Kerala
ടി സിദ്ദീഖ് പ്രസംഗിക്കുമ്പോൾ കൂക്കിയത് ശരിയായില്ല മന്ത്രി കെ രാജന്‍
ആസൂത്രിതമായ നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും കല്ലിട്ടതിനെക്കുറിച്ച് സിദ്ദീഖിനെ പരാമര്‍ശിച്ചല്ല പറഞ്ഞതെന്നും കെ രാജന്‍ പറഞ്ഞു
തിരുവനന്തപുരം| വയനാട് ദുരിതബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങിനിടെ ടി സിദ്ധിഖ് എംഎല്‍എയ്ക്ക് നേരെ ഉണ്ടായ പ്രതിഷേധത്തില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജന്‍. എംഎല്‍എ പ്രസംഗിക്കുമ്പോള്‍ സദസ്സില്‍ നിന്ന് കൂവലുണ്ടായത് ശരിയായ നടപടിയല്ലെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ആസൂത്രിതമായ നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും കല്ലിട്ടതിനെക്കുറിച്ച് സിദ്ദീഖിനെ പരാമര്‍ശിച്ചല്ല പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ കൂവിയത് മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് തിരുത്തിക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ദുരന്തം ഉണ്ടായപ്പോള്‍ ജനങ്ങളുടെ കൂടെ നിന്ന ആളാണ് ടി സിദ്ധിഖ് എംഎല്‍എ. സിദ്ദിഖിനെതിരെ കൂവിയത് കൂലിക്ക് എടുത്തവരാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വീടുകള്‍ വച്ച് കൊടുക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തത്. ചികിത്സാ സഹായങ്ങള്‍ ഉള്‍പ്പടെ ഉള്ളവ ഇപ്പോഴും പരിഹരിച്ചിട്ടില്ല. ആദ്യം വീട് വച്ച് നല്‍കിയത് മുസ്‌ലിം ലീഗ് ആണ്. സര്‍ക്കാര്‍ സ്ഥലം നല്‍കുമെന്ന് കെപിസിസി കരുതി. അത് കിട്ടാതെ വന്നപ്പോഴാണ് സ്വന്തം നിലയില്‍ സ്ഥലം കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് മേപ്പാടിയില്‍ നടന്ന ഉദ്ഘാടന ചടങ്ങിനിടെയാണ് ആളുകള്‍ കൂവി പ്രതിഷേധിച്ചത്. സ്വാഗതപ്രസംഗത്തില്‍ ചീഫ് സെക്രട്ടറി എ. ജയതിലക് എംഎല്‍എയുടെ പേര് പരാമര്‍ശിച്ചപ്പോഴും പിന്നീട് അദ്ദേഹം പ്രസംഗിക്കുമ്പോഴും സദസ്സില്‍നിന്ന് ഒരുവിഭാഗം നിര്‍ത്താതെ കൂക്കിവിളിക്കുകയായിരുന്നു.




