Connect with us

National

തന്റെ അമ്മ ഉള്‍പ്പടെ നിരവധി ഹിന്ദുമതക്കാരെ മിഷണറിമാര്‍ മതപരിവര്‍ത്തനം നടത്തിയെന്ന് എംഎല്‍എ; മതപരിവര്‍ത്തനം തടയാന്‍ നിയമനിര്‍മ്മാണ നീക്കവുമായി കര്‍ണാടക

ക്രിസ്ത്യന്‍ മിഷണറിമാര്‍ കര്‍ണാടകയിലെ ഹൊസ്ദുര്‍ഗ് മണ്ഡലത്തില്‍ വ്യാപക മതപരിവര്‍ത്തനം നടത്തുന്നു. തന്റെ അമ്മ ഉള്‍പ്പടെ ഹിന്ദുമത വിശ്വാസികളായ 20000 പേരെ മിഷണറിമാര്‍ മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു ഗൂലിഹട്ടി ശേഖര്‍ ആരോപിച്ചത്.

Published

|

Last Updated

ബെംഗളൂരു| മതപരിവര്‍ത്തനം തടയാന്‍ നിയമനിര്‍മ്മാണ നീക്കവുമായി കര്‍ണാടക. ചൊവ്വാഴ്ചയാണ് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ഇക്കാര്യം വിശദമാക്കിയത്. എംഎല്‍എയായ ഗൂലിഹട്ടി ശേഖറിന്റെ മതപരിവര്‍ത്തനം സംബന്ധിച്ച പ്രസ്താവനകള്‍ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വിശദമാക്കിയത്.

ക്രിസ്ത്യന്‍ മിഷണറിമാര്‍ കര്‍ണാടകയിലെ ഹൊസ്ദുര്‍ഗ് മണ്ഡലത്തില്‍ വ്യാപക മതപരിവര്‍ത്തനം നടത്തുന്നു. തന്റെ അമ്മ ഉള്‍പ്പടെ ഹിന്ദുമത വിശ്വാസികളായ 20000 പേരെ മിഷണറിമാര്‍ മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു ഗൂലിഹട്ടി ശേഖര്‍ ആരോപിച്ചത്. കുങ്കുമം പോലും ധരിക്കരുതെന്നാണ് മിഷണറിമാര്‍ അമ്മയോട് പറഞ്ഞത്. അമ്മയുടെ മൊബൈല്‍ റിംഗ് ടോണ്‍ ക്രിസ്തീയ ഭക്തിഗാനമാണ്. പൂജ ചെയ്യാന്‍ പോലും വീടിനുള്ളില്‍ സാധിക്കാത്ത സ്ഥിതിയാണ്. എന്തെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അമ്മ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ഗൂലിഹട്ടി ശേഖര്‍ വെളിപ്പെടുത്തിയിരുന്നു.

മുന്‍ സ്പീക്കര്‍ കെ.ജി ബൊപ്പയ്യ, നാഗ്താന്‍ എംഎല്‍എ ദേവാനന്ദ് എന്നിവരും മതപരിവര്‍ത്തനം സംബന്ധിച്ച ആശങ്ക പങ്കുവെച്ചിരുന്നു. നേരത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഉത്തര്‍ പ്രദേശ്, മധ്യ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളും വിവാഹത്തിലൂടെയുള്ള മതപരിവര്‍ത്തനത്തിനെതിരെ ബില്ല് പാസാക്കിയിട്ടുണ്ട്.

 

Latest