Connect with us

Editorial

അവളുടെ യാത്രകള്‍ ഭയരഹിതമാകട്ടെ

സ്ത്രീകള്‍ക്ക് സഹയാത്രികരുടെയും സാമൂഹിക ദ്രോഹികളുടെയും ശല്യവും ഉപദ്രവവും ഏല്‍ക്കാതെ ഭയലേശമന്യേ യാത്ര ചെയ്യാനുള്ള സാഹചര്യം സംജാതമാകണം.

Published

|

Last Updated

ബസ്, ട്രെയിന്‍ തുടങ്ങിയ പൊതുവാഹനങ്ങളില്‍ സ്ത്രീകള്‍ക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. നല്ല തിരക്കുള്ള ബസില്‍ കയറി സ്ത്രീകള്‍ക്കിടയില്‍ സ്ഥലം പിടിച്ച് പ്രായഭേദമന്യേ അവരെ ശല്യം ചെയ്യുന്ന ഞരമ്പു രോഗികള്‍ സ്ഥിരം കാഴ്ചയാണ്. സൗകര്യം കിട്ടിയാല്‍ ഇവര്‍ സ്ത്രീകള്‍ക്കു നേരേ ലൈംഗിക ചേഷ്ടകളും പ്രകടിപ്പിക്കും. രാവിലെയും വൈകുന്നേരവും സ്‌കൂള്‍ കുട്ടികളും ഓഫീസ് ജീവനക്കാരും കൂടുതലായി യാത്ര ചെയ്യുന്ന സമയത്താണ് ഇത്തരക്കാരുടെ ശല്യം കൂടുതല്‍. ഒരാഴ്ച മുമ്പാണ് ഇടുക്കി വണ്ടിപ്പെരിയാറില്‍ ബസ് യാത്രക്കിടെ പതിനൊന്നുകാരിയായ പെണ്‍കുട്ടിക്ക് നേരേ പീഡനശ്രമം നടത്തിയതിന് 61കാരനായ വയോധികന്‍ അറസ്റ്റിലായത.് കോഴിക്കോട് താമരശ്ശേരിയില്‍, യുവതിക്കു നേരേ ലൈംഗിക ചേഷ്ടകള്‍ കാണിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റിലായത് ഒരു മാസം മുമ്പാണ്. കെ എസ് ആര്‍ ടി സി ബസില്‍ മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന യുവതിക്കു നേരേയാണ് മുക്കം മാമ്പറ്റ സ്വദേശിയായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലൈംഗിക പീഡനത്തിന് ശ്രമിച്ചത്. സഹ യാത്രക്കാരാണ് ഇയാളെ പിടികൂടി താമരശ്ശേരി പോലീസില്‍ ഏല്‍പ്പിച്ചത്. കെ എസ് ആര്‍ ടി സി ബസില്‍ കോഴിക്കോട്ട് നിന്ന് അടിവാരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ആലപ്പുഴക്കാരിയായ പെണ്‍കുട്ടിക്ക് നേരേ എതിര്‍ സീറ്റിലിരുന്ന് അശ്ലീല പ്രദര്‍ശനം നടത്തിയ ഞരമ്പു രോഗിയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വന്നതാണ്. ഇയാളെ കണ്ടെത്താനും ശിക്ഷ വാങ്ങിക്കൊടുക്കാനും സഹായിക്കണമെന്ന അഭ്യര്‍ഥനയോടെ ആ യുവതി തന്നെയാണ് സംഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആലുവ താലൂക്ക് ആശുപത്രിയില്‍ നിന്ന് കൊവിഡ് വാക്‌സീനെടുത്ത് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിക്ക് നേരേ പീഡന ശ്രമം നടന്നത് ആറ് മാസം മുമ്പാണ്. മണിപ്പാലില്‍ നിന്ന് കൊല്ലത്തേക്ക് ഒരു സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന തമിഴ് യുവതിക്കു നേരേ പീഡന ശ്രമം നടത്തിയത് കോട്ടയം സ്വദേശിയായ ബസിന്റെ രണ്ടാം ഡ്രൈവറായിരുന്നു. ബസിലെ യാത്രക്കാര്‍ ഇയാളെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു.

കോഴിക്കോട് സ്വദേശിനിയായ ഒരു അധ്യാപികക്ക് ഇതു പോലൊരു ദുരനുഭവമുണ്ടായി കഴിഞ്ഞ ശനിയാഴ്ച. രാത്രിയില്‍ കൂട്ടുകാര്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന അധ്യാപികയെ എറണാകുളത്തിനും തൃശൂരിനുമിടയില്‍ വെച്ച് പിന്‍സീറ്റിലിരുന്ന ഒരു യാത്രക്കാരന്‍ കടന്നുപിടിച്ചു. താന്‍ ഇതിനെതിരെ ശക്തിയായി പ്രതികരിച്ചിട്ടും കണ്ടക്ടറോ സഹയാത്രികരോ സഹായത്തിനെത്തിയില്ലെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ അധ്യാപിക വേദനാപൂര്‍വം പറയുന്നു. കണ്ടക്ടറോട് പരാതിപ്പെട്ടപ്പോള്‍ അതത്ര ഗൗരവമായ വിഷയമല്ലെന്ന രീതിയിലാണത്രെ അയാള്‍ പെരുമാറിയത്. സുരക്ഷിതമെന്ന് കരുതിയാണ് രാത്രി യാത്രകള്‍ക്ക് കെ എസ് ആര്‍ ടി സിയെ ആശ്രയിക്കുന്നതെന്നും പീഡനശ്രമത്തേക്കാളേറെ കണ്ടക്ടറുടെ നിലപാടാണ് തന്നെ കൂടുതല്‍ വേദനിപ്പിച്ചതെന്നും അധ്യാപിക പറയുന്നു. സംഭവം വിവാദമായതോടെ ഗതാഗത മന്ത്രി ആന്റണി രാജു പ്രശ്നത്തില്‍ ഇടപെടുകയും കെ എസ് ആര്‍ ടി സി. എം ഡിയോട് വിശദമായ റിപോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. പിന്നീട് അധ്യാപിക നടക്കാവ് പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രസ്തുത യാത്രക്കാരനെയും കണ്ടക്ടറെയും പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വനിതാ കമ്മീഷനും പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്.

ബസ് യാത്രകളില്‍ ഞരമ്പു രോഗികളുടെ ലൈംഗിക ചേഷ്ടകള്‍ക്കും പരാക്രമത്തിനും വിധേയരാകുന്ന ആയിരിക്കണക്കിനു സ്ത്രീകളുടെ അനുഭവങ്ങളില്‍ ചിലത് മാത്രമാണ് നടേപറഞ്ഞത്. പലരും സംഭവങ്ങള്‍ പുറത്തു പറയുകയോ പോലീസിലോ അധികൃത കേന്ദ്രങ്ങളിലോ പരാതിപ്പെടുകയോ ചെയ്യാത്തതു കൊണ്ട് പുറം ലോകമറിയുന്നില്ല. കോഴിക്കോട്ട് കഴിഞ്ഞ ദിവസം അധ്യാപികക്കുണ്ടായ അനുഭവം അതീവ ഗുരുതരമാണ്. സംഭവത്തോടുള്ള വിശിഷ്യാ കണ്ടക്ടറുടെ നിസ്സംഗത. ടിക്കറ്റ് മുറിച്ചു കൊടുത്ത് കാശ് വാങ്ങുക മാത്രമല്ല കണ്ടക്ടറുടെ ചുമതല. ബസ് യാത്രക്കാര്‍ക്ക് അര്‍ഹതപ്പെട്ട സൗകര്യം ലഭ്യമാക്കുകയും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം ബസ് ജീവനക്കാര്‍ക്കുണ്ട്. യാത്രക്കാരന്റെ പീഡന ശ്രമത്തെക്കുറിച്ച് അധ്യാപിക പരാതിപ്പെട്ടപ്പോള്‍, വിവരം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അറിയിക്കുകയോ ചുരുങ്ങിയ പക്ഷം പീഡകനെ ശാസിക്കുകയോ ചെയ്യേണ്ടതായിരുന്നു. അതിനു പകരം പ്രശ്നം ഒതുക്കിത്തീര്‍ക്കാനാണത്രെ കണ്ടക്ടര്‍ ശ്രമിച്ചത്. മാത്രമല്ല, പ്രശ്നത്തില്‍ ഇടപെടാന്‍ ശ്രമിച്ച ഡ്രൈവറെ കണ്ടക്ടര്‍ വിലക്കിയതായും യുവതി ആരോപിക്കുന്നു.

പൊതുഗതാഗത മേഖലയെ മെച്ചപ്പെടുത്തുകയും കൂടുതല്‍ ജനകീയമാക്കുകയും ചെയ്യേണ്ടതിനെക്കുറിച്ച് മന്ത്രിമാര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ടവര്‍ അടിക്കടി പറയാറുണ്ട്. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കിയെങ്കിലേ ആളുകള്‍ കൂടുതലായി കെ എസ് ആര്‍ ടി സി പോലുള്ള പൊതുഗതാഗത സംവിധാനങ്ങളെ കൂടുതല്‍ ആശ്രയിക്കുകയുള്ളൂ. സ്ത്രീകള്‍ ഇന്ന് കൂടുതല്‍ ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിക്കുന്നത് കെ എസ് ആര്‍ ടി സി ബസുകളിലാണ്. സ്ത്രീകള്‍ക്ക് സഹയാത്രികരുടെയും സാമൂഹിക ദ്രോഹികളുടെയും ശല്യവും ഉപദ്രവവും ഏല്‍ക്കാതെ ഭയലേശമന്യേ യാത്ര ചെയ്യാനുള്ള സാഹചര്യം സംജാതമാകണം. പലപ്പോഴും അതിനു സഹായകമായ സമീപനമല്ല ബസ് ജീവനക്കാരില്‍ നിന്നുണ്ടാകുന്നത്. ബസ് ജീവനക്കാര്‍ തന്നെ സ്ത്രീവേട്ടക്കാരായി മാറുന്ന സംഭവങ്ങളും ധാരാളം റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ചതിന് കോട്ടയത്തും വയനാട് കല്‍പ്പറ്റയിലും അറസ്റ്റിലായത് ബസ് കണ്ടക്ടര്‍മാരായിരുന്നു. 2019 മെയില്‍ കെ എസ് ആര്‍ ടി സി തിരുവനന്തപുരം -മൈസൂര്‍ സ്‌കാനിയ ബസില്‍ കന്യാസ്ത്രീക്ക് നേരേ പീഡനശ്രമം നടത്തിയതും അതേ ബസിലെ കണ്ടക്ടര്‍ തന്നെ. സംരക്ഷകര്‍ തന്നെ വേട്ടക്കാരായി മാറുകയാണിവിടെ. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകാത്തതാണ് ഇത്തരം പീഡന സംഭവങ്ങള്‍ വര്‍ധിച്ചു വരാനും ബസ്, ട്രെയിന്‍ യാത്രകള്‍ സ്ത്രീകള്‍ക്കൊരു പേടി സ്വപ്നമാകാനും കാരണം.

 

---- facebook comment plugin here -----