Connect with us

Travelogue

ബ്രോമോ: തണുപ്പൊഴുക്കുന്ന അഗ്നിപര്‍വതം

ബ്രോമോ കേന്ദ്രീകൃതമായി നടത്തപ്പെടുന്ന പ്രധാന ആചാരമാണ് യഞ്ജ്യ കസാദ (Yadnya Kasada) എന്ന വാർഷിക ഉത്സവം. ഈ വർഷത്തേത് ഇക്കഴിഞ്ഞ ജൂൺ ഒന്നിനായിരുന്നു.

Published

|

Last Updated

ലാംഗ് സ്റ്റേറ്റ് യൂനിവേഴ്‌സിറ്റി നടത്തിയ ഇന്റർനാഷനൽ സമ്മർ ക്യാമ്പിന്റെ ഭാഗമായാണ് ആദ്യമായി ബ്രോമോ സന്ദർശിക്കാൻ അവസരം ലഭിക്കുന്നത്. ചെലവ് ചുരുക്കാൻ ഒരു ഫ്രീ പ്രോഗ്രാം കിട്ടും വരെ കാത്തിരുന്നെന്നും പറയാം. രാത്രി പന്ത്രണ്ടിന് ഹോസ്റ്റലിൽ നിന്നിറങ്ങി. ബസ്സിൽ നേരെ ബേസ് ക്യാമ്പിലേക്ക്. ബേസ് ക്യാമ്പിൽ അത്ര കഠിനമല്ലെങ്കിലും തണുപ്പുണ്ട്. സഞ്ചാരികൾക്കും കച്ചവടക്കാർക്കും ഒരുപോലെ തിരക്ക്. ഒരു മങ്കിക്യാപ്പ് വാങ്ങി ഞാനും തയാറായി. ഇവിടെയാണ് പ്രധാനമായും ജീപ്പുകൾക്ക് വേണ്ടിയുള്ള നെഗോഷ്യേഷൻ. ബേസ് ക്യാമ്പ് മുതൽ ഈ ഓഫ് റോഡ് ജീപ്പുകളിലാണ് പോകേണ്ടത്. അഗ്നിപർവതത്തിന്റെ താഴ്ഭാഗം വരെ ഈ ജീപ്പുകൾക്ക് പോകാനാകും. ലാവുത്താൻ പാസിർ എന്ന് വിളിക്കുന്ന മണൽപ്പരപ്പിലൂടെയാണ് യാത്ര.

വഴിയത്രയും മണ്ണും പൊടിയും പറത്തി ലക്ഷ്യത്തിലേക്കോടുകയാണ് നീണ്ട ജീപ്പ് നിരകൾ. ഞങ്ങളുടെ ഡ്രൈവർ ബ്രോമോയുടെ അയൽക്കാരനാണ്. ഇന്നാട്ടിലെ മിക്ക ആളുകളും ബ്രോമോയുമായി ചുറ്റിപ്പറ്റി ജീവിക്കുന്നവരാണ്. തണുപ്പിനുള്ള വസ്ത്രക്കച്ചവടക്കാർ, കോഫിയും സ്‌നാക്സും വിൽക്കുന്നവർ, കുതിരയോട്ടക്കാർ, ജീപ്പുകാർ, ടൂറിസ്റ്റ് ഓപ്പറേറ്റർമാർ തുടങ്ങി ബേസ് ക്യാമ്പിൽ നിസ്‌കാരമുറിക്കും ടോയ്‌ലറ്റിനും വാടക വാങ്ങി ജീവിക്കുന്നവർ വരെ.
തെങ്കർ സെമറു നാഷനൽ പാർക്കിലാണ് ബ്രോമോ അഗ്നിപർവതം സ്ഥിതിചെയ്യുന്നത്. മനോഹരമായ സൂര്യോദയം അനുഭവിക്കാൻ കഴിയുന്ന എണ്ണപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ബ്രോമോ. സമുദ്രനിരപ്പിൽ നിന്ന് 2300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബ്രോമോയും പരിസരവും കൊടും തണുപ്പാണ്. വിദേശികൾക്ക് എൻട്രൻസ് ടിക്കറ്റ് ചാർജും കുറച്ചധികമാണ്. അങ്ങനെയാണ് ബ്രോമോ പാക്കേജ് ഉൾപ്പെടുന്ന ഒരു സൗജന്യ സമ്മർ ക്യാമ്പിന് വേണ്ടി കാത്തിരുന്നത്.

ജീപ്പ് ആദ്യം നിർത്തിയത് ബ്രോമോയും മറ്റു പർവതങ്ങളും പിറകിൽ വരുന്ന വ്യൂ പോയിന്റിലാണ്. ലോകം കണ്ണുവെച്ച വോൾക്കാനോ മാന്ത്രികത. ഐസ് വെള്ളത്തിൽ അംഗശുദ്ധി വരുത്തി സുബ്ഹ് നിസ്‌കരിച്ചു. 1000 റുപ്പിയയാണ് നിസ്‌കാര മുറിക്കും ടോയ്്ലറ്റിനും കൂടി വാടക കൊടുത്തത്. ഒരു ചൂട് കോഫി കുടിച്ച് നല്ലൊരു വ്യൂ പോയിന്റിൽ നിറുത്തമുറപ്പിച്ചു.

വർഷങ്ങൾ കാത്തിരുന്ന കാഴ്ച കണ്മുന്നിൽ തെളിയുന്ന നിമിഷം. കിഴക്ക് ആകാശം നിറം മാറിത്തുടങ്ങി. മണൽ പരപ്പിൽ പർവതങ്ങൾ തെളിഞ്ഞു. നേർത്ത വര മുകളിലോട്ട് വരച്ചത് പോലെ ബ്രോമോ അപ്പോഴും പുകയുന്നുണ്ടായിരുന്നു. പോപ്പുലറായ വ്യൂ പോയിന്റുകളിലെല്ലാം ഫോട്ടോയെടുക്കാനുള്ള നീണ്ട വരികൾ. കാത്തിരിപ്പിന്റെ സാഹസത്തിന് നിൽക്കാതെ ജീപ്പ് ലക്ഷ്യമാക്കി ഇറങ്ങി. കാഴ്ചകൾ ഇവിടെ കഴിയുന്നില്ലല്ലോ.
അടുത്ത ലക്ഷ്യം അഗ്നിപർവതമുഖമാണ്. താഴ്ഭാഗം വരെ ജീപ്പ് പോകും. പിന്നീട് നടന്നു കയറണം. ഒറ്റ നോട്ടത്തിൽ എളുപ്പമെന്ന് തോന്നും. പക്ഷേ, വഴിയത്രയും കറുത്ത മണലാണ്. ശരിക്ക് പറഞ്ഞാൽ ലാഹർ. അഗ്നിപർവതത്തിൽ നിന്ന് പുറത്തുവരുന്ന ചാരം, പാറക്കഷ്ണങ്ങൾ, മണൽ, മണ്ണ് എന്നിവ വെള്ളവുമായി കലർന്ന് താഴേക്കൊഴുകുന്ന വോൾക്കാനിക് മഡ്ഫ്‌ലോ ആണ് ലാഹർ. അഗ്നിപർവതമെന്ന് കേൾക്കുമ്പോൾ കൊടും ചൂടുള്ള ലാവ മാത്രമാണ് മനസ്സിലോട്ട് വരുന്നതെങ്കിൽ തെറ്റി. ബ്രോമോയിലും മറ്റു ചില വോൾക്കാനോകളിലും കടും തണുപ്പുള്ള ലാഹറാണ് വില്ലൻ.

ഹൈക്കിംഗ് ഉപകരണങ്ങൾ ഒന്നുമില്ലാത്തത് നന്നേകുഴക്കി. ഒരു മണിക്കൂറിലേറെ പൊരിവെയിലത്ത് ലാഹർ ചവിട്ടിക്കയറണം. നേരെ താഴെയെത്തിയാൽ മുകളിലേക്ക് കോൺക്രീറ്റ് പടികളുണ്ട്. ഇതുവരെ വാടകക്കെടുത്ത കുതിരകളുമായി വരുന്നവർ ഏറെയുണ്ട്. അഞ്ച് ലക്ഷം റുപ്പിയയാണവർ ചോദിക്കുന്നത്. രണ്ടാം തവണ ബ്രോമോയിലെത്തിയപ്പോൾ കുതിരയിലാണ് താഴ്ഭാഗം വരെ പോയത്.

മുകളിലെത്തിയാൽ താഴോട്ടുള്ള കാഴ്ച അസാധാരണമാണ്. ചുറ്റിലും ലാഹർ ഒലിച്ചിറങ്ങിയ പർവതങ്ങൾ, താഴെ പുള്ളികൾ പോലെ മലകയറാൻ വരുന്നവർ, മുമ്പിൽ പുകയുന്ന ക്രേറ്റർ. വോൾക്കാനോകളിൽ സ്‌ഫോടനം നിർമിക്കുന്ന ഗർത്തമാണ് ക്രേറ്റർ. പർവതത്തിന്റെ ഉച്ചിയിൽ പൊട്ടിത്തെറി മൂലമുണ്ടാകുന്ന തുറന്ന വായ് എന്നും പറയാം. ഇളം സ്വർണ നിറത്തിലുള്ള സൾഫർ പുകയുന്ന ക്രേറ്ററിലേക്കുള്ള നോട്ടം ഭീതി ജനിപ്പിക്കും. അഥവാ അബദ്ധത്തിൽ അകത്തോട്ട് വീണാൽ തിരികെ ലഭിക്കുന്നതിനെ പറ്റി ഓർക്കുക പോലും വേണ്ട.

തെങ്കരീസ് ജനവിഭാഗമാണ് കണ്ടതിൽ വെച്ച് മിക്ക കച്ചവടക്കാരും. ബ്രോമോ അഗ്നിപർവതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന, പുരാതന ജാവനീസ് ഹിന്ദു പാരമ്പര്യം ഇന്നും സംരക്ഷിച്ചു വരുന്ന ഒരു സമൂഹമാണിവർ. ഇന്തോനേഷ്യയിൽ ഭൂരിഭാഗം ജനങ്ങളും ഇസ്്ലാംമതം പിന്തുടരുന്നുണ്ടെങ്കിലും, തെങ്കരീസ് വിഭാഗം നൂറ്റാണ്ടുകളായി തങ്ങളുടെ പാരമ്പര്യ വിശ്വാസങ്ങളും ആചാരങ്ങളും നിലനിർത്തിക്കൊണ്ടിരിക്കുന്നു. ബ്രോമോ കേന്ദ്രീകൃതമായി നടത്തപ്പെടുന്ന പ്രധാന ആചാരമാണ് യഞ്ജ്യ കസാദ (Yadnya Kasada) എന്ന വാർഷിക ഉത്സവം. ഈ വർഷത്തേത് ഇക്കഴിഞ്ഞ ജൂൺ ഒന്നിനായിരുന്നു. ആയിരക്കണക്കിന് വിശ്വാസികൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് ബ്രോമോയുടെ ക്രേറ്ററിന്റെ മുകളിലെത്തി പഴങ്ങൾ, പച്ചക്കറികൾ, അരി, കോഴി, മൃഗങ്ങൾ തുടങ്ങിയ വഴിപാടുകൾ ഗർത്തത്തിലേക്ക് സമർപ്പിക്കും. താഴേക്ക് പതിക്കും മുമ്പ് അവ കൈപ്പിടിയിലാക്കാൻ ഗർത്തത്തിന്റെ അരികുകളിലിറങ്ങി നിന്ന് മത്സരിക്കുന്നവർ കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടും.

Content Highlights:
An international summer camp hosted by Malang State University offered a budget-friendly opportunity to visit the iconic Mount Bromo. Located inside Tengger Semeru National Park at an altitude of 2300 meters, the active volcano experiences freezing temperatures and features an incredible sunrise viewpoint. The adventurous journey includes off-road jeep rides across a vast sand sea and a challenging hike through volcanic mudflow to reach the smoking crater.

 

Latest