Connect with us

pinarayi

മോദിക്കും രാഹുലിനും ഒരേ സ്വരം: പിണറായി

ബി ജെ പിയെ ഭയന്ന് കോണ്‍ഗ്രസ് സ്വന്തം കൊടിയും ലീഗ് കൊടിയും ഒളിപ്പിക്കുന്നു

Published

|

Last Updated

കാഞ്ഞങ്ങാട് | കേരളത്തിന്റെ നേട്ടങ്ങളെ നുണകള്‍ കൊണ്ട് മൂടാന്‍ ശ്രമിക്കുന്നതില്‍ മോദിക്കും രാഹുലിനും ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം 2019ല്‍ നിന്ന് വ്യത്യസ്തമായിരിക്കും. എല്‍ഡിഎഫ് ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന് ജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമാണ് ലഭിക്കുന്നത്. അതാണ് കോണ്‍ഗ്രസും ബിജെപിയും ഒരേ രീതിയില്‍ പരിഭ്രമമുയര്‍ത്തുന്നതിന് കാരണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങളില്‍ കേരളം രാജ്യത്തിന് മാതൃകയാണ്. നീതി ആയോഗിന്റെ ചുമതലയില്‍ ഇരുന്നാണ് മോദി കള്ളം പറയുന്നത്. ബീഹാറിനെ പോലെയാണ് കേരളമെന്ന് പറയുന്ന പ്രധാനമന്ത്രി ഒറ്റയടിക്ക് രണ്ട് സംസ്ഥാനങ്ങളെ അപമാനിക്കുകയാണ്. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഏത് ആധികാരിക റിപ്പോര്‍ട്ട് വെച്ചാണ് പ്രധാനമന്ത്രി കേരളത്തെ ആക്ഷേപിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

നീതി ആയോഗിന്റെ സി ഇ ഒ വി വി ആര്‍ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തല്‍ നരേന്ദ്ര മോദിയുടെ അവകാശ വാദം തെറ്റെന്ന് തെളിയിക്കുന്നു. മോദി സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറക്കാന്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു വെളിപ്പെടുത്തല്‍. 42 ശതമാനം വിഹിതം 33 ശതമാനമാക്കാന്‍ മോദി ശ്രമിച്ചു. സ്വന്തന്ത്ര ചുമതലയുള്ള ഭരണഘടനാ സ്ഥാപനത്തിന്റെ അധികാരത്തില്‍ ഇടപെട്ടു. സംസ്ഥാനങ്ങളുടെ നികുതി വിഹിതം ഔദാര്യമല്ല, അവകാശമാണ്.

ബിജെപി സര്‍ക്കാര്‍ പരസ്യങ്ങളില്‍ കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു. സാമ്പത്തികമായി ഞെരുക്കുന്നവര്‍ തന്നെ അതിന്റെ പേരില്‍ ആക്ഷേപിക്കുന്നു. കേരളത്തില്‍ നിന്ന് ഒരു സീറ്റും കിട്ടില്ലെന്ന് മനസ്സിലായതിനാല്‍ മോദി തെറ്റായ കാര്യങ്ങള്‍ പറയുന്നു. അതേ രീതി തന്നെയാണ് രാഹുല്‍ ഗാന്ധിയും തുടരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി കോണ്‍ഗ്രസ് വോട്ട് നേടി. എന്നാല്‍ ജനങ്ങള്‍ സത്യം തിരിച്ചറിഞ്ഞു.

സംഘപരിവാറിനെയും മോദിയെയും എതിര്‍ക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. ഉത്തരേന്ത്യയില്‍ നിന്ന് ഒളിച്ചോടിയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്. പൗരത്വ ഭേദഗതിയെക്കുറിച്ച് കോണ്‍ഗ്രസ് ഒരക്ഷരം മിണ്ടുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ബി ജെ പിയെ ഭയന്ന് കോണ്‍ഗ്രസ് സ്വന്തം കൊടിയും ലീഗ് കൊടിയും ഒളിപ്പിക്കുന്നു. പാപ്പരായ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കാണിക്കുന്നത്. കൊടി പിടിച്ച ലീഗുകാരെ തല്ലുന്നു. സി എ എ പരസ്യം കൊടുത്ത പത്രം കത്തിക്കുന്നു. മൂന്ന് കൂട്ടരെ എതിര്‍ത്താണ് എല്‍ ഡി എഫ് സ്വീകാര്യത നേടുന്നത്. ബി ജെ പിയെ എതിര്‍ക്കുക എന്നാണ് പ്രധാനം. സതീശന്റെ നിലയ്ക്ക് എന്തോ പറ്റിയിട്ടുണ്ട്. പറയുന്ന കാര്യങ്ങള്‍ക്ക് വിശ്വാസ്യത പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി എ എ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഇല്ലെന്ന് വിമര്‍ശിച്ചപ്പോള്‍ വായിക്കാതെയാണ് പറയുന്നതെന്ന് പറഞ്ഞു. പ്രകടനപത്രികയില്‍ എവിടെയുമില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ചു. ഉള്‍പ്പെടുത്താന്‍ മനസ്സില്ലെന്ന് കെ പി സി സി പ്രസിഡന്റ് പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസ് സത്യം പുറത്തുവിട്ടു. രാജ്യം മനസിലാക്കിയ കാര്യം മറ്റൊരു രീതിയില്‍ അവതരിപ്പിക്കാന്‍ സതീശനേ കഴിയുയെന്നും മുഖ്യമന്ത്രി പറഞ്ഞു.