Connect with us

Editors Pick

മെൻസ്ട്രുവൽ കപ്പ്; ആ ദിവസങ്ങളിൽ സ്ത്രീകൾക്കൊരു ഉറ്റമിത്രം

ഒരു സ്ത്രീ ഒരു മാസം ഏകദേശം ഇരുനൂറ് രുപയാണ് സാനിറ്ററി നാപ്കിന്‍ വാങ്ങാന്‍ വേണ്ടി ചെലവഴിക്കുന്നത്. ഒരു വര്‍ഷം ചെലവ് 2400 രൂപ. സാധാരണ ഗതിയില്‍ ഒരു സ്ത്രീ ജീവിത കാലത്ത് 11000 സാനിറ്ററി പാഡുകള്‍ ഉപയോഗിയ്ക്കുന്നുവെന്നതാണ് ഏകദേശ കണക്ക്. ഇതുയർത്തുന്ന സാമ്പത്തിക ചെലവും സംസ്കരിക്കാനുള്ള ബുദ്ധിമുട്ടുമെല്ലാം സ്ത്രീകൾക്കിടയിലെ സജീവ ചർച്ചാവിഷയമാണ്. ഈ സാഹചര്യത്തിലാണ് മെന്‍സ്ട്രുവല്‍ കപ്പിന്റെ കടന്നു വരവ്.

Published

|

Last Updated

ഒരു സ്ത്രീ ഒരു മാസം ഏകദേശം ഇരുനൂറ് രുപയാണ് സാനിറ്ററി നാപ്കിന്‍ വാങ്ങാന്‍ വേണ്ടി ചെലവഴിക്കുന്നത്. അങ്ങനെയാവുമ്പോള്‍ ഒരു വര്‍ഷം ചെലവ് 2400 രൂപ. രണ്ട് സ്ത്രീകള്‍ ഉള്ള വീട്ടിലാണെങ്കില്‍ ചെലവ് ഇതിലും ഇരട്ടിയാവും. സാധാരണ ഗതിയില്‍ ഒരു സ്ത്രീ ജീവിത കാലത്ത് 11000 സാനിറ്ററി പാഡുകള്‍ ഉപയോഗിയ്ക്കുന്നുവെന്നതാണ് ഏകദേശ കണക്ക്. ഇതുയർത്തുന്ന സാമ്പത്തിക ചെലവും സംസ്കരിക്കാനുള്ള ബുദ്ധിമുട്ടുമെല്ലാം സ്ത്രീകൾക്കിടയിലെ സജീവ ചർച്ചാവിഷയമാണ്.

ഈ സാഹചര്യത്തിലാണ് മെന്‍സ്ട്രുവല്‍ കപ്പിന്റെ കടന്നു വരവ്. യോനിക്കകത്ത് കയറ്റിവയ്ക്കാവുന്ന, നാളത്തിന്റെ ആകൃതിയിലുള്ള ഈ ഉപകരണം സ്ത്രീകളുടെ ഉറ്റമിത്രമായി മാറിക്കഴിഞ്ഞു. ആർത്തവകാലത്ത് യോനിയിൽകൂടി പുറത്തുവരുന്ന രക്തത്തെ ശേഖരിക്കുകയാണ് മെൻസ്ട്രുവൽ കപ്പ് ചെയ്യുന്നത്. ദീർഘകാലം ഉപയോഗിക്കാമെന്നതാണ് മെന്‍സ്ട്രുവല്‍ കപ്പിന്റെ സവിശേഷത. ഇത് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നു എന്നതിലുപരി പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുകയും ചെയ്യുന്നില്ല. സാനിറ്ററി പാഡ് ചിലരെങ്കിലും കത്തിക്കാറാണ് പതിവ്. അത് അന്തരീക്ഷ മലിനീകരണത്തിന് വഴിയൊരുക്കുമെന്ന് പറയേണ്ടതില്ലല്ലോ.

സംസ്ഥാന സര്‍ക്കാരിന്‍റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റിൽ മെന്‍സ്ട്രുവല്‍ കപ്പിന്റെ ഉപയോഗം പ്രചരിപ്പിക്കുന്നതിനായി 10 കോടി രൂപയാണ് നീക്കിവെച്ചത്. സാനിറ്ററി നാപ്കിനുകൾക്കു പകരമായി കൂടുതൽ പരിസ്ഥിതി സൗഹൃദപരവും ചെലവ് കുറഞ്ഞതുമായ ബദൽ മാർഗം എന്ന നിലയിൽ മെൻസ്ട്രുവൽ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരണത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിലും തൊഴിലിടങ്ങളിലും സർക്കാരിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

എത്ര കാലം ഉപയോഗിക്കാം

മാസമുറ സമയത്ത് ഗര്‍ഭാശയ മുഖം അഥവാ സെര്‍വിക്‌സിന് തൊട്ടു താഴേയായാണ് മെന്‍സ്ട്രുവല്‍ കപ്പ് വയ്ക്കുക. ആര്‍ത്തവ രക്തം പുറത്തേയ്ക്കു വരാതെ ഇതിൽ ശേഖരിക്കും. സാനിറ്ററി നാപ്കിൻ രക്തം വലിച്ചെടുക്കുമ്പോള്‍ മെന്‍സ്ട്രുവല്‍ കപ്പ് രക്തം ശേഖരിക്കുകയാണ് ചെയ്യുന്നത്.

ഒരു മെന്‍സ്ട്രുവല്‍ കപ്പ് വാങ്ങിയാല്‍ അഞ്ച് മുതല്‍ പത്തു വര്‍ഷം വരെ നമുക്ക് ഉപയോഗിക്കാം. പന്ത്രണ്ട് മണിക്കൂര്‍ വരെ തുടർച്ചയായി ഉപയോഗിക്കാനും സാധിക്കും. കൂടുതല്‍ ബ്ലിഡിങ്ങ് ഉള്ളവരാണെങ്കില്‍ അഞ്ച് മുതല്‍ പത്ത് മണിക്കൂര്‍ കഴിഞ്ഞ് കപ്പ് മാറ്റി രക്തം നീക്കം ചെയ്താല്‍ മതിയാവും. ഉപയോഗ ശേഷം കപ്പ് ചൂടുവെള്ളത്തില്‍ തന്നെ ശുദ്ധീകരിച്ച് സൂക്ഷിച്ചു വെയ്ക്കാവുന്നതും പിന്നീട് വീണ്ടും ഉപയാഗിക്കാവുന്നതുമാണ്.

ഒട്ടും പേടിക്കേണ്ട; ഉപയോഗം എളുപ്പം

മെൻസ്ട്രുവൽ കപ്പ് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. അല്‍പം മടങ്ങിയ രീതിയില്‍ പിടിച്ച് യോനിക്ക് ഉള്ളിലേയ്ക്കു കപ്പ് നിക്ഷേപിയ്ക്കുകയാണ് ചെയ്യുന്നത്. ആദ്യം ചെയ്യുവാന്‍ അല്‍പം പ്രയാസമുണ്ടാകുമെങ്കിലും പിന്നീട് ഇത് എളുപ്പമാകും. കപ്പ് ഉപയോഗിക്കേണ്ട വിധം സംബന്ധിച്ച് യൂട്യൂബിലും മറ്റും നിരവധി വീഡിയോകൾ ലഭ്യമാണ്.

ഏതു പ്രായത്തിൽ പെട്ട സ്ത്രീകൾക്കും മെൻസ്ട്രുവൽ കപ്പ് ഉപേയാഗിക്കാം. ശരിയായി ഉപയോഗിച്ചാൽ ചരിഞ്ഞാലോ ഇരുന്നാലോ കമഴ്ന്നാലോ ഒന്നും രക്തം പുറത്തേക്ക് ലീക്ക് ചെയ്യില്ല. ആദ്യം ഇതുപയോഗിയ്ക്കുമ്പോള്‍ ലീക്കാകുമോ എന്ന ഭയമുണ്ടെങ്കിൽ സാനിറ്റഡി പാഡ് കൂടി ഉപയോഗിയ്ക്കാം.

മെൻസ്ട്രുവൽ കപ്പ് മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ കൊണ്ടാണ് കപ്പ് നിര്‍മ്മിക്കപ്പട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത് യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പാഡുപയാഗിക്കുമ്പോള്‍ ഉണ്ടാകുന്ന അലര്‍യിയും അണുബാധയുമൊന്നും കപ്പു ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്നില്ല. പാഡുപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പല വെല്ലുവിളികളും കപ്പുപയോഗിക്കുമ്പോള്‍ മാറി കിട്ടുമെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം.

മെന്‍സ്ട്രുവല്‍ കപ്പിന്റ ഗുണങ്ങള്‍

  • പന്ത്രണ്ട് മണിക്കൂര്‍ വരെ ഉപയോഗിക്കാം. കൂടാതെ ഉപയോഗ ശേഷം വീണ്ടും വ്യത്തിയാക്കി ഉപയാഗിക്കാം.
  • സ്‌പോട്‌സ് ,ഡാന്‍സ് തുടങ്ങിയവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പാഡ് ഉപയാഗിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്ഥസ്തതകള്‍ മെന്‍സ്ട്രുവല്‍ കപ്പ് ഉപയാഗിക്കുമ്പോള്‍ ഉണ്ടാകുന്നില്ല.
  • പരിസ്ഥിതിക്ക് കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല.
  • പ്രധാനമായും രണ്ട് സൈസുകളില്‍ വരുന്നതിനാല്‍ ആവിശ്യക്കാര്‍ക്ക് വേണ്ടത് തിരഞ്ഞെടുത്ത് ഉപയോഗിക്കാം.

വെബ് ജേർണലിസ്റ്റ് ട്രെയിനി

Latest