Connect with us

Editorial

ശാന്തവും സമൃദ്ധവുമായ നേപ്പാൾ പുലരട്ടെ

കാഠ്മണ്ഡു മേയറെന്ന നിലയില്‍ അക്രമാസക്ത കുടിയൊഴിപ്പിക്കല്‍ അടക്കമുള്ള നിരവധി ആക്ഷേപങ്ങള്‍ നേരിട്ടയാളാണ് നിയുക്ത പ്രധാനമന്ത്രി ബാലേന്ദ്ര ഷാ. രാജ്യം എത്തിനില്‍ക്കുന്ന സന്ദിഗ്ധ ഘട്ടത്തെ മറികടക്കാന്‍ മാത്രമുള്ള കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടോ?

Published

|

Last Updated

അയല്‍ രാജ്യമായ നേപ്പാളിന്റെ രാഷ്ട്രീയ അധികാരത്തില്‍ നിര്‍ണായക തലമുറമാറ്റം സാധ്യമാക്കുന്ന പൊതു തിരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നു. വലിയ പാരമ്പര്യമുള്ള പാര്‍ട്ടികളെയെല്ലാം ബഹുദൂരം പിന്നിലാക്കി മൂന്ന് വര്‍ഷം മാത്രം പഴക്കമുള്ള രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി (ആര്‍ എസ് പി) ആധികാരിക വിജയം നേടിയിരിക്കുന്നു. ഹിമാലയന്‍ രാഷ്ട്രത്തിന്റെ അധികാരം ദീര്‍ഘകാലം കൈയാളിയ കെ പി ശര്‍മ ഒലി, പുഷ്പകമല്‍ ദഹല്‍ (പ്രചണ്ഡ) തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ നിഷ്പ്രഭരാക്കി ബാലേന്ദ്ര ഷാ എന്ന മുന്‍ മേയറും മുന്‍ റാപ്പറുമായ 35കാരന്‍ പ്രധാനമന്ത്രിയാകുമെന്നുറപ്പായി. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ നേരിട്ട് വോട്ടെടുപ്പ് നടന്ന 165 സീറ്റുകളില്‍ 125ഉം ആര്‍ എസ് പി നേടി.

നേപ്പാളി കോണ്‍ഗ്രസ്സ് (എന്‍ സി) 18, സി പി എന്‍-യു എം എല്‍ ഒമ്പത്, നേപ്പാളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (എന്‍ സി പി) എട്ട്, ശ്രാം സംസ്‌കൃതി പാര്‍ട്ടി (എസ് എസ് പി) മൂന്ന് എന്നിങ്ങനെയാണ് മറ്റ് പ്രധാന പാര്‍ട്ടികളുടെ സീറ്റ് നില. 275 അംഗ പ്രതിനിധി സഭയില്‍ പ്രാതിനിധ്യ രീതിയിലാണ് മറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുക. ഓരോ പാര്‍ട്ടിക്കും കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ വനിതകള്‍, പ്രത്യേക വിഭാഗങ്ങള്‍ എന്നിവക്ക് പ്രാതിനിധ്യം നല്‍കും. ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിന് കീഴില്‍ ആര്‍ എസ് പി കുറഞ്ഞത് 50 സീറ്റുകളെങ്കിലും നേടാന്‍ സാധ്യതയുണ്ട്. അതോടെ സഭയില്‍ അവരുടെ പ്രാതിനിധ്യം 175 ആയി ഉയരും.

ഈ കണക്കുകള്‍ വ്യക്തമാക്കുന്ന ചില രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ നേപ്പാളില്‍ അരങ്ങേറിയ ജെന്‍ സീ പ്രക്ഷോഭത്തില്‍ കെ പി ശര്‍മ ഒലി സര്‍ക്കാര്‍ കടപുഴകി വീണതോടെ വലിയൊരു രാഷ്ട്രീയ പരിവര്‍ത്തനത്തിലേക്ക് രാജ്യം നീങ്ങിയിരിക്കുന്നു. പ്രക്ഷോഭം ഉയര്‍ത്തിവിട്ട ജനകീയ വികാരം തികച്ചും പുതിയൊരു രാഷ്ട്രീയ സംവിധാനത്തിനുള്ള മുറവിളിയിലാണ് കലാശിച്ചത്. വലിയ പാരമ്പര്യമുള്ള പാര്‍ട്ടികള്‍ അത് വലതുപക്ഷമായാലും ഇടതുപക്ഷമായാലും അഴിമതിയിലും സ്വജനപക്ഷപാതത്തിലും ദുഷിച്ചിരിക്കുന്നുവെന്നും വൃദ്ധ നേതൃത്വത്തെ ഇനി വിശ്വസിക്കേണ്ടതില്ലെന്നും നവ നേതൃത്വത്തിന്റെ കരുത്തിൽ രാജ്യത്തിന്റെ ഭാവി കുറിക്കേണ്ടതുണ്ടെന്നുമാണ് ജനം തീരുമാനിച്ചത്. കാഠ്മണ്ഡുവിന്റെ മേയറെന്ന പാരമ്പര്യം മാത്രമുള്ള ബാലേന്ദ്ര ഷാ (ബാലെന്‍)യെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് അതിന്റെ പ്രതിഫലനമാണ്. ടെലിവിഷന്‍ അവതാരകനും മുന്‍ ഉപപ്രധാനമന്ത്രിയുമായ രബി ലാമിച്ച് മൂന്ന് വര്‍ഷം മുമ്പ് സ്ഥാപിച്ച ആര്‍ എസ് പി ടിക്കറ്റിലാണ് ബാലെന്‍ വിജയിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹം ആര്‍ എസ് പിയില്‍ ചേര്‍ന്നതും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതും. ഝാപ്പ 5 മണ്ഡലത്തില്‍ നിന്ന് മുന്‍ പ്രധാനമന്ത്രിയും സി പി എന്‍- യു എം എല്‍ നേതാവുമായ കെ പി ശര്‍മ ഒലിയെ അരലക്ഷത്തോളം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ഈ മുന്‍ എന്‍ജിനീയര്‍ പാര്‍ലിമെന്റിലെത്തുന്നത്. പ്രക്ഷോഭകര്‍ പ്രധാനമന്ത്രി കസേരയില്‍ നിന്ന് ഇറക്കിവിട്ട ശര്‍മ ഒലിയെ തന്നെ തിരഞ്ഞെടുപ്പില്‍ നേരിട്ട ബാലേന്ദ്ര, യുവ മുന്നേറ്റത്തിന്റെ സര്‍വ സാധ്യതയും ഉപയോഗപ്പെടുത്തുകയായിരുന്നു.

26 സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് കെ പി ശര്‍മ ഒലി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതാണ് പ്രക്ഷോഭത്തിന്റെ പ്രത്യക്ഷ കാരണമെങ്കിലും അഴിമതി, സ്വജന പക്ഷപാതം, സാമ്പത്തിക മുരടിപ്പ്, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം പ്രതിഷേധത്തിന്റെ ഉള്ളടക്കത്തിലുണ്ടായിരുന്നു. 2008ല്‍ രാജഭരണത്തിന് അന്ത്യം കുറിച്ച് ജനാധിപത്യ റിപബ്ലിക്കായി ഹിമാലയന്‍ രാഷ്ട്രം മാറിയത് മുതല്‍ ഒരിക്കല്‍ പോലും സുസ്ഥിര ഭരണം കാഴ്ചവെക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന് സാധിച്ചിട്ടില്ല. 2015ല്‍ രാജ്യം ഹിന്ദു രാഷ്ട്രം എന്നതില്‍ നിന്ന് വിപ്ലവകരമായ പരിവര്‍ത്തനത്തിന് വിധേയമായി സമ്പൂര്‍ണ മതേതര രാഷ്ട്രമായപ്പോഴും സാമ്പത്തിക, സാമൂഹിക രംഗത്ത് വലിയ കുതിപ്പുണ്ടാക്കാന്‍ സാധിച്ചില്ല. മാവോയിസ്റ്റ് ഗ്രൂപ്പുകളും കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളും നേപ്പാളി കോണ്‍ഗ്രസ്സും വിവിധ സാമുദായിക ഗ്രൂപ്പുകളും മാറിമാറി സഖ്യങ്ങള്‍ രൂപപ്പെടുത്തുകയും കാലുവാരുകയും ചെയ്തുകൊണ്ടിരുന്നു. പ്രതിപക്ഷം എന്നൊന്നില്ലാത്ത സ്ഥിതിയായിരുന്നു നേപ്പാളില്‍. ഏത് പാര്‍ട്ടിയും ഏത് നിമിഷവും ഭരണകക്ഷിയാകാവുന്ന സ്ഥിതി. പൗരസമൂഹം ആഗ്രഹിക്കുന്ന തിരുത്തല്‍ പ്രക്രിയ നേപ്പാളിന്റെ രാഷ്ട്രീയ ഘടനയിലുണ്ടായില്ല. അധികാര പ്രമത്തതയും സ്വജന പക്ഷപാതവും കൊടികുത്തി വാണു. ഇന്ത്യയും ചൈനയും നടത്തിയ ഇടപെടലുകള്‍ക്ക് നടുവിലായിരുന്നു എക്കാലവും നേപ്പാള്‍.

ഈ ദുസ്ഥിതികളെ മുന്‍നിര്‍ത്തിയാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്. ബംഗ്ലാദേശും ശ്രീലങ്കയുമെല്ലാം അവര്‍ക്ക് പ്രചോദനമായെങ്കിലും കൃത്യമായ നേതൃത്വമോ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളോ ഈ സംഘത്തിനുണ്ടായിരുന്നില്ല. പ്രക്ഷോഭത്തില്‍ വൈകാരികമായി ഇടപെട്ട് നേതൃത്വത്തിലേക്ക് ഇരച്ചു കയറിയ ബാലേന്ദ്ര ഷാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വമ്പന്‍ വാഗ്ദാനങ്ങളാണ് നല്‍കിയത്. നേപ്പാള്‍ ജി ഡി പി 10,000 കോടി ഡോളറായും ആളോഹരി വരുമാനം 3,000 ഡോളറായും ഉയര്‍ത്തുമെന്നും 12 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നുമാണ് ആര്‍ എസ് പി വാഗ്ദാനം. നിലവില്‍ 4,550 കോടി ഡോളര്‍ മാത്രമാണ് ജി ഡി പി. ആളോഹരി വരുമാനമാകട്ടെ 1,447 ഡോളറും. അതായത് അഞ്ച് വര്‍ഷത്തിനകം ജി ഡി പിയും ആളോഹരി വരുമാനവും ഇരട്ടിയായി ഉയര്‍ത്തുമെന്നാണ് വാഗ്ദാനം. അത്യന്തം ദുഷ്‌കരമായ കാര്യമാണത്. നേപ്പാളികള്‍ വന്‍തോതില്‍ ജോലി ചെയ്യുന്ന പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ ഈ രാജ്യത്ത് വലിയ പ്രതിസന്ധിയാണുണ്ടാക്കുക. കാഠ്മണ്ഡു മേയറെന്ന നിലയില്‍ അക്രമാസക്ത കുടിയൊഴിപ്പിക്കല്‍ അടക്കമുള്ള നിരവധി ആക്ഷേപങ്ങള്‍ നേരിട്ടയാളാണ് നിയുക്ത പ്രധാനമന്ത്രി ബാലേന്ദ്ര ഷാ. ഇദ്ദേഹം മുന്നോട്ട് വെക്കുന്ന അരാഷ്ട്രീയ ഭരണക്രമം ഒരു നഗരത്തിന് അനുയോജ്യമായിരിക്കാം. രാജ്യം എത്തിനില്‍ക്കുന്ന സന്ദിഗ്ധ ഘട്ടത്തെ മറികടക്കാന്‍ മാത്രമുള്ള കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടോ? സന്തുലിതമായ വിദേശ നയവും ആഭ്യന്തര സാമ്പത്തിക, രാഷ്ട്രീയ നയവും ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് സാധിക്കുമോ? അതോ ഇച്ഛാഭംഗത്തിന്റെ പടുകുഴിയിലേക്ക് രാജ്യം എടുത്തെറിയപ്പെടുമോ? ശാന്തവും സമൃദ്ധവുമായ അയല്‍ രാജ്യം പുലരട്ടെ.

Latest