Educational News
അറബിക് റീഡിംഗ് ചലഞ്ച്; അന്താരാഷ്ട്ര നേട്ടം കൈവരിച്ച ഷഹന്ഷക്ക് മഅ്ദിനില്‍ ഹര്‍ഷാരവങ്ങളോടെ വരവേല്‍പ്പ്
ഫോട്ടോ: ദുബൈയില്‍ നടന്ന അന്താരാഷ്ട്ര അറബ് റീഡിംഗ് ചലഞ്ചില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച് നാട്ടിലെത്തിയ മഅദിന്‍ വിദ്യാര്‍ഥി മുഹമ്മദ് ഷഹന്‍ഷായെ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ടി പി അഷ്റഫലി എം എല്‍ എ എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കുന്നു
മലപ്പുറം| അന്താരാഷ്ട്ര നേട്ടം കരസ്ഥമാക്കി രാജ്യത്തിനും തന്റെ സ്ഥാപനമായ മഅ്ദിന്‍ അക്കാദമിക്കും ശ്രദ്ധേയനേട്ടം കൈവരിച്ച മുഹമ്മദ് ഷഹന്‍ഷയെ ഹര്‍ഷാരവങ്ങളോടെ വരവേറ്റ് മഅ്ദിന്‍ അക്കാദമി. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര അറബ് റീഡിംഗ് ചലഞ്ചില്‍ മാതൃഭാഷ അറബിയല്ലാത്തവരുടെ (അനറബികളുടെ) വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയാണ് മഅദിന്‍ അക്കാദമി വിദ്യാര്‍ഥി മുഹമ്മദ് ഷഹന്‍ഷ രാജ്യത്തിനഭിമാനമായത്. വമ്പിച്ച സമ്മാനത്തുകയും അഭിമാനനേട്ടവും സ്വന്തമാക്കി ഷഹന്‍ഷ നാടണഞ്ഞപ്പോള്‍ നാടും സ്ഥാപനവും സന്തോഷത്തിന്റെ അനര്ഘനിമിഷങ്ങളിലമര്ന്നു.
മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ നടന്ന വര്‍ണാഭമായ സ്വീകരണച്ചടങ്ങില്‍ സ്ഥാപന ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയും ടി പി അഷ്റഫ് അലി എം എല്‍ എയും ചേര്‍ന്ന് പ്രിയ വിദ്യാര്‍ഥിക്ക് ഊഷ്മള വരവേല്‍പ്പ് നല്കി. അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും വിവിധ മേഖലകളിലെ പ്രമുഖരുമടക്കം നൂറുകണക്കിന് ആളുകളാണ് ചരിത്രവിജയം നേടിയ മിടുക്കനെ കാണാന്‍ ഒത്തുകൂടിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മാറ്റുരച്ച വേദിയില്‍ ഷഹന്‍ഷ കാഴ്ചവെച്ച പ്രകടനം അറബി ഭാഷയിലുള്ള അദ്ദേഹത്തിന്റെ അസാധാരണമായ വായനാപാടവത്തിന്റെയും ഭാഷാപരമായ മികവിന്റെയും തെളിവാണ്. കോഴിക്കോട് കൊടുവള്ളി എളേറ്റില്‍ സ്വദേശികളായ നടമുറിക്കല്‍ അബൂബക്കര്‍- ഷമീമ ദമ്പതികളുടെ മകനാണ് ഈ പ്രതിഭ. മഅദിന്‍ സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
മഅ്ദിന്‍ അക്കാദമിയുടെ കീഴില്‍ അറബി ഭാഷയില്‍ പ്രത്യേക നൈപുണ്യവും പ്രാവീണ്യവും ലഭ്യമാക്കുന്ന സവിശേഷ ക്യാമ്പസായ മഅ്ദിന്‍ അറബിക് വില്ലേജിലെ വിദ്യാര്‍ഥിയാണ് മുഹമ്മദ് ഷഹന്‍ഷ. ഭാഷാ പഠനത്തിനും ആശയവിനിമയ മികവിനും അതീവ പ്രാധാന്യം നല്കുന്ന അറബിക് വില്ലേജിലെ കഠിന പരിശീലനവും മികച്ച പിന്തുണയുമാണ് ഷഹന്‍ഷയെ ഈ വലിയ അന്താരാഷ്ട്ര നേട്ടത്തിലേക്ക് നയിച്ചത്.
വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനും അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങളില്‍ തിളങ്ങുന്നതിനും ഇത്തരം വിജയങ്ങള്‍ വലിയ പ്രചോദനമാകുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ടി പി അഷ്റഫലി എം എല്‍ എ പറഞ്ഞു. സയ്യിദ് ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും അധ്യാപകരുടെ കൂട്ടായ പരിശ്രമവുമാണ് ഈ ചരിത്രനേട്ടത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ മത്സരങ്ങളില്‍ തിളങ്ങി ദുബൈയിലെ ഗ്രാന്‍ഡ് ഫിനാലെയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മുഹമ്മദ് അഫ്താബ് (കൊച്ചി), ഉമര്‍ അബ്ദുല്ല കാമില്‍ (ആലുവ) എന്നിവരെയും ചടങ്ങില്‍ പ്രത്യേകമായി ആദരിച്ചു.
സ്വീകരണച്ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ വി അബ്ദുല്‍ ജലീല്‍ സഖാഫി, മഅദിന്‍ ഗ്ലോബല്‍ റിലേഷന്‍ ഡയറക്ടര്‍ ഉമര്‍ മേല്‍മുറി, അക്കാദമിക് കോഡിനേറ്റര്‍ നൗഫല്‍ കോഡൂര്‍, എം ദുല്‍ഫുഖാറലി സഖാഫി, സൈതലവി സഅദി, സി കെ എം ബഷീര്‍ സഖാഫി, സ്വലാത്ത് നഗര്‍ മഹല്ല് ഭാരവാഹികളായ ബദ്റുദ്ധീര് ടി പി, മുസ്തഫ കോതടി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
Content Highlights:
Ma’din Academy student Muhammed Shahansha was accorded a grand welcome following his remarkable achievement at the Arab Reading Challenge in Dubai. He secured third position in the non-native Arabic speakers category at the international competition led by Sheikh Mohammed bin Rashid Al Maktoum. Chairman Sayyid Ibraheemul Khaleel Al Bukhari and T P Ashraf Ali MLA felicitated the young achiever at Malappuram.







