Connect with us

Articles

ക്യാമ്പസുകൾ ഭരിക്കുന്ന ആൾക്കൂട്ടങ്ങൾ

അധ്യാപകരെയും സ്‌കൂൾ അഡ്മിനിസ്‌ട്രേഷനെയും ആൾക്കൂട്ടം ഭീഷണിപ്പെടുത്തുന്ന ഒരു ഡസനിലധികം സംഭവങ്ങളിൽ ചിലത് മാത്രമാണിത്. ഈ ആൾക്കൂട്ടങ്ങൾ രൂപപ്പെടുന്നത് വിദ്യാർഥികൾ വഴിയാണെന്നതാണ് ഏറെ വിചിത്രം. ചരിത്ര സത്യങ്ങൾക്കും ശാസ്ത്ര യാഥാർഥ്യങ്ങൾക്കുമെതിരെ ആക്ഷേപവുമായി വരുന്ന ഈ ആൾകൂട്ടം തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രം പേറുന്നവരാണെന്നത് അത്ഭുതപ്പെടുത്തുന്നതല്ലെങ്കിലും ഇത് ക്യാമ്പസുകളിലും വ്യാപിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്.

Published

|

Last Updated

“മുസ്്ലിംകൾ ബലാത്സംഗികളാണ്’ “ഹിന്ദുക്കൾ ഒരു തരത്തിലുള്ള കലാപത്തിലും ഉൾപ്പെടുന്നവരല്ല’ “സുപ്രീം കോടതി ഉത്തരവനുസരിച്ചാണ് ബാബരി മസ്ജിദ് തകർത്തത്’ മഹാരാഷ്ട്രയിലെ കൊലാപൂർ ജില്ലയിലെ ഗോകുൽ ഷർഗോണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ “ലിംഗ വിവേചനം’ എന്ന വിഷയത്തിൽ ക്ലാസ്സെടുത്ത് കൊണ്ടിരിക്കെ വനിതാ പ്രൊഫസറെ പരിഹസിച്ച് ഒരു കൂട്ടം വിദ്യാർഥികൾ മുഴക്കിയ മുദ്രവാക്യങ്ങളാണിത്.
“ബലാത്സംഗം ഏതെങ്കിലും മതത്തിലും ജാതിയിലും ഒതുക്കേണ്ട ഒന്നല്ല. അതിന് മതമോ ജാതിയോ ഇല്ല. സ്ത്രീകൾക്കതിരായ കുറ്റകൃത്യങ്ങളിലെ ഏറ്റവും ഹീനമായ രൂപമാണ് ബലാത്സംഗം’ – ടീച്ചർ വളരെ വ്യക്തമായി തന്റെ നിലപാട് തുറന്നടിച്ചു. ഇതിൽ വിറളി പൂണ്ട വിദ്യാർഥികൾ പ്രൊഫസർ സംസാരക്കുന്നതിന്റെ വീഡിയോ പകർത്തി അതിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് ഹിന്ദു വിരുദ്ധമായി ചിത്രീകരിച്ചു.

ചുരുങ്ങിയ സമയത്തിനുള്ളിൽ അത് വൈറലായി. ഇതറിഞ്ഞ നിരവധി ഹിന്ദുത്വ ഗ്രൂപ്പുകൾ പ്രതിഷേധവുമായി സ്ഥാപനത്തിലെത്തി. അവരുടെ പ്രതിഷേധത്തിന് വഴങ്ങി കോളജ് മാനേജ്മെന്റ് വനിതാ പ്രൊഫസറെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. മാത്രമല്ല, അവരോട് മാപ്പ് പറയാനും ആവശ്യപ്പെട്ടു. എന്നാൽ, അവർ മാപ്പ് പറഞ്ഞില്ല. ഇതേത്തുടർന്ന് അവരോട് വീട്ടിൽ നിന്ന് ജോലി ചെയ്യാനും ആഗസ്റ്റ് അവസാനം ആരംഭിക്കുന്ന അടുത്ത അധ്യായന വർഷം തിരിച്ച് ജോലിയിൽ പ്രവേശിച്ചാൽ മതിയെന്നും അറിയിച്ചു.

ആഗസ്റ്റ് നാല്. കൊലാപൂരിലെ സെവെൻത് ഡേ സ്‌കൂളിലെ പരീക്ഷാ ഹാൾ. പരീക്ഷ എഴുതിക്കൊണ്ടിരിക്കെ ഒരു വിദ്യാർഥി തന്റെ ഉത്തരക്കടലാസിൽ ജയ്ശ്രീറാം എന്നെഴുതുന്നു. പരീക്ഷാ ചട്ടങ്ങൾ വളരെ കർശനമായി നടപ്പാക്കുന്ന ഒരു അധ്യാപകൻ ഇത് കാണുന്നു. ഉത്തരക്കടലാസിൽ മതപരമായ ഒരു അടയാളവും പാടില്ലെന്ന് വിദ്യാർഥിക്ക് താക്കീത് നൽകുന്നു. ഇതിൽ പ്രകോപിതനായ വിദ്യാർഥി മറ്റ് വിദ്യാർഥികളെക്കൊണ്ട് അവരുടെ ഉത്തരക്കടലാസുകളിലെല്ലാം സമാനമായ വാക്ക് എഴുതിക്കുന്നു. അൽപ്പസമയത്തിനകം സ്കൂൾ വളപ്പിൽ അതിക്രമിച്ച് കയറി അധ്യാപകനെതിരെ നാൽപ്പത് – അമ്പത് പേരടങ്ങുന്ന സംഘത്തെ അണിനിരത്താൻ വിദ്യാർഥികൾക്കാകുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുന്നു. പ്രദേശത്തെ ശിവസേന (ഏക്നാഥ് ഷിൻഡേ വിഭാഗം) എം എൽ എ ഇടപെട്ട് വിഷയം പരിഹരിക്കുന്നു. ഇവിടെ അധ്യാപകനെതിരെ നടപടികളൊന്നുമുണ്ടായില്ല. പക്ഷേ, നിർഭാഗ്യകരമെന്ന് പറയട്ടെ അനാവശ്യ വിവാദങ്ങൾക്ക് ശ്രമിച്ച വിദ്യാർഥികൾക്കെതിരെ നടപടി കൈക്കൊള്ളാൻ മാനേജ്‌മെന്റിനായില്ല. ക്രിസ്ത്യൻ സമുദായത്തിൽപെട്ട ഒരു ക്ലീനിംഗ് ജീവനക്കാരനെ നിർബന്ധിപ്പിച്ച് ജയ്ശ്രീറാം വിളിക്കാൻ ഭീഷണിപ്പെടുത്തിയെന്ന മറ്റൊരു സംഭവവും ഈ സ്‌കൂളിൽ നിന്ന് തന്നെ റിപോർട്ട് ചെയ്തിരുന്നു.

അടുത്തിടെ സത്താറയിലെ യശ്വന്ത് റാവു കോളജിലെ ഒരു ഗസ്റ്റ് അധ്യാപകൻ ഹിന്ദുത്വർ കൊലപ്പെടുത്തിയ ഗോവിന്ദ് പാൻസാരെയുടെ “ശിവജി’ എന്ന പുസ്തകത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ശിവജിയുടെ പേര് രാജ് എന്നോ മഹാരാജ് എന്നോ (മറാത്തിയിൽ ഇതിനെ രാജാവ് എന്നാണ് അർഥമാക്കുന്നത്) പ്രത്യയം നൽകാതെ പുസ്തകത്തിന്റെ തലക്കെട്ട് വായിച്ചു എന്നാരോപിച്ച് അവിടുത്തെ ഗ്രാമീണർ അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി ഇറങ്ങി. അദ്ദേഹത്തെ പിന്തുണച്ച ഒരു സ്‌കൂൾ അധ്യാപികയും പ്രതിഷേധത്തിനിരയായി. വിഷയത്തിൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ടപ്പോൾ അധ്യാപിക കൂട്ടാക്കിയില്ല. അതിന്റെ പേരിൽ പോലീസ് അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട പ്രകാരം മാനേജ്മെന്റ് അത് നടപ്പാക്കി.

ജൂണിൽ വഞ്ചിത് ബഹുജൻ അഘാഡി എന്ന പാർട്ടിയുടെ പ്രസിഡന്റ് പ്രകാശ് അംബേദ്കർ ഔറംഗസീബിന്റെ ശവകുടീരം സന്ദർശിക്കുകയുണ്ടായി. അതിന് പിന്നാലെ കൊലാപൂരിലെ ഹുപാരി ഗ്രാമത്തിലെ ചന്ദ്രബായി ശാന്തപ്പ ഷെൻഡുരെ കോളജിലെ അധ്യാപകൻ തന്റെ സോഷ്യൽ മീഡിയയിൽ മുസ്്ലിംകൾക്കും ദളിതർക്കുമെതിരെ അനീതി നടക്കുന്നതിനാൽ അവർ ഒന്നിക്കണമെന്ന് പോസ്റ്റിടുന്നു. ഗ്രാമവാസകൾക്കത് പിടിച്ചില്ല. മാത്രമല്ല, സോഷ്യൽ മീഡിയയിൽ തന്നെ ഇതിന് നിഷേധാത്മക പ്രതികരണമാണ് ലഭിച്ചത്. പോസ്റ്റിട്ട ലക്ചറെ ആൾക്കൂട്ടം വളയുകയും പോലീസിൽ അദ്ദേഹത്തിനെതിരെ പരാതി നൽകുകയും ചെയ്തു. ഗ്രാമവാസികളുടെയും ഹിന്ദു സംഘടനകളുടെയും സമ്മർദത്തിന് വഴങ്ങി അദ്ദേഹത്തെ കോളജിൽ നിന്ന് സ്ഥലം മാറ്റുകയുണ്ടായി.

കൊലാപൂരിലും അതിന്റെ സമീപ ജില്ലകളിലും കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ നടന്ന അധ്യാപകരെയും സ്‌കൂൾ അഡ്മിനിസ്‌ട്രേഷനെയും ആൾക്കൂട്ടം ഭീഷണിപ്പെടുത്തുന്ന ഒരു ഡസനിലധികം സംഭവങ്ങൾ ദി വയർ വിശദമായി പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ചിലത് മാത്രമാണ് മുകളിൽ കുറിച്ചത്. ഈ ആൾക്കൂട്ടങ്ങൾ രൂപപ്പെടുന്നത് വിദ്യാർഥികൾ വഴിയാണെന്നതാണ് ഏറെ വിചിത്രം. ചരിത്ര സത്യങ്ങൾക്കും ശാസ്ത്ര യാഥാർഥ്യങ്ങൾക്കുമെതിരെ ആക്ഷേപവുമായി വരുന്ന ഈ ആൾക്കൂട്ടം തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രം പേറുന്നവരാണെന്നത് അത്ഭുതപ്പെടുത്തുന്നതല്ലെങ്കിലും രാജ്യത്ത് വേരാഴ്ന്നിയിരിക്കുന്ന വെറുപ്പും വിദ്വേഷവും ക്യാമ്പസുകളിലും വ്യാപിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്.

അധികാരത്തിന്റെ ബലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് തങ്ങൾക്കഭിമതരായവരെ കുടിയിരുത്തുന്നതും പഠഭാഗങ്ങളിലും മറ്റും ഹിന്ദുത്വ ആശയങ്ങൾ കുത്തിനിറച്ച് അക്കാദമിക് രംഗത്ത് കാവിവത്കരണം കൊണ്ടുവരുന്നതും അതിവേഗം നടക്കുന്നതിനൊപ്പം, വിദ്യാർഥികൾ വഴി ക്യാമ്പസുകളിൽ സംഘ്പരിവാർ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതിന്റെ മറ്റൊരു രൂപമാണിത്.

ശാസ്ത്ര വിരുദ്ധവും വർഗീയ പ്രോക്തവുമായ ആശയങ്ങൾ സാമൂഹിക മാധ്യമങ്ങളും മറ്റും വഴി വലിയ രീതിയിൽ വിദ്യാർഥികളിൽ എത്തുകയും ഇത് സ്വതന്ത്രവും ശാസ്ത്രീയവുമായി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് നേരെ തിരിയാൻ അവരെ പ്രേരിപ്പിക്കുന്നതുമാണ് ക്യാന്പസുകളിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തെ വിമർശിക്കുന്നത് ദേശവിരുദ്ധമാവുകയും ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതും പുരാണങ്ങളെ ശാസ്ത്രമായി അവതരിപ്പിക്കുന്നതിനെതിരെ സംസാരിക്കുന്നത് മതവിരുദ്ധ പരാമർശവുമാകുന്ന സമൂഹികാന്തരീക്ഷത്തിൽ അധ്യാപകർ നേരിടുന്ന പ്രതിസന്ധി കൂടിയാണ് ഇവിടെ കാണാനാകുന്നത്.

ഇതാദ്യമായല്ല ഹിന്ദുത്വ സംഘടനകൾ ക്യാമ്പസുകളിൽ അധ്യപകരെയും മുസ്്ലിം, ദളിത് വിഭാഗങ്ങളിലെ വിദ്യാർഥികളെയും ആക്ഷേപിക്കുന്നതും ആക്രമിക്കുന്നതും. 2014ൽ നരേന്ദ്ര മോദി സർക്കാർ ആധികാരത്തിലേറിയ ശേഷം രാജ്യത്തെ വിവിധ ക്യാമ്പസുകളിൽ നിന്നും ഇത്തരം സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഇപ്പോൾ നടക്കുന്നത് ക്യാമ്പസുകളെയെല്ലാം തങ്ങളുടെ വരുതിയിലാക്കാനും അധ്യാപകരുടെ സ്വതന്ത്രമായ ആശയ സംവേദനങ്ങളെ പിടിച്ചുകെട്ടാനുമുള്ള വളരെ ആസൂത്രിതമായി ശ്രമങ്ങളാണ്. പ്രതിഷേധങ്ങളുമായി ആദ്യം വരുന്നത് ക്യാമ്പസിനകത്തെ വിദ്യാർഥികളാണെങ്കിലും അതേറ്റെടുക്കുന്നത് പുറത്തു നിന്നുവരുന്ന ഹിന്ദുത്വ സംഘടനകളാണ്. അവർ അധ്യാപകർക്കെതിരെയും മാനേജ്‌മെന്റിനെതിരെയും തിരിയുകയും അവരെ സമ്മർദത്തിലാക്കുകയുമാണ് ചെയ്യുന്നത്.

കഴിഞ്ഞ വർഷം കർണാടകയിലെ മാണ്ഡ്യ കോളജിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യർഥിനിക്ക് നേരെ കാവി ഷാൾ അണിഞ്ഞ ഒരു കൂട്ടം സഹപാഠികൾ ജയ് ശ്രീറാം വിളികളുമായി പ്രകോപിപ്പിക്കുന്നതും വിദ്യാർഥിനി അല്ലാഹു അക്ബർ എന്ന് മുഷ്ടിചുരുട്ടി ഉറക്കെ വിളിക്കുന്നതുമായ ദൃശ്യം വലിയ ചർച്ചയായിരുന്നു. അവിടെയും കണ്ടത് ഹിന്ദുത്വ വർഗീയ ശക്തികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കടന്നുകയറ്റമായിരുന്നു. അതിന് സംഘ്പരിവാർ സംഘടനകൾ നൽകിയ പിന്തുണയും ആ വിഷയം ആളിക്കത്തിച്ചതും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചതും നമ്മൾ കണ്ടതാണ്.

രാജ്യത്തെ കേന്ദ്ര സർവകലാശാലകളിലടക്കം ഇതിന്റെ ഭീകര രൂപങ്ങൾ ഉണ്ടായിട്ടുണ്ട്. സി എ എ സമര കാലത്ത് ജാമിഅ മില്ലിയ്യയിലും ഗുജറാത്ത് വംശഹത്യാ കാലത്തെ നരേന്ദ്ര മോദിയുടെ പങ്ക് തുറന്ന് കാട്ടുന്ന ബി ബി സിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചപ്പോൾ ഇന്ത്യയുടെ വിവിധ ക്യാമ്പസുകളിലും ഈ ആൾകൂട്ടം നടത്തിയ പ്രകോപനങ്ങളും ആക്രമണങ്ങളും ഇതിന്റെ ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്. വിദ്യാർഥികൾക്കൊപ്പം അധ്യാപകരും ആക്ടിവിസ്റ്റുകളും നേരിടുന്ന ഈ പ്രതിസന്ധി ക്യാമ്പസുകളിൽ വർധിച്ചുവരികയാണ്. അധ്യാപകരിൽ കർണാടകയിലെ ഹംബി സർവകലാശാലയിൽ പ്രൊഫസറായിരുന്ന എം എം കൽബുർഗിയുടെ കൊലപാതകം മുതൽ ഹിന്ദുത്വർ വേട്ടയാടിയവരും വേട്ടയാടിക്കൊണ്ടിരിക്കുന്നവരുമായ വിദ്യാഭ്യാസ പ്രവർത്തകരുടെ പട്ടിക അതിവിപുലമാണ്. ജവഹർലാൽ നെഹ്‌റു സർവകലാശാല പ്രൊഫസറായ നിവേദിതാ മേനോനും ഗോവ മാനേജ്‌മെന്റ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ അനന്ദ് ടെൽദുംടെയും നമ്മൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന പേരുകളിൽ ചിലതാണെന്ന് മാത്രം.

രാജ്യാന്തര കണക്കുകളിൽ മാധ്യമ സ്വാതന്ത്ര്യമടക്കം എല്ലാ മേഖലയിലും രാജ്യം പിന്നിലാണെന്ന അപഖ്യാതിക്കൊപ്പം വിദ്യാഭ്യാസ മേഖലയിലെ സ്വതന്ത്ര്യത്തിന്റെ കാര്യത്തിലും സ്ഥിതിയത് തന്നെയാണെന്ന കാര്യം നാം അറിയാതെ പോകരുത്. ഫെബ്രുവരിയിൽ മെർലിനിലെ ഗ്ലോബൽ പബ്ലിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഫ്രെഡറിക്- അലക്സാണ്ടർ യൂനിവേഴ്സിറ്റി, സ്‌കോളേഴ്സ് അറ്റ് റിസ്‌ക്, വി- ഡെം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുടെ സഹകരണത്തോടെ അക്കാദമിക് ഫ്രീഡം ഇൻഡെക്‌സ് റിപോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. 2022ൽ അധ്യാപകർക്കും ഗവേഷകർക്കും ഭരണകൂടത്തിൽ നിന്നോ സ്ഥാപന മാനേജ്‌മെന്റുകളിൽ നിന്നോ മറ്റിടങ്ങളിൽ നിന്നോ, പ്രതികാര നടപടികളോ സെൻസെർഷിപ്പോ, മറ്റ് ഇടപടലുകളോ ഇല്ലാതെ സ്വതന്ത്രമായി ഗവേഷണങ്ങളും കണ്ടെത്തലുകളും നടത്താനും അത് ആവിഷ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യം എത്രത്തോളമുണ്ടെന്നതിനെ അടിസ്ഥാനമാക്കി 179 രാജ്യങ്ങളെ ഉൾക്കൊള്ളിച്ച് നടത്തിയ പഠനമായിരുന്നു അത്. ഈ റിപോർട്ടിൽ അക്കാദമിക് സ്വാതന്ത്ര്യത്തിൽ കഴിഞ്ഞ പത്ത് വർഷത്തിൽ ഇന്ത്യക്ക് വലിയ ഇടിവ് സംഭവിച്ചുവെന്നാണ് പറയുന്നത്. മാത്രമല്ല, അക്കാദമിക് സ്വാതന്ത്രത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന നാല് രാജ്യങ്ങളിലൊന്ന് “ഭാരതമാണ്’ എന്നും പറയുന്നു.

തുടക്കത്തിൽ പറഞ്ഞ കൊലാപൂരിലെയും സമീപ ജില്ലകളിലെയും സംഭവങ്ങളെ കുറിച്ച് “വിമൻ പ്രൊട്ടസ്റ്റ് ഫോർ പീസ് (WPFP)’ എന്ന പേരിൽ ഒത്തുചേർന്ന ഒരു കൂട്ടം വനിതാ ആക്ടിവിസ്റ്റുകൾ വസ്തുതാന്വേഷണ റിപോർട്ട് തയ്യാറാക്കിയിരുന്നു. കൊലാപൂരിലുടനീളമുള്ള വിവിധ സ്ഥാപനങ്ങളിലേക്കും സമീപ ജില്ലകളായ സത്താറ, സാംഗ്ലി എന്നിവിടങ്ങളിലും സഞ്ചരിച്ചു തയ്യാറാക്കിയ ഈ റിപോർട്ട് കൊലാപൂർ ജില്ലാ കലക്ടർ രാഹുൽ രേഖാവാറിന് കൈമാറുകയുണ്ടായി. അതിൽ കണ്ടെത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഈ മേഖലയിൽ നിരവധി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ കൂൺ പോലെ മുളച്ച് പൊന്തിയെന്നും അവരാണ് ക്യാമ്പസുകളെ ലക്ഷ്യമാക്കി വർധിച്ചുവരുന്ന വർഗീയ കലാപങ്ങൾക്ക് നേതൃത്വം നൽകുന്നത് എന്നുമാണ് അതിൽ കണ്ടെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി യുവാക്കളെ തങ്ങളുടെ വരുതിയിലാക്കുകയും അതുവഴി അവരെ ഇത്തരം പ്രശ്‌നങ്ങളിൽ അണിനിരത്തുകയുമാണ് ചെയ്യുന്നത്. ഇവർ പരസ്പരം അറിയുന്നത് വേണമെങ്കിൽ സോഷ്യൽ മീഡിയയിൽ മാത്രമായിരിക്കും. ഇവർ തമ്മിൽ പങ്കുവെക്കുന്ന സന്ദേശങ്ങൾ വൈകാരികത ഇളക്കിവിടുന്നതും ആവേശം കൊള്ളിക്കുന്നതുമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ നടന്ന ഘട്ടങ്ങളിലെല്ലാം അതിനെ പ്രതിരോധിക്കാൻ ക്യാമ്പസുകൾ മുന്നിൽ നിന്ന ചരിത്രമാണ് നമുക്ക് കാണാനാവുക.

വിപ്ലവപ്പോരാളികളായ വിദ്യാർഥികളും ധിഷണാശാലികളായ അധ്യാപകരും എന്നും രാജ്യത്തിന് പ്രതീക്ഷയായിരുന്നു. എന്നാലിന്ന് അവരുടെ വാ മൂടിക്കെട്ടാനും ആവിഷ്‌കാരങ്ങൾക്ക് മേൽ ഭരണകൂടത്തിന് പുറമേ കൃത്രിമമായി സൃഷ്ടിക്കുന്ന ആൾക്കൂട്ടങ്ങളുടെ നിയന്ത്രണങ്ങൾ കൊണ്ടുവരാനും സാധിക്കുന്നത് രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ സംഘ്പരിവാർ വരിഞ്ഞുമുറുക്കുന്നതിന്റെ നേർചിത്രമല്ലാതെ മറ്റെന്താണ്.

Latest