moral policing
കൊല്ലത്ത് മാതാവിനും മകനും നേരെ സദാചാര ഗുണ്ടായിസം; പ്രതി പിടിയില്‍
റോഡരികില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിക്കുന്നതിന് ഇടയിലാണ് അനാശാസ്യം ആരോപിച്ച് ആശിഷ് മാതാവിനേയും മകനെയും ക്രൂരമായി ആക്രമിച്ചത്
കൊല്ലം | കൊല്ലം -തിരുവനന്തപുരം തീരപാതയില്‍ പരവൂരിനടുത്ത് മാതാവിനും മകനും നേരെ സദാചാര ഗുണ്ടായിസം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തെന്മലയില്‍ നിന്നാണ് പ്രതിയായ ആശിഷിനെ പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് പരവൂര്‍ തെക്കും ഭാഗം ബീച്ച് റോഡില്‍ വെച്ചാണ് ഷംലക്കും മകന്‍ സാലുവിനും നേരെ സദാചാര ഗുണ്ടാ ആക്രമണം നടന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഷംലയുടെ ചികില്‍സ കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു സംഭവം. റോഡരികില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിക്കുന്നതിന് ഇടയിലാണ് അനാശാസ്യം ആരോപിച്ച് ആശിഷ് മാതാവിനേയും മകനെയും ക്രൂരമായി ആക്രമിച്ചത്.മാതാവും മകനുമാണെന്ന് പറഞ്ഞപ്പോള്‍ അതിന് തെളിവ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ആശിഷ് ഇരുവരെയും കമ്പിവടി കൊണ്ട് അടിക്കുകയും വാളുകൊണ്ട് വെട്ടുകയും ചെയ്തു.നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. പ്രാണരക്ഷാര്‍ത്ഥം പരവൂര്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു ഇരുവരും. ആശിഷിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.



