Connect with us

നുസന്താരയുടെ വഴിത്താരകൾ -7

അത്ഭുതങ്ങളുടെ സ്വർണഖനിയിൽ

തിരിച്ച് കയറി ക്രേറ്ററിന്റെ മുകളിലെത്തി. ഇജന്റെ മനോഹാരിത കണ്ണും മനസ്സും നിറച്ച് കണ്ടു. അസാധാരണമായി മാത്രം ലഭിക്കുന്ന അത്യപൂർവമായ കാഴ്ചകളിലൊന്ന്. ഹൈക്കിംഗിനിടെ ഇനിയൊരു വരവില്ലെന്ന് പ്രതിജ്ഞ ചെയ്തതോർത്ത് വീണ്ടും വീണ്ടും ആ കാഴ്ച മനസ്സിൽ പതിപ്പിച്ചു.

Published

|

Last Updated

കദേശം രണ്ട് മണിക്കൂർ നടന്നാണ് ലക്ഷ്യത്തിലെത്തിയത്. വൻ തിരക്കാണ്. ദിവസവും രണ്ടായിരത്തിലേറെ സന്ദർശകരുണ്ടാകുമത്രെ. ജനബാഹുല്യം കാരണം അരിച്ചരിച്ച് നീങ്ങാനേ കഴിയുന്നുള്ളൂ. ബ്ലൂ ഫയർ പ്രതിഭാസം കാണണമെങ്കിൽ പിന്നെയും താഴേക്കിറങ്ങണം. അവിടെ തടാകക്കരയിലാണ് സൾഫർ ഖനനം നടക്കുന്നതും ബ്ലൂ ഫയർ ദൃശ്യമാവുന്നതും. വഴിയിൽ ഖനനം ചെയ്തെടുത്ത സൾഫറുമായി തിരിച്ച് കയറുന്ന ഒട്ടേറെ പേരെ കണ്ടു. വിഡ്ഢികളുടെ സ്വർണമെന്ന് വിളിപ്പേരുള്ള സൾഫർ പ്രധാനമായും കോസ്‌മെറ്റിക്‌സ് നിർമാണത്തിനാണ് ഉപയോഗിക്കുക. ഖനനം ചെയ്ത് പുറത്തെത്തുന്നവർക്ക് കിലോക്ക് 2000 റുപ്പിയ വെച്ചാണത്രെ കമ്പനികൾ കൊടുക്കുന്നത്.

അര മണിക്കൂറോളം നടന്നിറങ്ങി. ബ്ലൂ ഫയർ കണ്ണിൽ തെളിഞ്ഞു. വോൾക്കാനോയിൽ നിന്നുള്ള സൾഫർ വാതകങ്ങൾ ഉയർന്ന താപനിലയിൽ പുറത്തേക്ക് വരുകയും, അന്തരീക്ഷത്തിലെ ഓക്‌സിജനുമായിച്ചേർന്ന് കത്തുകയും ചെയ്യുമ്പോഴാണ് നീലത്തീയായി രൂപാന്തരപ്പെടുന്നത്. കണ്ണട മാത്രം വാടകക്കെടുക്കാൻ മറന്നു പോയതുകൊണ്ട് കൂടുതൽ നോക്കി നിൽക്കാനായില്ല. ചുറ്റുപാടും സൾഫറിന്റെ പുകച്ചിലാണ്. രൂക്ഷഗന്ധവും. രണ്ട് ദിവസം കഴിഞ്ഞാണ് കണ്ണിന്റെ എരിച്ചിൽ മാറിക്കിട്ടിയത്. തടാകക്കരയിലെ വെള്ളത്തിൽ മെല്ലെ കൈവെച്ച് നോക്കി. നേരിയ ചൂടും അസിഡിറ്റിയുമുണ്ട്. സാധാരണ വെള്ളം എവിടെയുമില്ല.

നീലത്തടാകത്തിൽ വെളിച്ചം വീണു തുടങ്ങി. സൾഫറിൽ നിർമിച്ച ഒട്ടേറെ കരകൗശല വസ്തുക്കൾ വിൽക്കപ്പെടുന്നുണ്ട്. അടുത്ത ടാസ്‌ക് വ്യൂ പോയിന്റിലേക്ക് തിരിച്ച് കയറലാണ്. ഹൈക്കിംഗിനിടെ സ്റ്റിക്ക് പൊട്ടി. നടത്തത്തിന്റെ പകുതി പണി കുറച്ചിരുന്നത് ഈ ഇരുമ്പ് വടിയായിരുന്നെന്ന് പിന്നെയാണ് ബോധ്യപ്പെട്ടത്. അല്ലേലും ഒരു വസ്തുവിന്റെ അഭാവത്തിലാണല്ലോ അതിന്റെ വാല്യൂ മനസ്സിലാവുക. തിരിച്ച് കയറി ക്രേറ്ററിന്റെ മുകളിലെത്തി. ഇജന്റെ മനോഹാരിത കണ്ണും മനസ്സും നിറച്ച് കണ്ടു. അസാധാരണമായി മാത്രം ലഭിക്കുന്ന അത്യപൂർവമായ കാഴ്ചകളിലൊന്ന്. ഹൈക്കിംഗിനിടെ ഇനിയൊരു വരവില്ലെന്ന് പ്രതിജ്ഞ ചെയ്തതോർത്ത് വീണ്ടും വീണ്ടും ആ കാഴ്ച മനസ്സിൽ പതിപ്പിച്ചു. ഫോട്ടോകളും വീഡിയോകളുമെടുത്ത് ഓർമക്ക് കനം കൂട്ടി.

മടക്കയാത്രകൾ എപ്പോഴും മടുപ്പ് യാത്രകളായിരിക്കും. മുമ്പിൽ പുതിയ ലക്ഷ്യമോ ജിജ്ഞാസയോ ഇല്ലാത്ത ചടപ്പ് യാത്ര. രണ്ട് മണിക്കൂർ തിരിച്ച് നടക്കണം എന്നോർത്തപ്പോ ആ മടുപ്പെന്നെ പിടികൂടി. അഞ്ചോളം “ലംബോർഗിനി’ക്കാരോട് സംസാരിച്ച് നോക്കി. മൂന്നര ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷത്തിലെത്തിയതും നോട്ട് രണ്ടും നീട്ടി വേഗം ലംബോർഗിനിയിൽ കയറിയിരുന്നു. പിന്നൊന്നുമറിഞ്ഞില്ല. തമാശയും കാര്യവും പറഞ്ഞ് പറഞ്ഞ് താഴ്ഭാഗം വരെ അയാളെന്നെ തള്ളിയിറക്കി.

ഏറെ അതിശയിപ്പിച്ചത് മറ്റൊന്നാണ്. ഫസ്റ്റ് എയ്ഡ് സ്റ്റോപ്പുകളോ മറ്റു ഹെൽത്ത് കെയർ സംവിധാനങ്ങളോ വോൾക്കാനോക്കടുത്തില്ല. വല്ല അത്യാഹിതവും സംഭവിച്ചാൽ ആസിഡ് വെള്ളം കുടിച്ച് മരിക്കാം. ദിവസേന സന്ദർശകരുടെ കുത്തൊഴുക്കുള്ള ഇജന്റെ ടിക്കറ്റ് വരുമാനത്തിന്റെ ഒരു ശതമാനം മതിയാകും ഇത്തരം സംവിധാനങ്ങൾക്ക്. ആദ്യമേ ഹെൽത്ത് സർട്ടിഫിക്കറ്റ് വാങ്ങി വെച്ച് കൈ കഴുകിയത് കൊണ്ട് സർക്കാറും ടൂറിസം ഡിപ്പാർട്ട്‌മെന്റും സുരക്ഷിതമാണ് താനും.

Content Highlights:
The travelogue details a challenging two-hour trek to witness the rare Blue Fire phenomenon at the Mount Ijen volcanic crater. It explores the grueling reality of local workers mining sulfur, also known as fools gold, amid toxic fumes and high acidity. The author highlights the stunning natural beauty of the turquoise lake while criticizing the lack of immediate medical facilities for tourists.

 

---- facebook comment plugin here -----

Latest