Editorial
വിര്‍ച്വല്‍ പോസ്റ്റ്‌മോര്‍ട്ടം വേഗത്തില്‍ സാധ്യമാകട്ടെ
സംശയമുള്ള മരണങ്ങളില്‍ യഥാര്‍ഥ മരണകാരണവും സത്യവും കണ്ടെത്താനുള്ള അനിവാര്യമായ നടപടിക്രമമാണ് പോസ്റ്റ്മോര്‍ട്ടമെങ്കിലും അത് നിര്‍വഹിക്കപ്പെടുമ്പോള്‍ മൃതദേഹത്തോടുള്ള ആദരവും കുടുംബത്തിന്റെ വികാരവും പരമാവധി മാനിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്.
ആരോഗ്യ രംഗത്ത് ആധുനികവത്കരണത്തിന് ഊന്നല്‍ നല്‍കുന്ന വിപ്ലവകരമായ ചുവടുവെപ്പാണ് മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടത്തിന് വിര്‍ച്വല്‍ ഓട്ടോപ്സി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. ആരോഗ്യമന്ത്രി കെ മുരളീധരനാണ് കഴിഞ്ഞ ദിവസം ഇക്കാര്യമറിയിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരിക്കും ഇതിന് തുടക്കം കുറിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ശരീരത്തിലെ ആന്തരികാവയവങ്ങള്‍ പൂര്‍ണമായി കീറിമുറിച്ച് പരിശോധിക്കുന്ന പരമ്പരാഗത സംവിധാനമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കഠിനവും കാലതാമസത്തിനിടവരുത്തുന്നതും മരണത്തിന്റെ ആഘാതത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും കൂടുതല്‍ ആഘാതമേല്‍പ്പിക്കുന്നതുമാണ് ഈ പരമ്പരാഗത രീതി. വികസിത രാജ്യങ്ങള്‍ ഇതിനു പകരം മൃതദേഹത്തിന് ഒരു പോറലുമേല്‍പ്പിക്കാതെ മരണ കാരണം കണ്ടെത്താന്‍ സഹായിക്കുന്ന ഡിജിറ്റല്‍ പോസ്റ്റ്മോര്‍ട്ടത്തിലേക്ക് മാറിയിട്ട് കാലങ്ങളായി. കേരളം ആരോഗ്യമേഖലയില്‍ വികസിത രാജ്യങ്ങളോടൊപ്പമെത്തിയെന്ന് അവകാശപ്പെടുമ്പോഴും പോസ്റ്റ്മോര്‍ട്ടത്തിന് പരമ്പരാഗത രീതിയാണ് തുടര്‍ന്നുവരുന്നുത്.
സി ടി സ്‌കാന്‍, എം ആര്‍ ഐ, ത്രിമാന ഇമേജിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ശരീരത്തിന്റെ ആന്തരിക അവയവങ്ങള്‍ പരിശോധിച്ച് പരുക്കുകള്‍, അസ്ഥിക്ക് സംഭവിച്ച ചതവുകള്‍, രക്തസ്രാവം, വെടിയേറ്റ പാടുകള്‍ തുടങ്ങിയവ കണ്ടെത്താന്‍ കഴിയുന്ന ആധുനിക പരിശോധനാ രീതിയാണ് വിര്‍ച്വല്‍ ഓട്ടോപ്സി. പരമ്പരാഗത പോസ്റ്റ്മോര്‍ട്ടത്തില്‍ ശരീരം തുറക്കുന്നതോടെ, രക്തക്കുഴലിലോ ഹൃദയത്തിലോ ഉണ്ടാകുന്ന വായുവിന്റെയോ മറ്റു വാതകങ്ങളുടെയോ സാന്നിധ്യം അപ്രത്യക്ഷമാകാറുണ്ട്. വിര്‍ച്വല്‍ ഓട്ടോപ്സിയില്‍ ഇത് കൃത്യമായി രേഖപ്പെടുത്തും. ശരീരം കീറിമുറിച്ച് തുറന്നു നോക്കാതെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശരീരത്തിന്റെ ഉള്‍ഭാഗത്തേക്ക് കണ്ണെത്താന്‍ സഹായിക്കുന്ന വിര്‍ച്വല്‍ ഓട്ടോപ്സി വഴി പരമ്പരാഗത പോസ്റ്റ്മോര്‍ട്ടത്തിലൂടെ കണ്ടെത്താന്‍ പ്രയാസകരമായ പല സൂക്ഷ്മമായ കാര്യങ്ങളും കണ്ടെത്താനാകും.
സ്വിറ്റ്സര്‍ലാന്‍ഡിലെ സൂറിച്ച് സര്‍വകലാശാലയാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. തുടര്‍ന്ന് ജര്‍മനി, ബ്രിട്ടന്‍, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ഗള്‍ഫ് നാടുകളിലേക്കും വ്യാപിച്ചു. ഇന്ത്യയില്‍ ഡല്‍ഹി എയിംസ്, ഛണ്ഡിഗഢിലെ പ്രമുഖ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടായ പി ജി ഐ എം ഇ ആര്‍, ഇംഫാലിലെ റീജ്യനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നീ സ്ഥാപനങ്ങളില്‍ ഇത് സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ഇത് ആരോഗ്യ- ഫോറന്‍സിക് വിഭാഗത്തിന്റെ ഭാഗമാക്കാനുള്ള നീക്കം ഇപ്പോള്‍ കേരളത്തില്‍ മാത്രമാണ് നടക്കുന്നത്.
മാനുഷികതയാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ സവിശേഷത. മൃതദേഹത്തോടുള്ള ആദരവും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ഇതുവഴി സാധിക്കും. കേരളം പോലെ സാമൂഹിക ബോധമുള്ള ജനവിഭാഗത്തിന് ഇത് ഏറെ ആശ്വാസകരമാണ്. മതപരവും സാംസ്‌കാരികവുമായ കാരണങ്ങളാല്‍ മൃതദേഹം കീറിമുറിക്കുന്നതിനോട് വിയോജിപ്പുള്ള കുടുംബങ്ങള്‍ക്ക് വിശേഷിച്ചും. സംശയമുള്ള മരണങ്ങളില്‍ യഥാര്‍ഥ മരണകാരണവും സത്യവും കണ്ടെത്താനുള്ള അനിവാര്യമായ നടപടിക്രമമാണ് പോസ്റ്റ്മോര്‍ട്ടമെങ്കിലും അത് നിര്‍വഹിക്കപ്പെടുമ്പോള്‍ മൃതദേഹത്തോടുള്ള ആദരവും കുടുംബത്തിന്റെ വികാരവും പരമാവധി മാനിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് നാടുകളിലെ ഫോറന്‍സിക് വിഭാഗം ഈ സംവിധാനം നന്നായി പ്രയോജനപ്പെടുത്തി വരുന്നു. വിര്‍ച്വല്‍ ഓട്ടോപ്സിയിലൂടെ മിനുട്ടുകള്‍ക്കകം സ്‌കാനിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതിനാല്‍ മൃതദേഹം വിട്ടുനല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാനുമാകും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകുന്നതും കാത്ത് മോര്‍ച്ചറിക്കു മുമ്പില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്ന ബന്ധുക്കളുടെ പ്രയാസത്തിനും അറുതിയാകും.
കോടതികളില്‍ തെളിവുകള്‍ സമര്‍പ്പിക്കുന്നതിലും കൂടുതല്‍ സഹായകമാണ് പുതിയ സംവിധാനം. പരമ്പരാഗത പോസ്റ്റ്മോര്‍ട്ടത്തില്‍ ഡോക്ടര്‍ രേഖാമൂലം തയ്യാറാക്കുന്ന റിപോര്‍ട്ടും ചില ചിത്രങ്ങളും മാത്രമാണ് കോടതികളിലെത്തുന്നത്. ശരീരം സംസ്‌കരിച്ചു കഴിഞ്ഞാല്‍ ഒരു പുനഃപരിശോധന പ്രയാസകരവുമാണ്. മൃതദേഹം വീണ്ടും പുറത്തെടുത്ത് പരിശോധന നടത്തുന്നത് അത്യന്തം വിഷമകരവും പലപ്പോഴും നിഷ്ഫലവുമായിരിക്കും. വിര്‍ച്വല്‍ ഓട്ടോപ്സിയിലൂടെ ലഭിക്കുന്ന ഡിജിറ്റല്‍ ഡാറ്റ കാലപ്പഴക്കത്തില്‍ നിഷ്പ്രഭമാകാതെ കമ്പ്യൂട്ടറുകളില്‍ സൂക്ഷിച്ചു വെക്കാനാകും. വര്‍ഷങ്ങള്‍ക്കു ശേഷം കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ചാല്‍ ഈ ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടും പരിശോധിച്ച് പുതിയ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കും. കോടതി മുറികളില്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും മുമ്പാകെ കമ്പ്യൂട്ടര്‍ സ്‌ക്രീനിലൂടെ മരണകാരണം വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്നത് വിചാരണാ നടപടികള്‍ കൂടുതല്‍ സുതാര്യവും കൃത്യവുമാക്കും.
അതേസമയം എല്ലാ കേസുകളിലും ഫലപ്രദമല്ല വിര്‍ച്വല്‍ ഓട്ടോപ്സി. വിഷബാധ, ചില പ്രത്യേക അണുബാധകള്‍, സൂക്ഷ്മ പരിശോധന ആവശ്യമായ കേസുകള്‍, രാസപരിശോധന തുടങ്ങിയവക്ക് പരമ്പരാഗത രീതി ആവശ്യമാണ്. വിര്‍ച്വല്‍ ഓട്ടോപ്സിയോടൊപ്പം പരമ്പരാഗത പോസ്റ്റ്മോര്‍ട്ടം രീതിയും നിലനിര്‍ത്തേണ്ടി വരും.
അതേസമയം ഉയര്‍ന്ന സാമ്പത്തിക ചെലവ് വരുന്ന പദ്ധതിയാണിത്. മികച്ച നിലവാരമുള്ള സി ടി സ്‌കാനറുകള്‍, അനുബന്ധ ഉപകരണങ്ങള്‍, ഡിജിറ്റല്‍ ഡാറ്റാ സംവിധാനങ്ങള്‍, പ്രത്യേക പരിശീലനം ലഭിച്ച റേഡിയോളജിസ്റ്റുകള്‍, ഫോറന്‍സിക് വിദഗ്ധര്‍ എല്ലാം ഇതിന് ആവശ്യമാണ്. ആരോഗ്യരംഗത്ത് കേരളം പ്രഖ്യാപിച്ച പലപദ്ധതികളും സാമ്പത്തിക പരാധീനതയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മൂലം നടക്കാതെ പോയിട്ടുണ്ട്. വിര്‍ച്വല്‍ ഓട്ടോപ്സി ആ ഗണത്തില്‍ പെടാതെ എത്രയും വേഗം ഫലപ്രദമായി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.







