Connect with us

Uae

മെട്രോ റെയില്‍ സുരക്ഷിതത്വം: ഉറപ്പുവരുത്താന്‍ ആധുനിക സംവിധാനം

ദുബൈ മെട്രോ റെയില്‍ പാതയില്‍ തടസ്സങ്ങളും മറ്റും പരിശോധിക്കാന്‍ റോബോട്ടുകളെ രംഗത്തിറക്കി.

Published

|

Last Updated

ദുബൈ | ദുബൈ മെട്രോ റെയില്‍ പാതയില്‍ തടസ്സങ്ങളും മറ്റും പരിശോധിക്കാന്‍ റോബോട്ടുകളെ രംഗത്തിറക്കിയതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ). അറ്റകുറ്റപ്പണികളുടെ ചുമതലയുള്ള കിയോലിസ് എം എച്ച് ഐ, ഫ്യൂച്ചര്‍ മെയിന്റനന്‍സ് ടെക്‌നോളജീസ് (എഫ് എം ടി) എന്നിവയുമായി സഹകരിച്ചാണിത്. ഓട്ടോമേറ്റഡ് റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍സ്പെക്ഷന്‍ സിസ്റ്റം (എ ആര്‍ ഐ എസ്) എന്നറിയപ്പെടുന്ന ഒരു വിപ്ലവകരമായ സാധ്യതയാണ് തേടിയത്. എ ഐയില്‍ നിയന്ത്രിക്കപ്പെടുന്ന റോബോട്ടിക് ഇന്‍സ്പെക്ഷന്‍ വിന്യസിക്കുകയായിരുന്നു. മെട്രോയുടെ പ്രവര്‍ത്തന അറ്റകുറ്റപ്പണിയിലെ ഒരു സുപ്രധാന പുരോഗതിയാണ് ഈ നൂതന സാങ്കേതികവിദ്യ അടയാളപ്പെടുത്തുന്നത്.

അത്യാധുനിക ലിഡാര്‍ സെന്‍സറുകള്‍, ലേസറുകള്‍, ത്രീഡി ക്യാമറകള്‍ എന്നിവയാല്‍ സജ്ജീകരിച്ചിരിക്കുന്ന സങ്കീര്‍ണമായ റോബോട്ടിക് പ്ലാറ്റ്‌ഫോമായ എ ആര്‍ ഐ എസ്, മെട്രോ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താതെ റെയില്‍ ട്രാക്കുകളും നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളും സ്വയം പരിശോധിക്കുന്നു.

‘ലോകത്തിലെ ഏറ്റവും വികസിതവും സുരക്ഷിതവുമായ പൊതുഗതാഗത ശൃംഖലകളില്‍ ഒന്നായി മെട്രോ നിലനിര്‍ത്താനുള്ള യാത്രയിലെ മറ്റൊരു സുപ്രധാന കുതിച്ചുചാട്ടത്തെയാണ് എ ആര്‍ ഐ എസിന്റെ ആമുഖം പ്രതിനിധീകരിക്കുന്നതെന്ന് കിയോലിസ് എം എച്ച് ഐ മാനേജിംഗ് ഡയറക്ടര്‍ ഡേവിഡ് ഫ്രാങ്ക്സ് അഭിപ്രായപ്പെട്ടു. വേഗത്തിലുള്ള പരിശോധനകള്‍, സുരക്ഷിതമായ പ്രവര്‍ത്തനങ്ങള്‍, മികച്ച ആസൂത്രണം എന്നിവയിലൂടെ, മെട്രോ നഗര ഗതാഗതത്തിനുള്ള നിലവാരം ഉയര്‍ത്തുന്നത് തുടരും. മാനുവല്‍ പരിശോധനകള്‍ 70 ശതമാനം വരെ കുറയ്ക്കുകയും അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥ കൂടുതല്‍ ഫലപ്രദമായി വിലയിരുത്താനുള്ള കഴിവ് 40 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ‘ഏരീസ്’ ഉപയോഗിച്ച് 2,400 മനുഷ്യ മണിക്കൂര്‍ വെറും 700 മനുഷ്യ മണിക്കൂറായി കുറയ്ക്കാന്‍ കഴിയും.

 

Latest