Connect with us

Kerala

ജി എന്‍ എ കരാര്‍: പുറത്തുവന്നിരിക്കുന്നത് വന്‍ കൊള്ളക്കുള്ള ശ്രമം; ജുഡീഷ്യല്‍ അന്വേഷണം വേണം: പിണറായി

സംസ്ഥാനത്ത് ഇല്ലാത്ത വൈദ്യുതി ക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പവര്‍കട്ട് ഭീതിയിലാഴ്ത്തി നടപ്പിലാക്കാന്‍ ശ്രമിച്ച അഴിമതിയാണ് ഇതെന്ന് വ്യക്തമായിരിക്കുകയാണ്.

Published

|

Last Updated

തിരുവനന്തപുരം | ജി എന്‍ എ കരാര്‍ റദ്ദാക്കലിലൂടെ പുറത്തുവന്നത് വന്‍ കൊള്ളക്കുള്ള ശ്രമമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംസ്ഥാനത്ത് ഇല്ലാത്ത വൈദ്യുതി ക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പവര്‍കട്ട് ഭീതിയിലാഴ്ത്തി നടപ്പിലാക്കാന്‍ ശ്രമിച്ച അഴിമതിയാണ് ഇതെന്ന് വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കിയ അഴിമതിയാണിത്. വിഷയത്തില്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് പൂര്‍ണമായും ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ക്രമക്കേടുകള്‍ തെളിവുസഹിതം പ്രതിപക്ഷവും മാധ്യമങ്ങളും തുറന്നുകാട്ടിയപ്പോള്‍ മാത്രമാണ് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. കെ എസ് ഇ ബിയുടെ എതിര്‍പ്പുകള്‍ വകവെക്കാതെയും ടെന്‍ഡര്‍ നടപടികള്‍ കൂടാതെയും സ്വന്തമായി ഉത്പാദനമില്ലാത്ത, വൈദ്യുതി ട്രേഡര്‍ പോലുമല്ലാത്ത സ്വകാര്യ ഇടനില പ്ലാറ്റ്ഫോമിന് ഉയര്‍ന്ന നിരക്കില്‍ കരാര്‍ നല്‍കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്‌നമായ അഴിമതിയാണെന്ന് പിണറായി ആരോപിച്ചു.

വകുപ്പിലെ നിര്‍ണായക തീരുമാനങ്ങളും കരാര്‍ റദ്ദാക്കലും താന്‍ അറിഞ്ഞത് മാധ്യമ വാര്‍ത്തകളിലൂടെയാണെന്ന് വകുപ്പ് മന്ത്രി പോലും പറഞ്ഞിരിക്കുകയാണ്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം പൂര്‍ണമായും ഇല്ലാതായതിന് തെളിവാണ്. ഒക്ടോബറില്‍ വി ഇ എന്‍ ഗ്ലോബല്‍ എന്ന കമ്പനിയില്‍ നിന്നും 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 11 രൂപക്ക് വാങ്ങിയതും മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയാണെന്നാണ് മനസിലാക്കുന്നത്. ടെണ്ടറോ റഗുലേറ്ററി കമ്മീഷന്റെ അനുമതിയോ കൂടാതെ നടത്തിയ ഈ ഇടപാടും ദുരൂഹമാണ്.

അഴിമതി കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ മുന്‍ കെ എസ് ഇ ബി ചെയര്‍മാന്റെ റിപോര്‍ട്ടിന്മേല്‍ അന്വേഷണം പ്രഖ്യാപിച്ച് ഉദ്യോഗസ്ഥരെ ബലിയാടാക്കി ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കൃത്രിമ പ്രതിസന്ധി സൃഷ്ടിച്ച് വന്‍ അഴിമതിക്ക് കളമൊരുക്കിയതിന് പിന്നിലെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ആരാണെന്നും വകുപ്പ് മന്ത്രിയെപ്പോലും ഒഴിവാക്കി എടുത്ത തീരുമാനങ്ങള്‍ക്ക് പിന്നിലെ താത്പര്യങ്ങള്‍ എന്താണെന്നും പുറത്തുവരേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Content Highlights: Kerala Chief Minister Pinarayi Vijayan has alleged a major attempt at public loot through the GNA agreement. He called for an immediate and comprehensive judicial probe into the contract details that surfaced. Vijayan emphasized that those behind this massive corruption attempt must be exposed.

 

 

---- facebook comment plugin here -----

Latest