Connect with us

National

രാജ്യത്ത് ഇതാദ്യം; 13 വര്‍ഷമായി കോമയിലുള്ള ഹരീഷ് റാണയ്ക്ക് ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി

കൃത്രിമമായി ജീവന്‍ നിലനിര്‍ത്തുന്ന ഹരീഷ് റാണയ്ക്ക് ഉപകരണങ്ങള്‍ മാറ്റി സ്വാഭാവിക മരണം അനുവദിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി|രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി. 13 വര്‍ഷമായി കോമയില്‍ കഴിയുന്ന മുപ്പത്തിയൊന്നുകാരന്‍ ഹരീഷ് റാണയ്ക്കാണ് ദയാവധത്തിന് സുപ്രീംകോടതി അനുമതി നല്‍കിയത്. കൃത്രിമമായി ജീവന്‍ നിലനിര്‍ത്തുന്ന ഹരീഷ് റാണയ്ക്ക് ഉപകരണങ്ങള്‍ മാറ്റി സ്വാഭാവിക മരണം അനുവദിക്കും. ഹരീഷ് റാണയുടെ വൃദ്ധ മാതാപിതാക്കളുടെ ഹരജിയിലാണ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഈ വിധി പ്രസ്താവിച്ചത്. മകന്റെ ഈ അവസ്ഥ കാണാന്‍ കഴിയുന്നില്ലെന്നും സാമ്പത്തികമായി തകര്‍ന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കുടുംബം ദയാവധത്തിന് അനുമതി തേടിയത്.

യന്ത്രസഹായത്തോടെ മാത്രം ജീവന്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന ഡോക്ടര്‍മാരുടെ അഭിപ്രായവും കോടതി പരിഗണിച്ചു. ഹരീഷ് റാണയ്ക്ക് നല്‍കി വരുന്ന വെന്റിലേറ്റര്‍ സഹായം പിന്‍വലിക്കാമെന്നും ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ചികിൽസ തുടരണോ എന്ന് തീരുമാനിക്കാൻ രോഗിക്ക് കഴിയാത്ത സാഹചര്യത്തിൽ, രോഗിയുടെ ഏറ്റവും മികച്ച താൽപ്പര്യം എന്താണോ അത് മാത്രമേ പരിഗണിക്കാവൂവെന്ന് കോടതി നിരീക്ഷിച്ചു. നിഷ്ക്രിയ ദയാവധം മാരകരോഗം ബാധിച്ചവർക്ക് (Terminally Ill) മാത്രമുള്ളതല്ല, മറിച്ച് സ്ഥിരമായ അബോധാവസ്ഥയിൽ (Permanent Vegetative State) കഴിയുന്നവർക്കും ബാധകമാണ്. ചികിൽസ നൽകുക എന്നത് ഡോക്ടറുടെ ധർമ്മമാണ്, എന്നാൽ സുഖപ്പെടാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ വെറുതെ ജീവൻ നീട്ടിക്കൊണ്ടുപോകാൻ ഡോക്ടർ ബാധ്യസ്ഥനല്ലെന്നും കോടതി വ്യക്തമാക്കി.

2013ല്‍ ചണ്ഡീഗഡിലെ പഠനത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണാണ് ഹരീഷ് റാണയ്ക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മകന്റെ ചികിൽസയ്ക്കായി 13 വർഷം നിഴലുപോലെ കൂടെനിന്ന അശോക് റാണയും കുടുംബവും കഴിഞ്ഞ മൂന്ന് വർഷമായി നിയമപോരാട്ടത്തിലായിരുന്നു. “ദൈവത്തിന് നന്ദി പറയുന്നു. ഞങ്ങൾ ഇതിനായി പൊരുതുകയായിരുന്നു. ഏത് മാതാപിതാക്കളാണ് മകന് വേണ്ടി ഇങ്ങനെയൊന്ന് ആഗ്രഹിക്കുക? പക്ഷേ അവന് നീതി ലഭിക്കണമായിരുന്നു,” എന്ന് ഹരീഷിന്റെ പിതാവ് പ്രതികരിച്ചു.

ഹരീഷ് റാണയെ എയിംസിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് മാറ്റാൻ കോടതി നിർദ്ദേശിച്ചു. ചികിൽസ പിൻവലിച്ച ശേഷം മരണം സംഭവിക്കുന്നത് വരെ ആവശ്യമായ പരിചരണം അവിടെ ഉറപ്പാക്കും. നിഷ്ക്രിയ ദയാവധവുമായി ബന്ധപ്പെട്ട് സമഗ്രമായ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

 

 

Latest