങ്ങള്‍ ഖുറാ, സയ്യിദ് മുഈന്‍ മിയ ജീലാനി, അല്ലാമ ഹുസൈന്‍ ജീലാനി തുടങ്ങിയവര്‍ സംബന്ധിക്കുന്ന ഗോള്‍ഡന്‍ ഫിഫ്റ്റി സമാപന സംഗമം ഇന്ത്യന്‍ മുസ്‌ലിംകളുടെയും എസ് എസ് എഫിന്റെയും ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറുമെന്ന് തീര്‍ച്ചയാണ്.

(എസ് എസ് എഫ് ദേശീയ പ്രസിഡന്റാണ് ലേഖകന്‍)