Connect with us

editorial

സ്വയം കൊന്നുകളഞ്ഞിട്ട് പിന്നെന്തിന് സൗന്ദര്യം?

ഓണ്‍ ലൈനായും ഓഫ് ലൈനായും വിറ്റഴിക്കുന്ന സര്‍വ ഉത്പന്നങ്ങളും കൃത്യമായി പരിശോധിക്കണം. കൊള്ളലാഭം കൊയ്യാനായി ഒരുക്കുന്ന വിഷക്കെണി തകര്‍ക്കുകയെന്നത് സമൂഹത്തിന്റെയും സര്‍ക്കാറിന്റെയും ഉത്തരവാദിത്വമാണ്.

Published

|

Last Updated

ഫെയര്‍നെസ്സ് ക്രീമിലെ അമിത മെര്‍ക്കുറിയുടെ സാന്നിധ്യം മൂലം അരീക്കോട് സ്വദേശിയായ 17കാരിക്ക് വൃക്കരോഗം ബാധിച്ചുവെന്ന കണ്ടെത്തല്‍ ഞെട്ടലുളവാക്കുന്നതും ഇരുത്തിച്ചിന്തിപ്പിക്കുന്നതുമാണ്. സൗന്ദര്യവര്‍ധകമെന്ന പേരില്‍ വില്‍ക്കപ്പെടുന്ന വസ്തുക്കള്‍ എത്രമാത്രം വിഷമയമാണെന്നും ഇത്തരം ഉത്പന്നങ്ങള്‍ നിരന്തരം പ്രയോഗിക്കുന്നത് എത്ര വലിയ മണ്ടത്തരമാണെന്നും ഈ വാര്‍ത്ത വിളിച്ചുപറയുന്നു. ഒരു വര്‍ഷത്തിലേറെയായി ഈ പെണ്‍കുട്ടി ക്രീം ഉപയോഗിച്ചുവരികയാണത്രേ.

മുഖത്തെ പാടുകള്‍ മാറി കൂടുതല്‍ മൃദുലമായ ചര്‍മം സാധ്യമാകുമെന്ന കമ്പനിയുടെ അവകാശവാദം വിശ്വസിച്ചാണ് ഈ കൗമാരക്കാരി അതിന് മുതിര്‍ന്നത്. കടുത്ത ക്ഷീണം, ഉറക്കക്കുറവ്, മുഖത്തും കൈകാലുകളിലും നീര് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിദഗ്ധ ചികിത്സ തേടിയത്. രക്തത്തില്‍ അസാധാരണമായ അളവില്‍ മെര്‍ക്കുറി കണ്ടെത്തിയതോടെ ഫെയര്‍നസ്സ് ക്രീമാണ് വില്ലന്‍ എന്ന് മനസ്സിലായി. ഉപയോഗിച്ച ക്രീം പരിശോധിച്ചപ്പോള്‍ അതില്‍ 1.25 ശതമാനം മെര്‍ക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ മാനദണ്ഡപ്രകാരം സൗന്ദര്യവര്‍ധക വസ്തുക്കളില്‍ മെര്‍ക്കുറി ഒട്ടും പാടില്ല. അനിവാര്യമായ സാഹചര്യങ്ങളില്‍ പോലും അത് 1 പി പി എം അഥവാ പാര്‍ട്‌സ് പെര്‍ മില്യണില്‍ കൂടാന്‍ പാടില്ല.

ചര്‍മത്തില്‍ സ്വാഭാവിക നിറം നിര്‍ണയിക്കുന്ന മെലാനിനെ പിന്തള്ളി ക്രീം പ്രവര്‍ത്തിക്കാനാണ് കമ്പനികള്‍ അനുവദനീയമായതിലും കൂടുതല്‍ മെര്‍ക്കുറി പ്രയോഗിക്കുന്നത്. ഇത് ചര്‍മത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനം അവതാളത്തിലാക്കും. ചര്‍മത്തില്‍ പുരട്ടുന്ന ക്രീമിലെ മെര്‍ക്കുറി അവിടെ നില്‍ക്കില്ല. അവ രക്തത്തിലും ശരീരത്തിലും കലരും. അങ്ങനെ വൃക്കക്ക് അമിത ജോലി ഭാരം കൊടുക്കും. ഈ നില തുടര്‍ന്നാല്‍ ചിലരില്‍ വൃക്കതകരാറിലേക്ക് വരെ എത്തിയേക്കാം. ചിലപ്പോള്‍ നാഡീ വ്യവസ്ഥയെയും ബാധിച്ചേക്കാം. ഫെയര്‍നെസ്സ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന എല്ലാവരിലും ഇത്ര വലിയ പ്രശ്‌നങ്ങളുണ്ടാകുമെന്ന് സാമാന്യവത്കരിക്കാനാകില്ലെങ്കിലും കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റ് പോകാനായി അപകടകരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന് തീര്‍ത്തുപറയാനാകും. ദീര്‍ഘകാല പ്രയോഗം ചര്‍മപ്രശ്‌നങ്ങളുണ്ടാക്കുമെന്ന കാര്യവും ഉറപ്പാണ്. അതുകൊണ്ട് ഇത്തരം ഉത്പന്നങ്ങള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കണം.

ഇതിനായി പ്രത്യേക സംഘം രൂപവത്കരിക്കാനും നിലവില്‍ വിപണിയിലുള്ള ഉത്പന്നങ്ങളുടെ വിപണനം തടയാനും ആരോഗ്യവകുപ്പും അനുബന്ധ വകുപ്പുകളും നീക്കമാരംഭിച്ചുവെന്നത് ആശ്വാസകരമാണ്. അവിടെ നില്‍ക്കരുത്. ഓണ്‍ ലൈനായും ഓഫ് ലൈനായും വിറ്റഴിക്കുന്ന സര്‍വ ഉത്പന്നങ്ങളും കൃത്യമായി പരിശോധിക്കണം. കൊള്ളലാഭം കൊയ്യാനായി ഒരുക്കുന്ന വിഷക്കെണി തകര്‍ക്കുകയെന്നത് സമൂഹത്തിന്റെയും സര്‍ക്കാറിന്റെയും ഉത്തരവാദിത്വമാണ്.
ഇതൊക്കെ വാരിപ്പൂശി വെളുക്കാന്‍ നടക്കുന്നവര്‍ക്കും ഉത്തരവാദിത്വമുണ്ട്. സ്വന്തം ശരീരത്തിന്റെ നിറം അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്ന സാംസ്‌കാരിക പ്രശ്‌നം ഇതിലുണ്ട്. സൗന്ദര്യവര്‍ധക വസ്തു എന്ന പ്രയോഗം തന്നെ പിശകാണ്.

എന്താണ് സൗന്ദര്യം? സെലിബ്രിറ്റികളുടെ യഥാര്‍ഥ നിറമാണോ പരസ്യങ്ങളില്‍ കാണുന്നത്? അല്ലെങ്കില്‍ പരസ്യത്തില്‍ കാണുന്നതാണോ സൗന്ദര്യം? വലിയ കോഴ്‌സുകളില്‍ പഠിക്കുന്ന യുവതീയുവാക്കള്‍ ഈ അനുകരണഭ്രാന്തിന് കീഴ്‌പ്പെടുന്നത് എത്ര ലജ്ജാകരമാണ്. അര്‍ബുദം മുതല്‍ വന്ധ്യത വരെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് വിഷവസ്തുക്കളടങ്ങിയ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ കാരണമാകുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ലിപ്സ്റ്റിക്ക് പുരട്ടുമ്പോള്‍ ചുണ്ടില്‍ ചേരുന്നത് 25 മുതല്‍ 33 വരെ രാസവസ്തുക്കളാണത്രേ. ഇവയുണ്ടാക്കുന്ന പ്രത്യക്ഷ പ്രശ്‌നം അലര്‍ജിയാണ്. വെളുക്കാനുള്ള ഫെയര്‍നെസ്സ് ക്രീമുകള്‍ തേച്ച് അക്ഷരാര്‍ഥത്തില്‍ പാണ്ട് ആയി മാറിയവരുണ്ട്. ഓണ്‍ലൈനായാണ് ഈ ഉത്പന്നങ്ങളില്‍ നല്ല പങ്കും വരുന്നത്. ഇത് ഗൗരവപൂര്‍വം കാണേണ്ടതാണ്.

ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ എന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്നവരുടെ അനുഭവ സാക്ഷ്യങ്ങള്‍ മാത്രമാണ് ഇത്തരം ഉത്പന്നങ്ങളുടെ കരുത്ത്. പണം വാങ്ങി ഇവര്‍ നടത്തുന്ന ഈ സാക്ഷ്യങ്ങള്‍ ആരെങ്കിലും പരിശോധിച്ച് ഉറപ്പുവരുത്താറുണ്ടോ? കര്‍ശനമായ നിയമങ്ങളുള്ള രാജ്യങ്ങളില്‍ വില്‍ക്കാനാകാത്തവയാണ് ഇവിടെ ഒഴുകിയെത്തുന്നത്. ഇന്ത്യന്‍ ഡ്രഗ് ആന്‍ഡ് കോസ്മെറ്റിക് നിയമത്തില്‍ ഈ വസ്തുക്കള്‍ക്ക് കൃത്യമായ ലേബലിംഗ് നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ മിക്ക ഉത്പന്നങ്ങളുടെ ലേബലിലും താരതമ്യേന സുരക്ഷിതമായ ഏതാനും രാസവസ്തുക്കളുടെ പേരുകള്‍ മാത്രം പറയും. ശേഷിക്കുന്ന ഇരുപതോ മുപ്പതോ അതിലേറെയോ രാസവസ്തുക്കളും ഒളിഞ്ഞിരിക്കും. ദിവസങ്ങള്‍ക്കകം ഫലം കാണുമെന്നൊക്കെ അവകാശപ്പെടുന്നവ മുഴുവന്‍ അപകടകരമാണ്. പ്രകൃതിദത്തമായ ഒന്നിനും അത് സാധ്യമല്ല.

കേശസൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, ലിപ്സ്റ്റിക്കുകള്‍, ഐ ഷാഡോകള്‍ മുതല്‍ ബേബി ലോഷനുകളും ക്രീമുകളും വരെ മിക്ക സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളിലും കേടുകൂടാതിരിക്കാനായി ചേര്‍ക്കുന്നത് മീതൈല്‍ പാരാബെന്‍ മുതല്‍ ഐസോബ്യൂട്ടൈല്‍ പാരബെന്‍ വരെയുള്ള പാരബെന്‍ രാസവസ്തുക്കളാണ്. സ്തനാര്‍ബുദം അടക്കമുള്ള നിരവധി രോഗങ്ങളിലേക്കുള്ള വഴിയാണ് ഈ രാസവസ്തുക്കള്‍. അതുകൊണ്ട് ഈ വിഷയത്തില്‍ ബോധവത്കരണവും കമ്പനികളുടെ ചൂഷണം തടയാനുള്ള ജാഗ്രതയും ഒരുമിച്ച് ഉറപ്പാക്കണം. സ്വയം കൊന്നുകളഞ്ഞാണോ സൗന്ദര്യം കൂട്ടേണ്ടത്?

Content Highlights: A 17-year-old girl from Areacode suffered kidney disease after over a year of using fairness cream containing 1.25 percent mercury. Health experts warn that absorbed mercury strains kidneys and nervous systems, while parabens and hidden chemicals pose severe risks. Strict inspections and consumer awareness are urged.

Latest