Connect with us

Kerala

കൈക്കൂലി വാങ്ങവെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടർ വിജിലന്‍സ് പിടിയില്‍

5,000 രൂപ കൈക്കൂലി വാങ്ങവെ തൃശൂര്‍ വിജിലന്‍സ് പിടികൂടി

Published

|

Last Updated

തൃശൂര്‍ | കൈക്കൂലി വാങ്ങവെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ഇടനിലക്കാരനും വിജിലന്‍സ് പിടിയില്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ തൃപ്രയാര്‍ സബ് ആര്‍ ടി ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി എസ് ജോര്‍ജിനെയും ഇടനിലക്കാരന്‍ അശ്റഫിനെയുമാണ് 5,000 രൂപ കൈക്കൂലി വാങ്ങവെ തൃശൂര്‍ വിജിലന്‍സ് പിടികൂടിയത്.

വാടാനപ്പള്ളി സ്വദേശിയായ പരാതിക്കാരന്‍ വാഹന പുക പരിശീലന കേന്ദ്രം തുടങ്ങുന്നതിന് ഈ മാസം 14ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി എസ് ജോര്‍ജിനെ സമീപിച്ചപ്പോള്‍, ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടറും ഇടനിലക്കാരനുമായ അശ്റഫിനെ കാണാന്‍ പറഞ്ഞു. തുടര്‍ന്ന് ഈ മാസം 24ന് അഷ്‌റഫിനെ ബന്ധപ്പെട്ടപ്പോള്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൈക്കൂലി ആയി 5,000 രൂപ നല്‍കണമെന്ന് പറയുകയും തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരം തൃശൂര്‍ വിജിലന്‍സ് യൂനിറ്റ് ഡി വൈ എസ് പി. സി ജി ജിം പോളിനെ അറിയിക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി ഇന്ന് രാവിലെ പത്ത് മണിയോടെ പിടികൂടി.

തൃപ്രയാര്‍ സബ് ആര്‍ ടി ഓഫീസിന്റെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന കീഴ്പ്പുള്ളിക്കരയിലുള്ള ഗ്രൗണ്ടില്‍ വെച്ച് ഇടനിലക്കാരന്‍ പണം വാങ്ങുന്ന സമയം സമീപത്തുണ്ടായിരുന്ന വിജിലന്‍സ് സംഘം ഇരുവരെയും കൈയോടെ പിടികൂടുകയാണുണ്ടായത്. പ്രതികളെ തൃശൂര്‍ വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കി. വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി ഐ പീറ്റര്‍, ജയകുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ബൈജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിബീഷ്, ഷൈജു സോമന്‍, രഞ്ജിത്ത്, അരുണ്‍, സിബിന്‍ എന്നിവരും ഉണ്ടായിരുന്നു.

Latest