Connect with us

ആത്മായനം

ഹൃദയ ദൗർബല്യങ്ങൾക്കുള്ള മരുന്ന്

നമ്മെ ഉലയ്ക്കുന്ന മാനസിക സമ്മർദങ്ങൾക്കുള്ള ആത്യന്തികമായ പരിഹാരം അല്ലാഹുവിലുള്ള വിശ്വാസവും സ്മരണയുമാണ്. "അറിയുക അല്ലാഹുവിന്റെ സ്മരണകൾ നിമിത്തം ഹൃദയങ്ങൾ ശാന്തമാകും' എന്ന വിശുദ്ധ വാക്യം നമ്മൾ നമ്മുടെ ഹൃദയത്തിൽ നട്ടുവളർത്തണം. അത് നമ്മുടെ കുഞ്ഞുങ്ങളിലേക്കും പകരണം.

Published

|

Last Updated

ഴിഞ്ഞ രണ്ടാഴ്ചകൾക്കു മുന്നേ മാധ്യമങ്ങളിൽ പടർന്ന നെഞ്ചുലക്കുന്ന ഒരു കണക്ക് നിങ്ങളുടെ ശ്രദ്ധയിലേക്ക് ഒരാവർത്തി കൂടി കൊണ്ടുവരുന്നു. ഒരു ദശാബ്ദത്തിനിടെ രാജ്യത്തെ വിദ്യാർഥികളിലെ ആത്മഹത്യാ നിരക്കിൽ 65 ശതമാനത്തോളം വർധനവുണ്ടായെന്ന്!. 2013ൽ 8,423 ആയിരുന്ന വിദ്യാർഥി ആത്മഹത്യകളുടെ എണ്ണം 2023ൽ 13,892 ആയി ഉയർന്നുവെന്ന് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (NCRB) കണക്കുകൾ വ്യക്തമാക്കുന്നു. (ആത്മഹത്യകളുടെ വാർത്തകൾ ഇനിയും നമ്മൾ കേൾക്കാതിരിക്കട്ടെ)

എത്ര വലിയ സ്വപ്നങ്ങളോടെയും പ്രതീക്ഷകളോടെയുമാണ് വിദ്യാർഥി കൂട്ടങ്ങളെ നമ്മളടക്കുന്ന സമൂഹം ഉറ്റുനോക്കുന്നത്. ഭാവിയുടെ നായകത്വം അലങ്കരിക്കേണ്ടവർ ജീവനൊടുക്കി കളയുന്ന ധാരുണമായ കാഴ്ചകൾ വർധിതമായ ആശങ്കകളാണ് ഉത്പാദിപ്പിക്കുന്നത്. അധ്യാപികയുടെ രൂക്ഷമായ ശകാരം കേട്ടതിനെ ചൊല്ലി സ്കൂൾ യൂണിഫോമിൽ ജീവനൊടുക്കിയ ഒമ്പതാം തരക്കാരനെ നിങ്ങളോർക്കുന്നുണ്ടാകും.
അധിവേഗം ആത്മഹത്യയെ തിരഞ്ഞെടുക്കുന്നതിലേക്ക് കുട്ടികളെ നയിക്കുന്നതെന്താണ്? മാനസിക സമ്മർദങ്ങൾക്കുള്ള പരിഹാരമായിജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടത്തെയാണ് പലരും തിരഞ്ഞെടുക്കുന്നത്. വിദ്യാർഥികളിലേക്ക് പകരുന്നതുമതേ. ജീവിതത്തിന്റെ ദൗത്യത്തിലേക്കും ലക്ഷ്യത്തിലേക്കും വിശാലമായ ആകാശങ്ങളിലേക്കും ചൂണ്ടുന്നതിന് പകരം നിരാശയും അവഗണനയും ഭയവും ഇഞ്ചക്ട് ചെയ്യുന്ന പ്രവണതകൾ നമുക്കിടയിൽ പതയുന്നുണ്ട്.

ജീവിതത്തിലെ ചെറുതും വലുതുമായ സങ്കീർണതകളെ മറികടക്കാനുള്ള ആത്മബലം കുറഞ്ഞുവരുന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് ആത്മഹത്യയുടെ കണക്കുകൾ ചൂണ്ടികാണിക്കുന്നത്. മത്സരാധിഷ്ഠിത വിദ്യാഭ്യാസ പരിസരങ്ങൾ, സാങ്കേതികമായും സാമൂഹികമായും താരതമ്യത്തിനിരയാക്കപ്പെടുന്ന രീതി, കുടുംബത്തിലെ സ്വരചേർച്ചയില്ലായ്‌മ തുടങ്ങി പല കാരണങ്ങളാൽ ഈ പ്രവണത കൂടുന്നുണ്ട്. എന്നാൽ “നിങ്ങൾക്കേൽക്കുന്ന പ്രതിസന്ധിയുടെ ഘട്ടങ്ങളിൽ മരണത്തെ കൊതിച്ചു പോവരുത്’ (ബുഖാരി, മുസ്്ലിം) എന്നതാണ് വിശ്വാസികളോട് കൽപ്പിക്കപ്പെട്ടത്.

നമ്മൾ ഓർക്കുന്നില്ലേ… എത്രമേൽ ദാരുണമായ അവസ്ഥകളിലൂടെയാണ് കുഞ്ഞുങ്ങളടക്കം ഫലസ്തീനിലെ മനുഷ്യർ കടന്നുപോയത്. തിന്നാൻ അന്നമില്ലാതെ കുടിക്കാൻ കുടിനീരില്ലാതെ കിടക്കാൻ കിടപ്പാടമില്ലാതെ താലോലിക്കാൻ ഉമ്മയും ഉപ്പയുമില്ലാതെ കളിക്കാൻ കളിപ്പാട്ടവും കളിക്കൂട്ടുകാരും പഠിക്കാൻ പള്ളിക്കൂടവും പാഠപുസ്തകവും അധ്യാപകരുമില്ലാതെ, എല്ലുന്തി ശരീരം വിളറിവരണ്ട്, മുറിവേറ്റ് ചോര പടർന്ന്, വ്രണം പഴുത്ത് ദൈന്യമായ ദിനങ്ങളിൽ അവരാരും ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ തുനിഞ്ഞില്ല. അവർ പേർത്തും പേർത്തും പൂവിടരുന്ന പുലരികളെ കാത്തു നിന്ന് പ്രതീക്ഷയുടെ പാട്ട് പാടി.

ഉള്ളതെല്ലാം പെറുക്കിക്കൂട്ടി നുറുങ്ങിയ സ്വപ്നങ്ങൾക്കിടയിൽ നിന്നും ചിതറിപ്പോയ പുഞ്ചിരികളെ പൊടിതട്ടിയെടുത്ത് നിറഞ്ഞു ചിരിച്ചു. The wound is the place where the Light enters you ( മുറിവുകൾ ; നിന്നിലേക്കുള്ള വെളിച്ചത്തിന്റെ പ്രവേശന കവാടങ്ങൾ) എന്ന് അവർ ഉള്ളാലെ ഉറപ്പിച്ചു. കണ്ണീരുകളും സഹതാപങ്ങളും തോറ്റുപോയ ആ കാലത്തിനും നമ്മൾ സാക്ഷികളല്ലേ. അവരെന്തേ ജീവനൊടുക്കാതിരുന്നത്?! അവരിലേക്ക് പ്രസരിച്ചത് സുരഭില ഭാവിയെ കുറിച്ചുള്ള ആലോചനകളാണ്. നീറുന്ന പ്രശ്നങ്ങൾ തരുന്നവൻ തന്നെ അതിനൊക്കെയും തുറവിയും തരുമെന്ന ബോധ്യം അവരിൽ വേരുറച്ചിട്ടുണ്ട്. ഐഹിക ലോകത്തെ അനുഗ്രഹങ്ങളും ദുരിതങ്ങളുമെല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ്. അവൻ ജീവിതത്തെയും മരണത്തെയും പടച്ചത് ഏറ്റവും മെച്ചപ്പെട്ടരീതിയിൽ അവയെ സമീപിക്കുന്നവരാരെന്ന് പരീക്ഷിക്കാൻ വേണ്ടിയത്രേ. സൂറ: മുൽക്കിന്റെ രണ്ടാം സൂക്തം ഈ ആശയത്തെയാണ് വിളിച്ചുപറയുന്നത്.

മനുഷ്യനനുഗുണമായ നന്മകളെയെല്ലാം ഇസ്്ലാം നന്നായി പ്രോത്സാഹിപ്പിച്ചു. മനുഷ്യവിരുദ്ധമായ എല്ലാ കാര്യങ്ങളോടും ഇസ്‌ലാം മുഖംതിരിച്ചു. ആത്മഹത്യ തീർത്തും മനുഷ്യവിരുദ്ധ നടപടിയാണ്. പൈശാചിക പ്രവൃത്തിയാണ്. രക്ഷിതാവായ അല്ലാഹുവോട് കാണിക്കുന്ന നിന്ദയുമാണ്. ആത്മഹത്യയോടെ സങ്കടങ്ങൾ അവസാനിക്കുന്നതിന് പകരം വലിയ ദുരിതങ്ങളേറുക മാത്രമാണ് ചെയ്യുക. അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചതിൽ ചില ലക്ഷ്യങ്ങളുണ്ട്. അവന്റെ അടിമകൾ എന്ന നിലയിൽ നമുക്ക് ചില ദൗത്യങ്ങളുമുണ്ട്. അതിന്റെ നിർവഹണത്തിൽ നിന്നുള്ള ഒളിച്ചോട്ടം ദാരുണവുമാണ്.

ജീവിതത്തിനിടയിൽ വിഷാദങ്ങളും പ്രയാസങ്ങളും നാം ഏൽക്കേണ്ടി വരും. ആ സമയത്തൊക്കെയും ഞാൻ അല്ലാഹുവിന്റെ അടിമയാണെന്ന ബോധത്തെ മനസ്സിനെ ധരിപ്പിക്കണം. എല്ലാ നേരങ്ങളിലും വിഷാദത്തിൽ നിന്ന് കാവൽ ചോദിക്കുക എന്നത് റസൂലിന്റെ പതിവായിരുന്നു. വിഷാദം അത്രമേൽ ജീവിതത്തിന്റെ ശോഭ കെടുത്തും. ദുഃഖങ്ങളെല്ലാം പരമരക്ഷിതാവിനെ ഏൽപ്പിക്കുകയാണ് വേണ്ടത് അവനാണ് തുറവികളെ സൃഷ്ടിക്കുന്നത്. പ്രതിസന്ധിഘട്ടങ്ങളിലൊക്കെയും റസൂൽ(സ) അവിടുത്തെ ജീവിതത്തിലൂടെ ഈ ആശയത്തെ പ്രായോഗികമായി പ്രകാശിപ്പിച്ചിട്ടുണ്ട്. ഉറ്റവരെല്ലാവരും നഷ്ടപ്പെട്ട, സർവതും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്ന കൗമാര യൗവന കാലത്തൊക്കെയും റസൂൽ വിശ്വാസത്താല്‍ തിളങ്ങുന്ന ആത്മബലത്തെ നമുക്ക് സമർപ്പിച്ചിട്ടുണ്ട്.

പ്രിയപ്പെട്ട കൂട്ടുകാരെ…നമ്മെ കണ്ടും കേട്ടും അറിഞ്ഞും അല്ലാഹു നമ്മോടൊപ്പം തന്നെയുണ്ട്.വേദനകളെല്ലാം അവൻ തരുന്ന പരീക്ഷണങ്ങളാണ്. അതിൽ വിജയിക്കാനുള്ള മിടുക്കാണ് നമുക്കുണ്ടാകേണ്ടത്. ആഹ്ലാദകരമായ മറ്റൊരു നിമിഷത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ പ്രതിസന്ധിയെന്ന് നമുക്ക് ബോധ്യമുണ്ടാകണം. നമ്മൾ ഭീരുക്കളാകരുത് ; ധീരന്മാരാവണം. ധീരർക്ക് എങ്ങനെ ഒളിച്ചോടാൻ കഴിയും?. Don’t grieve. Anything you lose comes round in another form.’ (നഷ്ടപ്പെടുന്നതിനെയോർത്ത് നീ ദുഃഖിക്കേണ്ട. അതിന്റെ ഭാവമാറ്റമാണ് പിന്നീട് സന്തോഷമായി നിന്നെ തേടിവരുന്നത്) എന്ന യാഥാർഥ്യം നമ്മിൽ രൂഢമൂലമാകണം.

ബഹുമാനപ്പെട്ട രക്ഷിതാക്കളേ, അധ്യാപകരേ… ട്രെൻഡുകൾക്ക് പിന്നാലെയുള്ള ഓട്ടങ്ങൾക്കിടയിൽ നമ്മുടെ ഭാവി തലമുറയുടെ മനസ്സൊന്നു ബലഹീനമായിട്ടുണ്ട്. സങ്കീർണതകൾക്കു മുമ്പിൽ അവർ പകച്ചു പോകുന്നുണ്ട്. ചെറുതാണെങ്കിലും ഒരു ശകാരം അവർക്ക് തീവ്രമായ ആഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്.ഗൗരവത്തിൽ ബോധ്യപ്പെടുത്തേണ്ട കാര്യമാണെങ്കിൽ കൂടി വിദ്യാർഥികളുടെ മനോഭാവത്തെയും മാറിവരുന്ന കാലത്തെയും പരിഗണിച്ചുകൊണ്ടാണ് നമ്മൾ അത് ചെയ്യേണ്ടത്.

മാനസികമായി തളർത്തുന്ന പ്രയോഗങ്ങൾ ചിലപ്പോൾ വലിയ ദുരന്തങ്ങൾ ആയിരിക്കും വരുത്തിവെക്കുക. നമ്മുടെ സമീപനങ്ങൾ കൂടുതൽ പക്വതയുള്ളതായാൽ നമുക്ക് നമ്മുടെ തലമുറയെ നഷ്ടപ്പെടില്ല. റസൂൽ കുട്ടികളെ തിരുത്തിയത് അവരുടെ ഗുണാത്മക സ്വഭാവത്തെ (positive character) മുൻനിർത്തിയായിരുന്നു. ചെയ്യരുത് എന്നു പറയുന്നതിനു പകരം ചെയ്യൽ അനുവദനീയമായ ബദലിനെ കൂടി അവിടുന്ന് ഓർമപ്പെടുത്തിയിട്ടുണ്ട്.

അവരുടെ പ്രശ്നങ്ങളും പശ്ചാത്തലങ്ങളും ഇടപെടുന്ന മേഖലകളുമെല്ലാം അറിഞ്ഞ് അവരുടെ കൂടെ നിന്ന് പരിഹരിച്ച് പ്രോത്സാഹിപ്പിച്ച് വഴിവെട്ടി സർവശക്തനിലുള്ള വിശ്വാസം ഉറപ്പിച്ച് കൂട്ടുകാരനായി മെന്ററായി വഴികാട്ടിയായി കൂടെ തന്നെയുണ്ടാകാൻ നമ്മൾ തയ്യാറാകണം. എങ്കിൽ വിദ്യാർഥി കുരുതികളുടെ വേദനയിൽ ദുഃഖാർത്തരായി കഴിയേണ്ട അവസ്ഥ നമുക്കുണ്ടാകില്ല.
നമ്മെ ഉലയ്ക്കുന്ന മാനസിക സമ്മർദങ്ങൾക്കുള്ള ആത്യന്തികമായ പരിഹാരം അല്ലാഹുവിലുള്ള വിശ്വാസവും സ്മരണയുമാണ്. “അറിയുക അല്ലാഹുവിന്റെ സ്മരണകൾ നിമിത്തം ഹൃദയങ്ങൾ ശാന്തമാകും’ എന്ന വിശുദ്ധ വാക്യം നമ്മൾ നമ്മുടെ ഹൃദയത്തിൽ നട്ടുവളർത്തണം. അത് നമ്മുടെ കുഞ്ഞുങ്ങളിലേക്കും പകരണം.

 

 

Latest