Connect with us

International

പുത്രജയയില്‍ അന്താരാഷ്ട്ര സമാഅ് ഹദീസ് സമ്മേളനത്തിന് ഉജ്ജ്വല സമാപനം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പണ്ഡിതന്മാരും ഹദീസ് വിദ്യാര്‍ഥികളും പങ്കെടുത്തു

Published

|

Last Updated

പുത്രജയ, മലേഷ്യ | പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഹദീസ് പാരമ്പര്യങ്ങളുടെ പഠനത്തിനും പ്രചാരണത്തിനുമായി മലേഷ്യയിലെ പുത്രജയ മസ്ജിദ് പുത്രയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമാഅ് ഹദീസ് സമ്മേളനത്തിന് ഉജ്ജ്വല സമാപനം. മലേഷ്യന്‍ പ്രധാനമന്ത്രി ദാതുക് സെരി അന്‍വര്‍ ഇബ്രാഹിം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മതകാര്യ മന്ത്രി ദാതുക് ഡോ സുല്‍ക്കിഫ്‌ലി ഹസന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ഇന്റോനാഷ്യന്‍ ഹദീസ് പണ്ഡിതന്‍ ശൈഖ് നൂറുദ്ദീന്‍ അല്‍ ബന്‍ജാരി അല്‍ അറബി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഹദീസ് ഇജാസക്കും സമാപന പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി.

ഈജിപ്ത് മതകാര്യ വകുപ്പ് മന്ത്രി ശൈഖ് പ്രൊഫ ഡോ ഉസാമ അല്‍ സയ്യിദ് അല്‍ അസ്ഹരി, ഡോ ശൈഖ് നാജി റഷീദ് അല്‍ അറബി (ബഹ്റൈന്‍) ഡോ ശൈഖ് യാസിര്‍ അല്‍ അദനി (യമന്‍), ഡോ ശൈഖ് മുഹമ്മദ് അബ്ദുല്‍ ഹകീം അല്‍ അസ്ഹരി, ഡോ ശൈഖ് മമ്ദൂഹ് (ഈജിപ്ത്) ഡോ ശൈഖ് ഇസാം മുഹമ്മദ് (ടുനീഷ്യ), ഡോ അല്‍ ഹബീബ് അലി സൈനല്‍ ആബിദീന്‍ അബൂബക്കര്‍ അല്‍ ഹാമിദ് (മലേഷ്യ) തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര പണ്ഡിതന്മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

നവംബര്‍ 13ന് ആരംഭിച്ച പതിനൊന്ന് ദിവസത്തെ സമ്മേളനത്തില്‍ ഇന്ത്യ, ഇന്തോനേഷ്യ, സിംഗപ്പൂര്‍, ബ്രൂണൈ, ചൈന, ജപ്പാന്‍, തായ്ലന്‍ഡ്, ബംഗ്ലാദേശ്, ഒമാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 5,000ത്തിലധികം പണ്ഡിതന്മാരും വിദ്യാര്‍ഥികളും ഹദീസ് പ്രേമികളും പങ്കെടുത്തു. ജാമിഉത്തിര്‍മിദി, അശ്ശമാഇലുല്‍ മുഹമ്മദിയ്യ എന്നീ വിശിഷ്ട ഹദീസ് ഗ്രന്ഥങ്ങളുടെ സമാഅ് പാരായണവും സനദ് കൈമാറ്റവുമായിരുന്നു സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. പ്രമുഖ ഇന്റോനാഷ്യന്‍ ഹദീസ് പണ്ഡിതന്‍ ശൈഖ് നൂറുദ്ദീന്‍ അല്‍ ബന്‍ജാരി അല്‍ അറബിയുടെ നേതൃത്വത്തില്‍ നടന്ന പണ്ഡിത സംഗമങ്ങള്‍ ഹദീസ് പഠനത്തിന്റെ പ്രാമാണിക പാരമ്പര്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തി.

നവംബര്‍ 21, 22 തിയ്യതികളില്‍ നടന്ന റൗദത്തുല്‍ ശമാഇല്‍ സംഗമത്തില്‍ നാല്‍പത് പണ്ഡിതന്മാരും മുസ്‌നിദുമാരും പങ്കെടുത്തു. ഏകദേശം 3,000 പേര്‍ പങ്കെടുത്ത സംഗമത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ സ്വഭാവഗുണങ്ങള്‍, ജീവിതമാതൃക, ഹദീസ് നിവേദന പാരമ്പര്യം എന്നിവ ചര്‍ച്ചയായി. സഹീഹുല്‍ ബുഖാരിയുടെ പുതുക്കിയ പരിഭാഷയായ ‘സഹീഹുല്‍ ബുഖാരി 2.0’യുടെ പ്രീ-ലോഞ്ചും സമ്മേളനത്തോടനുബന്ധിച്ച് നടന്നു. വൈ എ ഡി ഐ എം പ്രസിഡന്റ് ദാതുക് ഡോ ഹസന്‍ ബഹ്‌റോം, ഫെഡറല്‍ ടെറിട്ടറീസ് മുഫ്തി അഹ്മദ് ഫൗവാസ് ബിന്‍ ഫദ്‌സില്‍ തുടങ്ങിയ പ്രമുഖരും സമ്മേളനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പങ്കെടുത്തു.

”മബാനി അദബ്, മബീന നെഗാര” – അദബ് വളര്‍ത്തുക, രാഷ്ട്രത്തെ പടുത്തുയര്‍ത്തുക എന്ന പ്രമേയത്തിലൂന്നിയ സമ്മേളനം, പ്രവാചക പാരമ്പര്യത്തോടുള്ള ബന്ധം ശക്തിപ്പെടുത്തുകയും പ്രാമാണിക വിജ്ഞാനവും ഉത്തമ സ്വഭാവവും സമൂഹത്തില്‍ വളര്‍ത്തുകയും ചെയ്യുന്നതിന്റെ പ്രാധാന്യം വിളിച്ചോതി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരുടെ പങ്കാളിത്തത്തോടെ നടന്ന ഈ മഹാസംഗമം മലേഷ്യയുടെ അന്താരാഷ്ട്ര ഇസ്ലാമിക വിജ്ഞാന-ദഅ്വ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ അധ്യായം തുറക്കുമെന്നാണ് പ്രതീക്ഷ.

റിപ്പോര്‍ട്ട്: ജാഫര്‍ നിസാമി മൂന്നിയൂര്‍

 

Content Highlights: The 11-day International Sama Hadith Conference at Putra Mosque in Putrajaya concluded with over 5,000 scholars and students from multiple countries. Malaysian Prime Minister Anwar Ibrahim opened the closing session while Grand Mufti Kanthapuram AP Aboobacker Musliyar led the ijaza and prayer. The event featured recitals of Jami at-Tirmidhi and Shamail Muhammadiyah alongside a pre-launch of Sahih al-Bukhari 2.0.
---- facebook comment plugin here -----

Latest