First Gear
കൂടുതൽ റേഞ്ച്, കൂടുതൽ ഫീച്ചർ; ബജാജ് ഗോഗോ ഓട്ടോ പുറത്തിറക്കി
മൂന്ന് വേരിയന്റുകളിലാണ് ഗോഗോ വരുന്നത് - P5009, P5012, P7012.

ന്യൂഡൽഹി | ലോകത്തിലെ ഏറ്റവും വലിയ ത്രീ-വീലർ നിർമ്മാതാക്കളായ ബജാജ് ഓട്ടോ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ പുറത്തിറക്കി. ഗോഗോ എന്ന പേരിലാണ് മൂന്നു വേരിയന്റ് പുറത്തിറക്കിയിരിക്കുന്നത്. മികച്ച ഇൻ-ക്ലാസ് ലോംഗ് റേഞ്ച്, 5 വർഷത്തെ ബാറ്ററി വാറന്റി, ഓട്ടോ ഹസാർഡ്, ആന്റി-റോൾ ഡിറ്റക്ഷൻ തുടങ്ങിയ ഫസ്റ്റ്-ഇൻ-ക്ലാസ് സാങ്കേതിക സവിശേഷതകൾ വാഹനത്തിൽ ഉണ്ട്.
വിശ്വസനീയവും കരുത്തുറ്റതും പരിസ്ഥിതി സൗഹൃദവുമായ ഗതാഗതം ഗോഗോ ഉറപ്പാക്കുമെ ന്നാണ് ബജാജിന്റെ അവകാശവാദം.പാസഞ്ചർ, കാർഗോ വേരിയന്റുകളിൽ ലഭ്യമായ പുതിയ ബജാജ് ഗോഗോ വേഗത, സുസ്ഥിരത, കാര്യക്ഷമത എന്നിവയിൽ കൂടുതൽ ശ്രദ്ധ നൽകിയിട്ടുണ്ട്.
മൂന്ന് വേരിയന്റുകളിലാണ് ഗോഗോ വരുന്നത് – P5009, P5012, P7012. വേരിയന്റ് നാമകരണത്തിൽ, ‘P’ എന്നത് പാസഞ്ചറിനെ സൂചിപ്പിക്കുന്നു. ’50’ ഉം ’70’ ഉം വലുപ്പ സൂചകങ്ങളാണ്, അതേസമയം ’09’ ഉം ’12’ ഉം യഥാക്രമം 9 kWh ഉം 12 kWh ഉം ബാറ്ററി ശേഷിയെ സൂചിപ്പിക്കുന്നു.
P5009 വേരിയന്റ് 171 കിലോമീറ്റർ റേഞ്ച് ആണ് വാഗ്ദാനം ചെയ്യുന്നത്. P5012, P7012 എന്നീ വേരിയന്റുകൾ 251 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യുന്നു.P5009 6 എച്ച്പി പവറും 36 എൻഎം ടോർക്കും ഉൾക്കൊള്ളുന്നതാണ്. മറ്റ് രണ്ട് വേരിയന്റുകളിൽ ഇത് യഥാക്രമം 7.37 എച്ച്പിയും 36 എൻഎമ്മുമാണ്.
P5009 വേരിയന്റിന് 3.26 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. P5012 വേരിയന്റിനും P7012 വേരിയന്റിനും 3.83 ലക്ഷം രൂപയാകും. ബജാജിന്റെ ഷോറൂമുകളിൽ ബുക്കിംഗ് ഇതിനകം ആരംഭിച്ചു.