ATHMAYANAM
മീലാദുന്നബി: വസന്തം വരുന്നതെന്തിനാണ് ?!
തിരുദൂതരിലലിയുന്ന ഈ രാപ്പകലുകൾ വിശ്വാസികൾക്ക് വർണപ്പകിട്ടുള്ള ആത്മായനം

ആ..ഹാ..
കുളിര് ചെയ്യുന്ന വസന്തകാലത്തിന്റെ വർണപ്പകിട്ടിൽ ആനന്ദിക്കാൻ നമുക്ക് വീണ്ടുമിതാ അവസരം ലഭിച്ചിരിക്കുന്നു. തിരുദൂതരിലലിയുന്ന ഈ രാപ്പകലുകൾ വിശ്വാസിക്ക് വർണപ്പകിട്ടുള്ള ആത്മായനമാണ്. ജനതതികൾക്ക് ഉത്കൃഷ്ടമായ മനുഷ്യത്വത്തിന്റെപാഠം പകർന്ന് ശരികളുടെ വഴിവെട്ടിയ അറുപത്തിമൂന്ന് കാലങ്ങളെ മനുഷ്യരൊന്നായ് അനുനിമിഷം അയവിറക്കി ക്കൊണ്ടിരിക്കുന്നു.
നോക്കൂ… ഗ്രാമവീഥികളും നഗരപാതകളും നിറയേ തോരണങ്ങളും വർണവിളക്കുകളും കണ്ടില്ലേ…? സംഗീതസാന്ദ്രമായ രാവിനെയും പകലിനെയും കേട്ടില്ലേ…?
അവയൊക്കെയും ഉപരിപ്ലവമായ കാഴ്ചയും ഒച്ചയുമല്ലെന്നേ. മറിച്ച്, ഉമർ ഖാളി (റ) ന്റെ കാവ്യസുധയായ സ്വല്ലൽ ഇലാഹുവിന്റെ വരികൾ പറയും പോലെ. (മിൻ റബ്ബിനാ യദ്ഉൽ വറാ തഅ് മീമാ… എന്ന് തുടങ്ങുന്ന വരികൾ )
“മാനവകാലത്തെയാകെ ക്ഷണിച്ചവർ
മാർഗം തെളിയിച്ച്
പാഠവും നൽകിയോർ
സദ്ഗുണഭാവങ്ങളാകെ പകർന്നിട്ട്
സന്മാർഗം ഋജുവായ് വരച്ച് നടത്തിയോർ’
എന്നിങ്ങനെ നീളുന്ന വിശിഷ്ട സ്വഭാവങ്ങൾ സംഗമിച്ച തിരുനബി (സ) പടർത്തിപ്പോയ പ്രഫുല്ലമായ സംസ്കാരത്തെ ആഘോഷിക്കുന്നതിന്റെ ആരവങ്ങളാണവയൊക്കെയും.
വഴിയോരങ്ങളിലൊക്കെയും സ്നേഹവും കാരുണ്യവും സഹാനുഭൂതിയും സഹനവും നൈതികതയും അഹിംസയും സത്യസന്ധതയും തുടങ്ങി ധാർമികതയുടെ വെളിച്ചക്കോലുകൾ നിറഞ്ഞു കത്താനാണ് ആണ്ട് തോറും റബീഉൽ അവ്വലെത്തുന്നത്. മനുഷ്യർ തിരുനബി (സ) യെ ശരീരത്തിലും ആത്മാവിലുമേറ്റുമ്പോൾ ശ്രേഷ്ഠനായ മനുഷ്യനായി മാറും. കാരണം റസൂലിന്റെ (സ) സ്ഥാനം ഉത്കൃഷ്ട ഭാവങ്ങൾക്കും ഉപരിയാണ്. അക്കാര്യം സൂറ: ഖലം (4) പഠിപ്പിച്ചിട്ടുമുണ്ട്. അങ്ങനെ നെഞ്ചേറ്റുമ്പോൾ മനുഷ്യൻ എന്ന ജീവി വസ്തുതാപരമായി അനുഷ്ഠിക്കേണ്ട സംസ്കാരത്തിലേക്കും സാമൂഹികബോധത്തിലേക്കും അവർ ഉയരും.
മനുഷ്യരോരുത്തരും ആ തലത്തിലേക്ക് വളർന്നാൽ പിന്നെ ലോകത്ത് സർവാന്മനാ സമാധാനം പുനഃസ്ഥാപിക്കപ്പെടും. നിറം കെടാത്ത പൂന്തോപ്പായി ഭൂമി രൂപാന്തരപ്പെടുകയും ചെയ്യും. അങ്ങനെയുള്ളൊരു പൂവാടിയായി ഭൂമിയെ മാറ്റാനാണല്ലോ വസന്തത്തിന്റെ വരവും.
നിങ്ങൾ പറ, ആരോടെങ്കിലും പെരുത്തിഷ്ടമായാൽ പിന്നെ നമ്മുടെ ഇഷ്ടങ്ങളെക്കാൾ വലുത് പ്രിയപ്പെട്ടവന്റെ താത്പര്യങ്ങൾക്കായിരിക്കില്ലേ? റസൂലിനോടുള്ള അഗാധ സ്നേഹവുമതേ, ആ സ്നേഹം തിരുദൂതരുടെ താത്പര്യങ്ങൾക്കനുസരിച്ചുള്ള ജീവിതത്തിലേക്കുള്ള സ്വർണനൂൽപാലമാണ്.
ആ ജീവിതത്തെ അതേപടി പകർത്തിയവർ നിരവധിയുണ്ട്. അവിടുന്ന് താത്പര്യപ്പെടാത്ത ഭക്ഷണം പോലും ജീവിതത്തിന്റെ മെനുവിൽ നിന്ന് വെട്ടിമാറ്റിയവർ, താത്പര്യപ്പെട്ട കാര്യത്തെ കൂട്ടിച്ചേർത്തവർ, നടന്ന വഴി, രീതി, സംസാരിച്ചത്, മൗനം പാലിച്ചത്, ചിരിച്ചത്, ഇടപാടുകൾ നടത്തിയത്, ഭരണചക്രം കറക്കിയത്, അധ്യാപനം നടത്തിയത്, ഉറങ്ങിയത്, കുടുംബം പുലർത്തിയത്, വീടകത്ത് ചെയ്തത്, പൊതുയിടത്ത് ചെയ്തത് എല്ലാമെല്ലാം ജീവിതത്തിലേക്ക് പകർത്തിയെഴുതാൻ മത്സരിച്ചവരേറെ ചരിത്രത്തിൽ കഴിഞ്ഞു പോയിട്ടുണ്ട്. ആ മത്സര ബോധമാണ് മുത്തബിഉസ്സുന്ന എന്ന ടൈറ്റിൽ അബ്ദുല്ലാഹിബ്നു മസ്ഊദിന് (റ) നേടിക്കൊടുത്തതും.
പരിമിതമായൊരു കാലത്തെയോ സമുദായത്തേയോ അഭിസംബോധനം ചെയ്ത് കൊണ്ടല്ല റസൂലിന്റെവരവ്. സർവകാലത്തെയും സർവ സൃഷ്ടികളെയും തൊടുന്ന അധ്യാപനമാണ് അവിടുന്ന് നടത്തിയത്. റസൂലിനെ(സ) ആറാം നൂറ്റാണ്ടിലേക്ക് മാത്രം വലിച്ചുകെട്ടുന്ന ചിലരുണ്ട്. നബിയേയോ അവിടുന്ന് സമർപ്പിച്ച സന്ദേശങ്ങളെയോ അന്വേഷിക്കാൻ തയ്യാറാകാത്തതുകൊണ്ടാണ് അവരവിടെ ചുരുണ്ടു പോയത്. നിവർന്നുനിന്നന്വേഷിച്ചാൽ സ്വൽപ്പമെങ്കിലും ആ പരിമിതിയെ മറികടക്കാനാകും.
പ്രപഞ്ചത്തിന്റെ വലിയ ഉത്തവാദിത്വം പേറുന്നവരെന്ന നിലക്ക് മനുഷ്യരെയൊന്നാകെ “യാ അയ്യുഹന്നാസ്’ എന്നാണ് അവിടുന്ന് അഭിസംബോധനം ചെയ്തത്. പ്രപഞ്ചത്തിന്റെ ഗതിവിഗതികളെ കുറിച്ച്, ജീവിതത്തിന്റെ ലക്ഷ്യത്തെ കുറിച്ച്, അതിലേക്കുള്ള വഴികളെ കുറിച്ച്, ജീവസന്ധാരണത്തെ കുറിച്ച് , സ്വീകരിക്കേണ്ട വിശ്വാസത്തെ കുറിച്ച് കൈക്കൊള്ളേണ്ട ജാഗ്രതയെക്കുറിച്ച് ഉൾക്കൊള്ളേണ്ട ക്ഷമയെ കുറിച്ച് ഈ ലോകത്തിന്റെ നശ്വരതയെക്കുറിച്ച് അനന്തമായൊരു കാലത്തെ കുറിച്ച്… അങ്ങനെയങ്ങനെ മനുഷ്യരുടെ ജീവിതം തൊടുന്ന സർവതും “ഓ മനുഷ്യരേ…’ എന്ന് അഭിസംബോധനം ചെയ്ത് അവിടുന്ന് ദിശ നൽകിയിട്ടുണ്ട്.
ഇസ്‌ലാമിക വിശ്വാസികളുടെ മാത്രം പ്രവാചകരായിരുന്നോ തിരുദൂതർ (സ)? . മറുപടി സൂറ: അഅ്റാഫിന്റെ 158 ാം സൂക്തം പറയും “പറയുക, അല്ലയോ മനുഷ്യരെ.. ഞാൻ നിങ്ങളെല്ലാവരിലേക്കും ആകാശഭൂമികളുടെ ആധിപത്യത്തിനുടയവനായ ദൈവത്തിന്റെ ദൂതനാകുന്നു’ മനുഷ്യർക്കാകെ സന്തോഷങ്ങൾ പകരാനും മുന്നറിയിപ്പു നൽകാനും ദിശ കാണിക്കാനുമായിരുന്നു അവിടുത്തെ നിയോഗം. ഏതൊരു സമൂഹവും ആഗ്രഹിക്കുന്നതും അത്തരത്തിലൊരു നായകനെയാണ്.
ആ നേതാവ് തന്റെ ദൗത്യ നിർവഹണത്തിലൂടെ പ്രപഞ്ചത്തിന്റെയാകെ കാര്യണ്യമായി. ആ കാരുണ്യം എല്ലാവരും ഈ നിമിഷവും അനുഭവിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യരെ വിളിച്ച് വിശുദ്ധ വേദം ഒരു കാര്യം കൂടി ഊന്നിപ്പറയുന്നുണ്ട്. അത്, അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവും എടുത്തു പറയണമെന്നും അതിൽ ആഹ്ലാദം കൊള്ളണമെന്നുമാണ്. ഒരു പുരുഷായുസ്സിനിടെ വാരിക്കൂട്ടുന്ന സന്തോഷങ്ങളെക്കാളും ആഘോഷങ്ങളെക്കാളുമുപരി നന്മയുള്ളത് ഈ ആഹ്ലാദത്തിനാണ് എന്ന് കൂടി ചേർത്തു പറഞ്ഞിട്ടുണ്ട്.നോക്കൂ… അതുകൊണ്ടീ വസന്തകാലം മനുഷ്യരുടെയും മനുഷ്യത്വത്തിന്റെയും ആഘോഷമാണ്.
ആഗോള വ്യാപകമായി മനുഷ്യത്വത്തിന്റെ വേര് പിടിപ്പിച്ച ആ ഗുരുവിനെ നല്ല മനുഷ്യർ ഓർത്തുകൊണ്ടിരിക്കുകയും പ്രകീർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. വിശ്വാസികളും വിശ്വാസേതരും തിരുദൂതരെ കുറിച്ച് രചിച്ച ഗ്രന്ഥങ്ങളെത്രയാണ്! നടത്തിയ ഗവേഷണങ്ങളെത്രയാണ്! പറഞ്ഞ പ്രഭാഷണങ്ങളെത്രയാണ്! എല്ലാവരാലും പ്രകീർത്തിക്കപ്പെടുന്ന ഉന്നത സ്ഥാനത്തേക്ക് താങ്കളെ അവൻ നിയോഗിച്ചേക്കുമെന്ന ഖുർആനിന്റെ (സൂറ: ഇസ്റാഅ് 79) വാഗ്ദാനത്തിന്റെ ശകലങ്ങളാണ് നമുക്കു മുന്നിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
എല്ലാവരും യാഥാർഥ്യം തിരിച്ചറിയുന്ന പ്രതിഫലനാളിൽ പ്രകീർത്തനങ്ങൾക്കെതിരിൽ പ്രതിസ്വരമുയർത്താൻ ആരുമുണ്ടാകില്ല തന്നെ. എല്ലാ മനുഷ്യർക്കും അവസാനത്തെ ആശ്രയമായി മുത്ത് നബി(സ) മാത്രമാണവിടെയുണ്ടാവുക. അവിടുത്തോടുള്ള സ്നേഹത്തിന്റെ ചരടുകൾ മുറുക്കിക്കെട്ടിയവർക്ക് ഭയവിഹ്വലതകൾ അനുഭവിക്കേണ്ടി വരില്ല. അതുകൊണ്ട് നമുക്ക് പ്രകീർത്തനങ്ങളിലലിയാം. ആ പ്രണയത്തിൽ തുടിക്കാം.