Connect with us

From the print

മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ്; മുസ്‍ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഇടയുന്നു

ജില്ലയിലെ ആയിരത്തോളം അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുത്ത 26 പേരുടെ ലിസ്റ്റ് നിയമനത്തിനായി സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ചെങ്കിലും തഴയപ്പെടുന്ന സാഹചര്യമുണ്ടായതാണ് ജില്ലാ കമ്മിറ്റിയുടെ അതൃപ്തിക്കിടയാക്കിയത്

Published

|

Last Updated

കോഴിക്കോട് | മുസ്‌ലിം ലീഗ് മന്ത്രിമാരുടെ പേഴ്‌സനൽ സ്റ്റാഫ് നിയമനത്തെച്ചൊല്ലി കോഴിക്കോട് ജില്ലാ കമ്മിറ്റി ഇടയുന്നു. ജില്ലയിലെ ആയിരത്തോളം അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുത്ത 26 പേരുടെ ലിസ്റ്റ് നിയമനത്തിനായി സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ചെങ്കിലും തഴയപ്പെടുന്ന സാഹചര്യമുണ്ടായതാണ് ജില്ലാ കമ്മിറ്റിയുടെ അതൃപ്തിക്കിടയാക്കിയത്.
മുൻ നിശ്ചയപ്രകാരം പാർട്ടി നിർദേശിക്കുന്നവരെയാണ് മുസ്‌ലിം ലീഗ് മന്ത്രിമാർ പേഴ്‌സനൽ സ്റ്റാഫായി നിയമിക്കേണ്ടത്.

പാണക്കാട് റശീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഇതിനുവേണ്ടി പ്രത്യേക സംവിധാനവും ഒരുക്കിയിരുന്നു. മണ്ഡലാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കൈമാറുകയും ജില്ലയിൽ നിന്ന് അതി സൂക്ഷ്മ പരിശോധന നടത്തിയുമാണ് സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയത്. എന്നാൽ പാർട്ടി തീരുമാനം മറികടന്ന് മന്ത്രിമാർ തന്നെ നേരിട്ട് സ്റ്റാഫുകളെ നിയമിക്കാൻ തുടങ്ങിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. മുസ്‌ലിം ലീഗിന് പ്രാതിനിധ്യമുള്ള വടക്കൻ ജില്ലകളെ അവഗണിച്ചുള്ള നിയമനങ്ങളാണ് നടക്കുന്നതെന്ന ആക്ഷേപം വ്യാപകമായി.

കോഴിക്കോട് ജില്ലയിൽ ലീഗ് മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയിച്ച് ആറ് എം എൽ എമാരെ നിയമസഭയിലേക്ക് അയച്ചെങ്കിലും തുടർച്ചയായി അവഗണന നേരിടുന്നുവെന്നാണ് ആക്ഷേപം.
മന്ത്രിപദവിയുടെ കാര്യത്തിൽ ജില്ലയെ പൂർണമായും അവഗണിച്ചു. പാറക്കൽ അബ്ദുല്ലയെ രണ്ടര വർഷം കഴിഞ്ഞാൽ മന്ത്രിയാക്കുമെന്ന വാഗ്ദാനം പോലും അട്ടിമറിക്കപ്പെടുമെന്നാണ് ജില്ലാ നേതൃത്വം ആശങ്കപ്പെടുന്നത്.

Latest