Connect with us

Eduline

എം ബി എ ഡൽഹി യൂനിവേഴ്‌സിറ്റിയിലാകാം

ഈ മാസം 19 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Published

|

Last Updated

ൽഹി യൂനിവേഴ്‌സിറ്റിയിൽ എം ബി എ പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്സി (ഡി എസ് ഇ)ലെ കൊമേഴ്സ് ആൻഡ് ബിസിനസ്സ് ഫാക്കൽറ്റി 2026-27 അക്കാദമിക് സെഷനിലെ എം ബി എ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഈ മാസം 19 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 1967ൽ സ്ഥാപിതമായ ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്സിലെ കൊമേഴ്സ് വകുപ്പ്, ഡൽഹി സർവകലാശാലയിലെ കൊമേഴ്സ് ആൻഡ് ബിസിനസ്സ് ഫാക്കൽറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ മുൻനിര മാനേജ്മെന്റ് വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള കേന്ദ്രങ്ങളിൽ ഒന്നാണ്.

കോഴ്സ്

എം ബി എ (ഇന്റർനാഷനൽ ബിസിനസ്സ്, ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ്, ബിസിനസ്സ് അനലിറ്റിക്‌സ്) പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ക്യാറ്റ് 2025 സ്‌കോറുകളെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വിദ്യാർഥികൾ ഗ്രൂപ്പ് ചർച്ചക്കും അഭിമുഖത്തിനും പങ്കെടുക്കണം.

സെലക്‌ഷൻ പ്രക്രിയ

ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച് നിർദിഷ്ട ഫീസ് അടച്ചവരുടെ ക്യാറ്റ് 2025 സ്‌കോറുകളെ അടിസ്ഥാനമാക്കി ഗ്രൂപ്പ് ചർച്ചക്കും അഭിമുഖത്തിനും ഷോർട്ട് ലിസ്റ്റ് ചെയ്യും. ഇതിന് ശേഷം രേഖാ പരിശോധന നടത്തും.
ക്യാറ്റിന്റെ കട്ട്-ഓഫ് അഡ്മിഷൻ കമ്മിറ്റി തീരുമാനിക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികൾ സമർപ്പിച്ച രേഖയിൽ തെറ്റുണ്ടെങ്കിൽ വിദ്യാർഥികളെ അയോഗ്യരാക്കും.

യോഗ്യത

ഇന്ത്യൻ അപേക്ഷകർ ഡൽഹി സർവകലാശാലയിൽ നിന്നോ തത്തുല്യമായ അംഗീകൃത സർവകലാശാലയിൽ നിന്നോ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബാച്ചിലേഴ്‌സ് ബിരുദം നേടിയിരിക്കണം. ബാച്ചിലേഴ്‌സ് ബിരുദത്തിന്റെ അവസാന വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. പ്രവേശന സമയത്ത് യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് നടത്തുന്ന ക്യാറ്റ് പരീക്ഷയെഴുതിയവരായിരിക്കണം അപേക്ഷാർഥികൾ.

വിദേശ അപേക്ഷകരെ നിർദിഷ്ട വിദേശ വിദ്യാർഥികളുടെ ക്വാട്ടയിൽ പരിഗണിക്കും. കൂടാതെ വിദേശ വിദ്യാർഥികൾ രജിസ്ട്രി പോർട്ടൽ വഴി അപേക്ഷിച്ചവരാകണം. വിദേശ പൗരന്മാർക്ക് കുറഞ്ഞത് 650 ഗ്രാജ്വേറ്റ് മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (ജി എം എ ടി) സ്‌കോർ ഉണ്ടായിരിക്കണം. വിദേശ ബിരുദമുള്ളവർ ഇംഗ്ലീഷും വിദേശ ഭാഷാ പ്രവീണ്യം തെളിക്കുന്ന പരീക്ഷയുടെ സ്‌കോറുകളും സമർപ്പിക്കണം. ഇന്ത്യൻ എംബസികൾ വഴിയോ കോൺസുലേറ്റുകൾ വഴിയോ അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇത് ബാധകമാണ്.

ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം

ഗ്രൂപ്പ് ചർച്ചക്കും അഭിമുഖത്തിനും തിരഞ്ഞെടുക്കുന്നത് ക്യാറ്റ് സ്കോറിനെ അടിസ്ഥാനമാക്കിയാണെന്ന് മുന്പ് പറഞ്ഞിരുന്നല്ലോ. ഇതിന്റെയെല്ലാം സ്‌കോർ കൂട്ടിച്ചേർത്താണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. മെറിറ്റ് ലിസ്റ്റിൽ പേരുള്ള ഉദ്യോഗാർഥികളെ കൗൺസലിംഗിന് ക്ഷണിക്കും. അനുവദിച്ച സീറ്റുകൾക്ക് കോഴ്സ് ഫീസ് നിശ്ചിത സമയപരിധിക്കുള്ളിൽ അടയ്ക്കണം. പറഞ്ഞ സമയത്തിനകം അടയ്ക്കാത്തവർ അയോഗ്യരാക്കപ്പെടും.

ഫീസ്

ഇന്ത്യൻ വിദ്യാർഥികൾക്ക്, ഡൽഹി സർവകലാശാലയുടെ അറിയിപ്പുകൾ പ്രകാരം എം ബി എ (ഐ ബി, എച്ച് ആർ ഡി, ബി എ) പ്രോഗ്രാമുകൾക്കുള്ള വാർഷിക ഫീസ് 57,279 രൂപയാണ്. ഫീസിൽ മാറ്റം വരുത്താൻ സർവകലാശാലക്ക് അധികാരമുണ്ട്. വിദേശ വിദ്യാർഥികൾ വാർഷിക ഫീസ് 3,500 യു എസ് ഡോളർ അടയക്കണം. മെറിറ്റ് ലിസ്റ്റും പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകളും കൊമേഴ്സ് വകുപ്പിന്റെ http://econdse.org വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

---- facebook comment plugin here -----

Latest