Connect with us

National

നിര്‍മ്മിത ബുദ്ധി സാധാരണക്കാരന് നീതി ലഭിക്കുന്നതിന് തടസ്സമാകരുത്: എം പി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അല്‍പേഷ് കോഗ്‌ജെ

നിരക്ഷരരും ദരിദ്രരും ഭിന്നശേഷിക്കാരുമായ ജനവിഭാഗങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടാതിരിക്കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കൊപ്പം മാനുഷിക സഹായവും ഉറപ്പാക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു

Published

|

Last Updated

ജബല്‍പൂര്‍ | സാങ്കേതികവിദ്യ കൊണ്ടുമാത്രം നീതിനിര്‍വ്വഹണം ജനാധിപത്യവല്‍ക്കരിക്കാന്‍ കഴിയില്ലെന്നും, നീതി ലഭ്യമാക്കുന്നതില്‍ നിര്‍മ്മിത ബുദ്ധി (എ ഐ) നടപ്പിലാക്കുന്നത് സാധാരണക്കാരന് മറ്റൊരു തടസ്സമായി മാറുമോ എന്ന് പരിശോധിക്കണമെന്നും മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അല്‍പേഷ് കോഗ്‌ജെ വ്യക്തമാക്കി. ധര്‍മ്മശാസ്ത്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ (ഡി എന്‍ എല്‍ യു) സംഘടിപ്പിച്ച പ്രഥമ ജസ്‌ടെക് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരക്ഷരരും ദരിദ്രരും ഭിന്നശേഷിക്കാരുമായ ജനവിഭാഗങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടാതിരിക്കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കൊപ്പം മാനുഷിക സഹായവും ഉറപ്പാക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേസ് ഫയലിംഗിലെ രജിസ്‌ട്രേഷന്‍, ഇന്‍ഡക്‌സിംഗ് തുടങ്ങിയ പ്രക്രിയകളില്‍ നിര്‍മ്മിത ബുദ്ധി പ്രയോജനപ്പെടുത്താമെന്ന് വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, കേവലം ആധുനിക സാങ്കേതികവിദ്യയോ അടിസ്ഥാന സൗകര്യങ്ങളോ മാത്രമല്ല ജുഡീഷ്യറിയുടെ യഥാര്‍ത്ഥ കരുത്ത്, ജനങ്ങള്‍ക്ക് അതിലുള്ള വിശ്വാസമാണ് പ്രധാനം. നിരക്ഷരത, സാമ്പത്തിക അസമത്വം, ഭാഷാപരമായ തടസ്സങ്ങള്‍, ഡിജിറ്റല്‍ അന്തരം എന്നിവ ഇപ്പോഴും സാധാരണക്കാരന് വെല്ലുവിളിയായി തുടരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വരുമാനമോ ഭാഷയോ ലിംഗഭേദമോ പരിഗണിക്കാതെ മിതമായ ചെലവിലും നിശ്ചിത സമയപരിധിയിലും നീതി ഉറപ്പാക്കുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യവല്‍ക്കരണമെന്ന് അദ്ദേഹം വ്യക്തമാക്കി. വിധിന്യായങ്ങള്‍ പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്ന എ ഐ ടൂളുകള്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതികവിദ്യയുടെ കടന്നുവരവിലും ജുഡീഷ്യല്‍ വിവേചനാധികാരവും മനുഷ്യന്റെ ഉത്തരവാദിത്തവും പരമപ്രധാനമായി തുടരണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഡിജിറ്റലൈസേഷന്റെ സ്വാഭാവിക ഫലമല്ലന്നും നീതിയുടെ ജനാധിപത്യവല്‍ക്കരണമെന്നും, കര്‍ഷകന് ഗുണകരമാകുന്ന അതേ സാങ്കേതികവിദ്യ ചിലപ്പോള്‍ ഒരു തൊഴിലാളിയെ പുറന്തള്ളിയേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഡാറ്റാബേസുകളില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ ചോരാനുള്ള സാധ്യതയും, തെറ്റായ നിയമപരമായ മുന്‍വിധികളെ എ ഐ സൃഷ്ടിക്കാനുള്ള സാധ്യതയും അതീവ ജാഗ്രതയോടെ കാണണമെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

Content Highlights: MP High Court Chief Justice Alpesh Kogje cautioned at the Justech Conclave that AI should not create new barriers to justice for ordinary citizens. While regional translation and filing tools help, human support, data privacy, and judicial discretion remain vital. He urged vigilance against AI bias and digital exclusion.
---- facebook comment plugin here -----

Latest